in ,

ഇസ്രാഈല്‍ നരനായാട്ട് അവസാനിപ്പിക്കുക; ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി ഖത്തറില്‍ ആയിരങ്ങളുടെ ഒത്തുചേരല്‍

  • ഹമാസ് നേതാവ് ഡോ.ഇസ്മാഇല്‍ ഹനിയ്യ ജനങ്ങളെ അഭിസംബോധന ചെയ്തു
  • ഗാന്ധിയുടെ ചിത്രവും ഇന്ത്യന്‍ പതാകയും
ഡോ. ഇസ്മാഈല്‍ ഹനിയ്യ ചടങ്ങിനെ അഭിസംബോധന ചെയ്യുന്നു (അല്‍ജസീറ ചാനല്‍ വീഡിയോയില്‍ നിന്ന് പകര്‍ത്തിയ ദൃശ്യം)

അശ്‌റഫ് തൂണേരി/വെബ്‌ഡെസ്‌ക്:

”നഹ്്‌നു ഫലസതീന്‍ യാ ഹയ്യാ…യാ ഖത്തര്‍ യാ ബയ്യാ..” ജനങ്ങളേറ്റു വിളിച്ചെങ്കിലും ഹമാസ് രാഷ്ട്രീയ കാര്യമേധാവി ഡോ.ഇസ്മാഈല്‍ ഹനിയ്യ വീണ്ടും പറഞ്ഞു. പോരാ… കൂടുതല്‍ ഉച്ചത്തില്‍ മുഴങ്ങട്ടെ. ഫലസ്തീനു വേണ്ടിയുള്ള ശബ്ദം. ‘നഹ്്‌നു ഫലസതീന്‍ യാ ഹയ്യാ…യാ ഖത്തര്‍ യാ ബയ്യാ..” നമ്മുടെ ഫലസ്തീന് അതിജീവിക്കട്ടെ… ഖത്തര്‍ എന്നും ഉയരങ്ങള്‍ താണ്ടട്ടേ…അവര്‍ തൊണ്ടപൊട്ടുമാറുച്ചത്തില്‍ വിളിച്ചു.

ഫലസ്തീന്‍ പൗരന്മാര്‍ക്ക് നേരെ ഇസ്രാഈല്‍ നടത്തുന്ന നരനായാട്ട് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ദോഹയില്‍ ആയിരങ്ങളുടെ ഒത്തുചേരലായിരുന്നു വേദി. ശനിയാഴ്ച രാത്രി എട്ടോടെ കോര്‍ണിഷിനടുത്തുള്ള അല്‍മുഹന്‍ദിസീന്‍ സ്ട്രീറ്റിലെ ഇമാം അബ്ദുല്‍ വഹാബ്‌ പള്ളി (ഗ്രാന്‍ഡ് മോസ്‌ക്) പരിസരത്ത് ആരംഭിച്ച ഒത്തുചേരല്‍ രാത്രി പത്തുവരെ നീണ്ടു. വിവിധ ഭാഷകളില്‍ ഫലസ്തീനു വേണ്ടിയെഴുതിയ പ്ലക്കാര്‍ഡുകളും ബാനറുകളുമേന്തി വ്യത്യസ്ത ദേശക്കാര്‍ ഒത്തുചേര്‍ന്ന സംഗമം ഇസ്രാഈലിനെതിരെയുള്ള വന്‍പ്രതിഷേധ ചടങ്ങായി മാറി. ഹമാസ് രാഷ്ട്രീയ കാര്യമേധാവി ഡോ.ഇസ്മാഈല്‍ ഹനിയ്യക്കു പുറമെ ആഗോള പണ്ഡിതസഭാ ജനറല്‍സെക്രട്ടറി അലി അല്‍ഖുറദാഗി ഉള്‍പ്പെടെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ”ഈ ഒത്തുചേരലിലൂടെ ഖത്തര്‍ ഒന്നടങ്കം തക്ബീര്‍ മുഴക്കുന്നു. ഫലസ്തീന് വേണ്ടി.” ഇസ്മാഈല്‍ ഹനിയ്യ ജനങ്ങളെ അഭിസംബോധന ചെയ്ത് പറഞ്ഞു. ”ഖത്തറിന് ഫലസ്തീനുമായുള്ളത് ചരിത്രപരമായ ബന്ധമാണ്. അതിന്റെ തുടര്‍ച്ചയായി പിതാവ് അമീറും അമീറും നല്‍കുന്ന പിന്തുണ വാക്കുകള്‍ക്കതീതമാണ്. അവരുടെ മനസ്സില്‍ എന്നും ഫലസ്തീന്‍ ജനതയുണ്ട്. ഗസ്സയുണ്ട്.” അദ്ദേഹം പറഞ്ഞു. തക്ബീര്‍ വിളിക്കാന്‍ ജനങ്ങളെ ആഹ്വാനം ചെയ്താണ് ഇസ്മാഈല്‍ ഹനിയ്യ പ്രസംഗമാരംഭിച്ചത്. അല്ലാഹുഅക്ബര്‍ വിളികളാല്‍ പള്ളി പരിസരം പ്രകമ്പനം കൊണ്ടു.

ഗാന്ധിയുടെ ചിത്രമടങ്ങിയ ബാനറുമായി ഇന്ത്യക്കാര്‍


മഹാത്മാഗാന്ധിയും ഇന്ത്യക്കാരും

ഫലസ്തീന്‍ പതാകയും ഖത്തര്‍ പതാകയും ഒരുമിച്ചേന്തിയാണ് കുട്ടികളും സ്ത്രീകളുമടങ്ങുന്ന വന്‍ ജനാവലിയെത്തിയത്. ദൈവം ഫലസ്തീനെ സഹായിക്കട്ടെ… ഫലസ്തീനെ മോചിപ്പിക്കുക തുടങ്ങിയ പല തരം പ്ലക്കാര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. അറബ് പൗരന്മാരാണ് കൂടുതലുണ്ടായിരുന്നതെങ്കിലും മലയാളികളുള്‍പ്പെടെ ഒത്തുചേരലില്‍ പങ്കാളികളായി. ഗാന്ധിയുടെ ചിത്രമടങ്ങിയ ബാനറും ഇന്ത്യന്‍ പതാകയുമായി ഒത്തുചേരലില്‍ പങ്കെടുത്തവരുമുണ്ടായി.

”ഞങ്ങള്‍ സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടുമ്പോള്‍ അവര്‍ ഞങ്ങളുടെ മൃതദേഹത്തിന് വേണ്ടി ആര്‍ത്തിപൂണ്ടു പായുന്നു…” ഇസ്രാഈല്‍ പുതുതായി അധിനിവേശം നടത്തുന്ന ശൈഖ് ജറാഹില്‍ നിന്നുള്ള യുവ കവിയും എഴുത്തുകാരനുമായ മുഹമ്മദ് അല്‍ഖുര്‍ദിന്റെ വാക്കുകളടങ്ങിയ പ്ലക്കാര്‍ഡുമായെത്തിയത് പയ്യന്നൂര്‍ മണ്ഡലം കെ എം സി സി പ്രസിഡന്റ് സിദ്ധീഖായിരുന്നു. ”ആയിരങ്ങളാണ് പരിപാടിയില്‍ പങ്കെടുത്തത്. പള്ളി പരിസരത്തെത്തുമ്പോള്‍ ആളുകള്‍ തിങ്ങിനിറഞ്ഞിരുന്നു. ഫലസ്തീന് വേണ്ടിയുള്ള ശക്തമായ മുദ്രാവാക്യം വിളികള്‍ ഉച്ചത്തില്‍ കേള്‍ക്കാമായിരുന്നു.” ആയിരങ്ങളോടൊപ്പം പങ്കാളിയായ ഖത്തര്‍ കെ എം സി സി സംസ്ഥാന ആക്ടിംഗ് ജനറല്‍സെക്രട്ടറി റഈസ് പെരുമ്പ ‘മിഡില്‍ ഈസ്റ്റ് ചന്ദ്രിക’ യോട് പറഞ്ഞു

മുഹമ്മദ് അല്‍ഖുര്‍ദിന്റെ വരികളെഴുതിയ പ്ലക്കാര്‍ഡുമായെത്തിയ സിദ്ധീഖ്

ശൈഖ് ജറാഹിനും ഖുദുസിനും ഗസ്സക്കും വേണ്ടി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച അറബ് ഭാഷയിലും ഇംഗ്ലീഷിലുമെഴുതിയ ബാനറുമേന്തിയാണ് സംസ്‌കൃതി ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയംഗം മുഹമ്മദലി ശിഹാബ് കുടുംബസമേതം ഒത്തുചേരലില്‍ പങ്കാളിയായത്.
”അറബ് പൗരന്മാരാണ് കൂടുതലെങ്കിലും ഇന്ത്യക്കാര്‍ ഇന്ത്യന്‍ പതാകയുമായി അണിനിരന്നിരുന്നു. ഗാന്ധിയുടെ ചിത്രമടങ്ങിയ ബാനറും കാണാമായിരുന്നു” ശിഹാബ് പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തറില്‍ പെരുന്നാളാഘോഷം നിയന്ത്രണങ്ങളോടെ; ഫലസ്തീനു വേണ്ടി പ്രാര്‍ത്ഥനാ സമ്പന്നമായി ഈദ്ഗാഹ്

ഖത്തറിനെതിരേയും ഇസ്രാഈല്‍ പരാക്രമം;
ഗസ്സ ഖത്തര്‍ റെഡ്ക്രസന്റ് ആസ്ഥാനത്തും ഹമദ് ബിന്‍ ഖലീഫ ആശുപത്രിക്കും നേരെ ബോംബിട്ടു