Tuesday, July 7ESTD 1934

മൂന്നു പെണ്‍കുട്ടികള്‍ ജീവിതത്തിലേക്ക്; അല്‍ശമ്മാരി ഇപ്പോള്‍ ഹീറോയാണ്

അബ്ദുല്‍റഹ്മാന്‍ അല്‍ശമ്മാരി

ആര്‍.റിന്‍സ്/ദോഹ:

ബീച്ചില്‍ മുങ്ങിത്താണുകൊണ്ടിരിക്കുന്ന മൂന്നു പെണ്‍കുട്ടികളെ രക്ഷിക്കാന്‍ കടലിലേക്ക് എടുത്തുചാടുമ്പോള്‍ അബ്ദുല്‍റഹ്മാന്‍ അല്‍ശമ്മാരി മറ്റൊന്നും ചിന്തിച്ചില്ല. ആ കുട്ടികളുടെ ജീവന്‍ മാത്രമായിരുന്നു ലക്ഷ്യം. പെണ്‍കുട്ടികളുടെ മാതാവിന്റെ നിലവിളിയും സഹായഅഭ്യര്‍ഥനയും കേട്ടുകൊണ്ടാണ് ഖത്തരി യുവാവ്  അല്‍ശമ്മാരി കടല്‍ത്തിരമാലകളെ വകവെക്കാതെ എടുത്തുചാടിയത്. അല്‍മറൂന ബീച്ചിലായിരുന്നു സംഭവം.

ബീച്ചില്‍ അപകടത്തില്‍പ്പെട്ട ആ മൂന്ന് പെണ്‍കുട്ടികളെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന അല്‍ശമ്മാരി ഇപ്പോള്‍ ഹീറോയാണ്. ആംബുലന്‍സ് എത്തുന്നതിനു മുന്‍പുതന്നെ മൂന്നുപേരെയും അല്‍ശമ്മാരിയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തകര്‍ വലിച്ച് കരക്കെത്തിച്ചിരുന്നു. ജൂണ്‍ 25ന് വൈകുന്നേരം ആറിനായിരുന്നു സംഭവം. ഖത്തരി സ്വദേശികളായ മുഹമ്മദ് അല്‍കഅബി, മുഹമ്മദ് അല്‍ദലെമി, ജോര്‍ദാനി സ്വദേശികളായ അലി ഹാദിബ്, അഹമ്മദ് അഫാന, ടുണീഷ്യന്‍ സ്വദേശി ഡോ. നാദിയ ബിന്‍ റമദാന്‍ എന്നിവര്‍ അല്‍ശമ്മാരിക്കൊപ്പം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. അല്‍ശമ്മാരിയുടെ ധീരത സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.  

സാമൂഹികമാധ്യമങ്ങളിലൂടെ നിരവധി പേരാണ് ശമ്മാരിയുടെ പ്രവര്‍ത്തനത്തെ പ്രശംസിച്ചത്. യുവതലമുറക്കാകെ മാതൃകയാണ് ശമ്മാരിയുടെ പ്രവര്‍ത്തിയെന്ന് നിരവധിപേര്‍  ചൂണ്ടിക്കാട്ടി. സ്വന്തം ജീവന്‍ വകവെക്കാതെ സഹജീവികളുടെ ജീവന്‍രക്ഷിക്കാന്‍ എടുത്തുചാടിയ ശമ്മാരിയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്ന് ഒരു സ്വദേശി ട്വിറ്ററിലൂടെ പ്രതികരിച്ചു. ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലുകളും ജാഗ്രതയും പാലിക്കണമെന്ന ആവശ്യവും ഉയരുന്നു. മുങ്ങിമരണ സാധ്യത ഒഴിവാക്കാന്‍ കമ്മ്യൂണിറ്റി അംഗങ്ങള്‍ ബീച്ചുകളും നീന്തല്‍ക്കുളങ്ങളും സന്ദര്‍ശിക്കുമ്പോള്‍ ആവശ്യമായ നടപടികളും മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍  കഴിഞ്ഞദിവസവും മുന്നറിയിപ്പ് നല്‍കിയിരുന്നു. . അവധിയാഘോഷിക്കുന്നതിനായി കടല്‍ത്തീരങ്ങളിലും മറ്റുംപോകുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

താപനിലയും ഹ്യുമിഡിറ്റിയും വര്‍ധിച്ചതോടെ കുട്ടികളും കുടുംബങ്ങളും സ്വിമ്മിങ്പൂളുകളിലും ബീച്ചുകളിലും സന്ദര്‍ശിക്കുന്നുണ്ട്. വീടുകളിലും സ്വിമ്മിങ് പൂളുകളിലും ബീച്ചുകളിലും കടലുകളിലും കുട്ടികളുടെ സുരക്ഷിത്വം ഉറപ്പാക്കാന്‍ രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണം. കുട്ടികള്‍ വെളളത്തില്‍ കുളിക്കാനോ നീന്താനോ മറ്റോ ഇറങ്ങുമ്പോള്‍ മുതിര്‍ന്നവരുടെ നിരീക്ഷണം ഉണ്ടായാല്‍ ഇത്തരം അപകടമരണങ്ങള്‍ തടയാമെന്നും എച്ച്എംസി ചൂണ്ടിക്കാട്ടുന്നു.

error: Content is protected !!