
ദോഹ: ഖത്തറിലെ അല്ശമാലിനടുത്തുള്ള ഫ്രഞ്ച് ബീച്ചില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികളുള്‍പ്പടെ മൂന്ന് ഇന്ത്യക്കാര്‍ മുങ്ങിമരിച്ചു. തമിഴ്നാട് സ്വദേശിയും ദോഹ കിയോ ഇന്‍ര്‍നാഷണല്‍ കണ്‍സള്‍ട്ടന്‍സിയില്‍ ജീവനക്കാരനുമായ ബാലാജി (38) മകന് ബിര്‍ള പബ്ലിക് സ്കൂളിലെ അഞ്ചാംതരം വിദ്യാര്‍ത്ഥി രക്ഷന് (10) സുഹൃത്ത് വൈദ്യനാഥന് വിശ്വനാഥന്റെ മകള്‍ വര്‍ഷിനി വൈദ്യനാഥന് (12) എന്നിവരാണ് മരിച്ചത്. വര്‍ഷിനി ഡി.പി.എസ് മൊണാര്‍ക്ക് സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്.

വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. അവധിദിനത്തില്‍ കടല്തീരത്തെത്തിയതായിരുന്നു കുട്ടികളുള്‍പ്പെടെയുള്ള രണ്ടു കുടുംബാംഗങ്ങള്‍. ബീച്ചിന്റെ ഒരു ഭാഗത്ത് നിന്ന് കുളിച്ചു കൊണ്ടിരിക്കവെ വലിയൊരു തിര പ്രത്യക്ഷപ്പെട്ടതാണ് അപകട കാരണമെന്ന് പറയപ്പെടുന്നു. ബാലാജിയും വര്‍ഷിനിയും സംഭവസ്ഥലത്ത് തന്നെ മരണമടയുകയായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു. രക്ഷന് ദോഹയിലെ സിദ്ര ഹോസ്പിറ്റലില്‍ വെച്ചാണ് മരിച്ചത്. ഖത്തര്‍ തീര രക്ഷാസേനയും പൊലീസും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോവാനുള്ള ശ്രമത്തിലാണെന്നറിയുന്നു.
ഖത്തറിലെ വിവിധ ബീച്ചുകളിലെത്തുന്നവര്‍ കുളിക്കാനിറങ്ങുമ്പോള്‍ ശ്രദ്ധിക്കണമെന്നും കുട്ടികളുള്‍പ്പെടെ അപകടത്തില്‍പെടാനുള്ള സാധ്യതയുണ്ടെന്നും കോസ്റ്റ് ഗാര്‍ഡ് മുന്നറിയിപ്പ് നല്കി.