in

അടുത്തവര്‍ഷം മൂന്നു പുതിയ പാര്‍ക്കുകള്‍ കൂടി തുറക്കും

ദോഹ: അടുത്തവര്‍ഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മൂന്നു പൊതു പാര്‍ക്കുകള്‍ കൂടി തുറക്കും. ഔട്ട്‌ഡോര്‍ ഫിറ്റ്‌നസ് സൗകര്യങ്ങള്‍, കളിസ്ഥലങ്ങള്‍, മറ്റു സൗകര്യങ്ങള്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ച വിശാലമായ പാര്‍ക്കുകളായിരിക്കും തുറക്കുക. അല്‍ഗറാഫ പാര്‍ക്ക്, ഉംഅല്‍സനീം പാര്‍ക്ക്, അല്‍മുന്‍തസ പാര്‍ക്ക്് എന്നിവയാണ് തുറക്കുക. ഗറാഫ, ഉംഅല്‍സനീം പാര്‍ക്കുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങളും അല്‍മുന്‍തസ പാര്‍ക്ക് എന്നറിയപ്പെടുന്ന റൗദത്ത് അല്‍ഖയ്ല്‍ പാര്‍ക്കിന്റെ വികസനപ്രവര്‍ത്തനങ്ങളും കഴിഞ്ഞവര്‍ഷമാണ് തുടങ്ങിയത്.
പൊതുമരാമത്ത് അതോറിറ്റി അശ്ഗാലിന്റെ നേതൃത്വത്തിലാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. മൂന്നു പാര്‍ക്കുകളിലും വിശാലമായ ഹരിത പ്രദേശങ്ങളും നിരവധി മരങ്ങളും ചെടികളുമുണ്ടാകും. സന്ദര്‍ശകര്‍ക്കായി വിപുലമായ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. റെസ്റ്റോറന്റുകള്‍, ഫിറ്റ്‌നസ് ഉപകരണങ്ങള്‍, കുട്ടികള്‍ക്കായി കളിസ്ഥലങ്ങള്‍ എന്നിവയെല്ലാം പാര്‍ക്കുകളിലുണ്ടാകും. സി-റിങ് റോഡില്‍ റൗദത്ത് അല്‍ഖയ്ല്‍ ഏരിയയിലാണ് അല്‍മുന്‍തസ പാര്‍ക്ക്. 1,40,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയിലാണ് പാര്‍ക്ക്. ഹയ്ര്‍ അല്‍സഹ്‌റ സ്ട്രീറ്റിനും വാബ് ലെബര്‍ഗ് സ്ട്രീറ്റിനുമിടയില്‍ 1,30,000 ചതുരശ്രമീറ്ററിലായിട്ടാണ് ഉംഅല്‍സനീം പാര്‍ക്ക്. 1,02,000 ചതുരശ്രമീറ്ററില്‍ ഹരിതസ്ഥലങ്ങളുണ്ടാകും.740 മരങ്ങളാണ് നട്ടുപിടിപ്പിക്കുന്നത്. 1200 മീറ്ററില്‍ കാല്‍നട സൈക്കിള്‍ പാതകളുണ്ട്. 378 കാര്‍പാര്‍ക്കിങി സ്ലോട്ടുകളുമുണ്ട്. ഉംഅല്‍സുബര്‍ സ്ട്രീറ്റില്‍ 50,000 ചതുരശ്രമീറ്ററിലായാണ് അല്‍ഗറാഫ പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. അടുത്തവര്‍ഷം നാലാം പാദത്തില്‍ പാര്‍ക്കുകളുടെ നിര്‍മാണ- വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് പുതിയ പൊതു പാര്‍ക്കുകള്‍ തുറക്കുന്നതിലൂടെ താമസക്കാര്‍ക്ക് ആരോഗ്യകരമായ വിനോദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കൂടുതല്‍ അവസരമൊരുങ്ങുകയും രാജ്യത്തെ ഹരിത പ്രദേശങ്ങള്‍ വിസ്തൃതമാകുകയും ചെയ്യും. ഈ വര്‍ഷം ഫെബ്രുവരിയില്‍ ദേശീയ കായികദിനത്തോടനുബന്ധിച്ച് സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി മൂന്നു പുതിയ പാര്‍ക്കുകള്‍ തുറന്നിരുന്നു. അല്‍ബയ്ത്ത് സ്റ്റേഡിയം, അല്‍ജനൂബ് സ്റ്റേഡിയം, വെസ്റ്റ്‌ബേക്കു സമീപം ഉനൈസയില്‍ അല്‍ഇര്‍സല്‍ സ്റ്റേഷന്‍ പരിശീലന ക്ലസ്റ്റര്‍ എന്നിവിടങ്ങളിലാണ് ഈ പാര്‍ക്കുകള്‍. ഓരോ പാര്‍ക്കിലും ടെന്നീസ്, ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടുകള്‍, കുട്ടികളുടെ കളിസ്ഥലങ്ങള്‍, ജോഗിംഗ്, സൈക്ലിംഗ് ട്രാക്കുകള്‍, തുറസ്സായ സ്ഥലങ്ങള്‍, വ്യായാമ ഉപകരണങ്ങള്‍ എന്നിവയുണ്ട്.
വിവിധതരം വിസ്തീര്‍ണത്തിലുള്ള 95 പൊതു ഉദ്യാനങ്ങളും പാര്‍ക്കുകളുമാണ് നിലവില്‍ രാജ്യത്തുള്ളത്. ഇതില്‍ 18 എണ്ണം ഈ വര്‍ഷം മാത്രം തുറന്നതാണ്. രാജ്യത്തെ പാര്‍ക്കുകളില്‍ ഭൂരിഭാഗവും ദോഹയിലാണ്. 38 പാര്‍ക്കുകളാണ് ദോഹയിലുള്ളത്. അല്‍റയ്യാനില്‍ 29 പാര്‍ക്കുകളുണ്ട്. ഉംസലാലില്‍ അഞ്ചും അല്‍ഷഹാനിയയില്‍ മൂന്നും പാര്‍ക്കുകളാണുള്ളത്. 2023നകം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പുതിയ 78 പൂന്തോട്ടങ്ങളുടെയും പാര്‍ക്കുകളുടെയും നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഗ്രാന്‍ഡ് മോസ്‌ക്കിലേതെന്ന രീതിയില്‍ പ്രചരിക്കുന്ന വീഡിയോ തെറ്റെന്ന് ഔഖാഫ് മന്ത്രാലയം

ദോഹ മെട്രോയുടെ മൂന്ന് സ്‌റ്റേഷനുകളില്‍ സിദ്ര സ്‌റ്റോറുകള്‍ തുറന്നു