
ദോഹ: കൊറൊണ വൈറസ്(കോവിഡ്-19) വ്യാപനത്തിന്റെ സാഹചര്യത്തില്‍ വിവിധ രാജ്യങ്ങള്‍ യാത്രാനിയന്ത്രണങ്ങളേര്പ്പെടുത്തിയതോടെ പ്രതിസന്ധിയിലായ യാത്രക്കാര്‍ക്ക് ഇന്‍ഡിഗോ ഇളവുകള്‍ പ്രഖ്യാപിച്ചു. ടിക്കറ്റുകള്‍ മാറ്റാനാഗ്രഹിക്കുന്നവര്ക്കും റദ്ദാക്കാന്‍ താല്പര്യപ്പെടുന്നവര്ക്കുമായി പുതിയ നയം ഇന്‍ഡിഗോ പ്രഖ്യാപിച്ചു. ഇതുപ്രകാരം ഈ വര്‍ഷം സെപ്തംബര്‍ മുപ്പതിനകം യാത്ര ചെയ്യുന്നതിനായുള്ള നിലവിലുള്ളതും പുതിയതുമായ എല്ലാ ബുക്കിങുകള്‍ക്കും തെരഞ്ഞെടുക്കുന്ന ഏതു തീയതിയിലേക്കും ബുക്കിങ് പുനക്രമീകരിക്കാം. ഇങ്ങനെ മാറ്റുന്നതിനു ഫീസ് ഈടാക്കില്ല. മാറ്റുന്ന തീയതിയിലെ ടിക്കറ്റ് നിരക്ക് ഉയര്‍ന്നതാണെങ്കില്‍ നിരക്ക് വ്യത്യാസം ബാധകമായിരിക്കും. അതായത് നിലവിലെ ബുക്കിങ് തീയതിയിലെ ടിക്കറ്റ് നിരക്കിനേക്കാള്‍ ഉയര്‍ന്ന റേറ്റാണ് പുനക്രമീകരിക്കുന്ന തീയതിയിലെ ടിക്കറ്റ് നിരക്കെങ്കില്‍ അധികതുക നല്‍കേണ്ടിവരും. ഇന്‍ഡിഗോയില്‍ ബുക്ക് ചെയ്ത ടിക്കറ്റ് റദ്ദാക്കുന്നവര്‍ക്ക് റിസര്‍വേഷന്‍ ക്രെഡിറ്റ് നല്‍കും. ഈ വര്‍ഷം ഏപ്രില്‍ മുപ്പത് വരെ യാത്ര ചെയ്യുന്നതിനായുള്ള നിലവിലുള്ളതും പുതിയതുമായ എല്ലാ ബുക്കിങുകളും റദ്ദാക്കുന്നവര്‍ക്കാണ് ഇത്തരത്തില്‍ ക്രെഡിറ്റ് ലഭിക്കുക. ഇന്‍ഡിഗോയുടെ കോള്‍ സെന്റര്‍, എയര്‍പോര്‍ട്ട് കൗണ്ടര്‍, വെബ്സൈറ്റ് എന്നിവ മുഖേന ബുക്കിങ് റദ്ദാക്കുന്നവര്‍ക്ക് ടിക്കറ്റിന്റെ പൂര്ണതുകയുടെ റിസര്‍വേഷന്‍ ക്രെഡിറ്റ് ലഭിക്കും. ട്രാവല്‍ ഏജന്റുമാര്‍ മുഖേനയോ ബുക്കിങ് പ്ലാറ്റ്ഫോമുകള് മുഖേനയോ ആണ് ടിക്കറ്റ് റദ്ദാക്കുന്നതെങ്കിലും ക്രെഡിറ്റ് ലഭിക്കും. ഇതുപയോഗിച്ച് അതേ യാത്രക്കാരന്റെ പേരില്‍ സെപ്തംബര്‍ 30നു മുമ്പുള്ള എതു യാത്രക്കും മറ്റൊരു ബുക്കിങ് നടത്താനാകും.