
ദോഹ: എല്ലാവരും ഐക്യത്തോടെ തുടരുകയും സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ചെയ്താല്‍ കൊറോണ വൈറസ്(കോവിഡ്-19) ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിക്കാമെന്ന് വിഖ്യാത ഖത്തര്‍ ഹൈജമ്പ് താരം മുതാസ് ബര്‍ഷിം.
ടോക്കിയോ ഒളിമ്പിക്‌സ് മുന്‍നിര്‍ത്തിയുള്ള പരിശീലനങ്ങളിലായിരുന്നു താരം. വൈറസ് പടരാതിരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെത്തുടര്‍ന്ന് ഖത്തറിലെ സ്വദേശികളെയും പ്രവാസികളെയും പോലെ ബര്‍ഷിമും ഇപ്പോള്‍ വീട്ടിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. നിയമങ്ങള്‍ പാലിക്കുകയാണ്. ആരോഗ്യവും സുരക്ഷയും വരുമ്പോള്‍ മറ്റൊന്നും പ്രശ്‌നമല്ല.കാരണം ഇത് എല്ലാവരേയും ആശങ്കപ്പെടുത്തുന്ന കാര്യമാണ്, മാത്രമല്ല എല്ലാവരുടെയും സഹകരണവും പിന്തുണയും ആവശ്യമാണ്. ഈ അവസ്ഥയെ മറികടക്കാന്‍ എല്ലാവരും ഐക്യപ്പെടേണ്ടതുണ്ട്- വീട്ടിലിരുന്ന് സംസാരിക്കവെ ബര്‍ഷിം പറഞ്ഞു. ഖത്തര്‍ ട്രിബ്യൂണാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
നിലവിലെ സാഹചര്യം എല്ലാവരേയും ബാധിക്കുന്നുണ്ട്. വ്യത്യസ്ത തൊഴില്‍ മേഖലകളിലെ വ്യത്യസ്ത ജനവിഭാഗങ്ങളില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. ഈ വൈറസ് നമ്മുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം ഓരോരുത്തരും അനുഭവിക്കുകയാണ്- ബര്‍ഷിം ചൂണ്ടിക്കാട്ടി.
കാര്യങ്ങള്‍ ചെയ്യുന്നതിന് നിങ്ങള്‍ക്ക് ഒരു ചെറിയ ഭാവന ആവശ്യമാണെന്ന് പറഞ്ഞുകൊണ്ടാണ് ആരോഗ്യം നിലനിര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ബര്‍ഷിം ഏര്‍പ്പെടുന്നത്. ഈ ദിവസങ്ങളില്‍ തന്റെ സാധാരണ പരിശീലനത്തിലേര്‍പ്പെടാന്‍ കഴിയുന്നില്ലെങ്കിലും പുതിയ സാഹചര്യത്തില്‍ പരമാവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും മികച്ചത് പ്രതീക്ഷിക്കുന്നുണ്ടെന്നും ബര്‍ഷിം പറഞ്ഞു.
രണ്ടുതവണ ലോകചാമ്പ്യനും 2016 റിയോ ഗെയിംസിലെ വെള്ളി മെഡല്‍ ജേതാവുമായ ബര്‍ഷിം ഇപ്പോള്‍ സെല്‍ഫ് ഐസൊലേഷനിലാണ്. തന്റെ ഇപ്പോഴത്തെ ജീവിതചര്യകളെക്കുറിച്ചും ബര്‍ഷിം വിശദീകരിക്കുന്നു. എല്ലാ ദിവസവും ആരംഭിക്കുന്നത് പ്രാര്‍ത്ഥനയോടൊപ്പമാണ്. തുടര്‍ന്ന് പരിശീലനവും വീട്ടിലെ ചില പ്രവര്‍ത്തനങ്ങള്‍ക്കായി സമയം ഉപയോഗിക്കുന്നു. ഓഫീസ് വൃത്തിയാക്കുന്നു. വീട്ടിലെ മറ്റു കാര്യങ്ങളും നിര്‍വഹിക്കുന്നു. മത്സരങ്ങളിലേര്‍പ്പെടുന്നുണ്ട്.
ഇപ്പോള്‍ കൂടുതല്‍ ഇമെയിലുകള്‍ക്ക് മറുപടി നല്‍കാന്‍ കൂടുതല്‍ സമയവും ലഭിക്കുന്നുണ്ട്. പെയിന്റിങിലേര്‍പ്പെടുന്നുണ്ട്. ചുവരിലും പെയിന്റിങ് ചെയ്യുന്നുണ്ട്. പാചകവും ചെയ്യുന്നു- ബര്‍ഷിം പറഞ്ഞു. വീട്ടിലിരിക്കുമ്പോഴും വ്യായാമപ്രവര്‍ത്തനങ്ങള്‍ തുടരണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.