
ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ സ്പര്‍ശന രഹിത(ടച്ച്ലെസ്സ്) സാങ്കേതിക വിദ്യ പരിക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിത്തുടങ്ങി. യാത്രക്കാര്‍ക്ക് സമ്പര്‍ക്ക രഹിതമായി യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അവസരമൊരുക്കകയാണ് ലക്ഷ്യം. സ്പര്‍ശന രഹിത സെല്‍ഫ് ചെക്ക് ഇന്‍, ബാഗേജ് ഡ്രോപ്പ് സംവിധാനങ്ങളുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനമാണ് തുടങ്ങിയിരിക്കുന്നത്.
നിലവിലെ കോവിഡിന്റെ സാഹചര്യത്തില്‍ യാത്രക്കാരുടെയും വിമാനത്താവളത്തിലെ ജീവനക്കാരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുകയെന്നതാണ് ഇത്തരം നടപടികളിലൂടെ ലക്ഷ്യമിടുന്നത്. ഇന്‍ഫ്രാ-റെഡ് സാങ്കേതിക വിദ്യയിലുള്ള ഹാപ്പിഹോവര്‍, സിറ്റ മൊബൈല്‍ സൊലുഷനുകള്‍ ഉപയോഗിച്ചാണ് ലളിതവും വേഗത്തിലുള്ളതുമായ സമ്പര്‍ക്ക രഹിത സെല്‍ഫ് ചെക്ക് ഇന്‍, ബാഗേജ് ഡ്രോപ്പ് സംവിധാനങ്ങള്‍ നടപ്പാക്കിയിരിക്കുന്നത്.
യാത്രക്കാരുടെ വിരലടയാളം തിരിച്ചറിയുന്നതിനായി ഇന്‍ഫ്രാ റെഡ് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഏതെങ്കിലും സ്ക്രീനില്‍ സ്പര്‍ശിക്കേണ്ട സാഹചര്യമുണ്ടാകുന്നില്ല.
യാത്രക്കാരന് സ്വന്തം മൊബൈല്‍ ഉപയോഗിച്ച് ചെക്ക് ഇന്‍ ചെയ്യാം. ആദ്യം ചെക്ക് ഇന്‍ ബൂത്തിന് മുമ്പില്‍ കൃത്യമായ സ്ഥലത്ത് യാത്രക്കാരന് നില്‍ക്കണം. ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്യുകയെന്നതാണ് അടുത്തഘട്ടം. ഇതോടെ വൈഫൈയിലൂടെ മൊബൈല്‍ ഫോണും സിറ്റ റിമോട്ട് കണ്ട്രോള് ആപ്ലിക്കേഷനും കണക്ട് ആകും. ഹാപ്പിഹോവര്‍ സൊലൂഷനിലൂടെ യാത്രക്കാരന്റെ വിരലടയാളം ബൂത്തിലെ സ്ക്രീന്‍ തിരിച്ചറിയും. സിറ്റ സമ്പര്‍ക്ക രഹിത കിയോസ്ക് സൊലൂഷന് ഉപയോഗിച്ച് ബൂത്തിലെ സ്ക്രീനിന്റെ മൗസ് പോയിന്റര്‍ യാത്രക്കാരന് നിയന്ത്രിക്കാനാകുന്ന വിധത്തിലാണ് ക്രമീകരണം. ആപ്പില്‍ കീബോര്‍ഡ് സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. ബൂത്തിലെ സ്ക്രീനില്‍ ടൈപ്പ് ചെയ്യുന്നതിന് പകരം ആപ്പിലെ കീ ബോര്‍ഡില്‍ ടൈപ്പ് ചെയ്താല്‍ മതിയാകും.
പരിശോധനാ കൗണ്ടറുകളിലെ നടപടികളും സ്പര്ശനരിഹതമാക്കുന്നതിനുള്ള ക്രമീകരണങ്ങളുണ്ട്. സുരക്ഷാ ചെക്ക്പോയിന്റുകളില്‍ ഹാന്‍ഡ് ബാഗിനുള്ളിലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പുറത്തെടുക്കാതെ തന്നെ യാത്രക്കാരന്റെ ബാഗിനുള്ളിലെ ഏത് ഉപകരണങ്ങളും വേഗത്തില്‍ തിരിച്ചറിയാനുള്ള അത്യാധുനിക സി2 സുരക്ഷാ പരിശോധനാ സാങ്കേതിക വിദ്യ നേരത്തെ നടപ്പാക്കിയിരുന്നു.
കൂടാതെ ബാക്ടീരിയ പ്രതിരോധ ട്രേകള്‍, അണുവിമുക്തമാക്കുന്നതിനുള്ള ഓട്ടോമേറ്റഡ് യുവി എമിറ്റിങ് മൊഡ്യൂളുകള്‍, അണുവിമുക്ത റോബോട്ടുകള്‍, ബാഗേജുകള്‍ക്കായി അണുവിമുക്ത ടണലുകള്‍ എന്നിവയെല്ലാം ഹമദ് വിമാനത്താവളത്തിന്റെ സവിശേഷതകളാണ്. സമീപകാലയളവില്‍ പിപിഇ കിറ്റ് ഉള്‍പ്പെടെയുള്ള കോവിഡ്-19 പ്രതിരോധ ഉത്പന്നങ്ങളുടെ വില്‍പ്പനക്കായി സെല്‍ഫ് കിയോസ്കുകളും സ്ഥാപിച്ചത്.