ദോഹ: ലോകകപ്പ് കിരീടം നേടിയ ശേഷം ഖത്തറിലെത്തുന്ന അര്‍ജന്റീനയുടെ ഇതിഹാസ താരം ലയണല്മെസ്സിയേയും ആവേശപ്പോരാട്ടത്തില്‍ റണ്ണര്അപ്പായെങ്കിലും ടോപ് സ്കോററായ കിലിയന്‍ എംബാപ്പയേയും ബ്രസീലിന്റെ സൂപ്പര്‍താരം നെയ്മറേയും മൊറോക്കോയുടെ ആവേശം അഷ്റഫ് ഹക്കീമിയേയും മറ്റ് പി.എസ്.ജി താരങ്ങളേയും ഒരുമിച്ച് കാണാന്‍ ആരാധകര്‍ക്ക് അവസരം.
സഊദിഅറേബ്യയില്‍ നടക്കുന്ന സൗഹൃദ മത്സരത്തിന്റെ മുന്നോടിയായി ഖത്തറിലെത്തുന്ന പി.എസ്.ജി ടീം അംഗങ്ങളെ കാണാനാണ് പൊതുജനങ്ങള്‍ക്ക് അവസരമൊരുങ്ങുന്നത്. ഈ മാസം പതിനെട്ടിന് വൈകീട്ട് ആറര മുതല്‍ ഏഴര വരേയാണ് ഖലീഫാ രാജ്യാന്തര സ്റ്റേഡിയത്തില്‍ ഇവരുടെ പരിശീലന പരിപാടി. ഇരുപത് റിയാലിന് ക്യു ടിക്കറ്റ് പ്ലാറ്റ്ഫോമില്‍ ടിക്കറ്റ് ലഭ്യമാണ്.
15,000ത്തിലധികം ടിക്കറ്റുകള്‍ വില്‍പ്പനക്കുണ്ട്. അയ്യായിരത്തോളം ആസ്പെയര് അക്കാദമി അംഗങ്ങളായ കുട്ടികളും രക്ഷിതാക്കളും 300 സ്പോണ്‍സര്‍മാരുടെ പ്രതിനിധികളും ചടങ്ങില്‍ സംബന്ധിക്കും. പൊതുജനങ്ങള്‍ക്കായി വൈകീട്ട് 4 മുതല്‍ സ്റ്റേഡിയം കവാടം തുറക്കുമെന്നും വി.ഐ.പി, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി വൈകീട്ട് 5-നാണ് പ്രവേശനമെന്നും പാരിസ് സെന്റ് ജെര്മെയ്ന് (പി.എസ്.ജി) വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഖത്തര്‍ എയര്‍വേസ്, എക്കോര്‍ ലൈവ് ലിമിറ്റ്ലസ് (എ.എല്‍.എല്‍), ഖത്തര്‍ ടൂറിസം, ഖത്തര്‍ നാഷനല്‍ ബാങ്ക്, ഉരീദു, ആസ്പെറ്റാര് തുടങ്ങിയവയാണ് ഖത്തറിലെ സ്പോണ്‍സര്‍മാര്‍. ഖത്തറിലെ സന്ദര്‍ശനത്തിന് ശേഷം സഊദിഅറേബ്യയിലേക്ക് പറക്കുന്ന സംഘം 19ന് ടീം സൗദിയില്‍ അല്‍ ഹിലാല്‍ ക്ലബിലെയും അല്‍ നസ്ര് ക്ലബിലെയും താരങ്ങള്‍ അണിനിരക്കുന്ന ഓള് സ്റ്റാര്‍ ഇലവനുമായി സൗഹൃദ മത്സരം കളിക്കും.
മെസ്സിയും നെയ്മറും എംബാപ്പെയുമുള്ള ടീമിനെതിരെ പോര്‍ച്ചുഗല്‍ സൂപ്പര്‍ സ്െ്രെടക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളത്തിലിറങ്ങുന്ന മത്സരം കൂടിയാണിത്. ഇപ്പോള്‍ അല്നസ്ര് ക്ലബ് താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍നിന്ന് പടിയിറങ്ങിയ ശേഷം ലോക റെക്കോര്‍ഡ് തുകക്കാണ് സൗദി ക്ലബിലെത്തിയത്. ഖത്തര്‍ ലോകകപ്പിന് ശേഷം ലോക താരങ്ങള്‍ അണിനിരക്കുന്ന ഈ മത്സരം ഇതിനകം ലോകശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.
ജനുവരി 19 വ്യാഴാഴ്ച വൈകീട്ട് റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തില്‍ നടക്കുന്ന സൗഹൃദ മത്സരത്തിന്റെ ടിക്കറ്റുകള്‍ ദിനങ്ങള്‍ മുമ്പു തന്നെ വിറ്റുതീര്‍ന്നിരുന്നു. 68,752 പേരെ ഉള്‍ക്കൊള്ളാനാവുന്ന സ്റ്റേഡിയമാണ് കിംഗ് ഫഹദ്. ലോക ആരാധകര്‍ക്ക് കളി ലൈവായി ഓണ്‍ലൈനിലും ചാനലിലും കാണാനുള്ള സൗകര്യം സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. പി.എസ്.ജി ടിവി, പി.എസ്.ജി സോഷ്യല്‍ മീഡിയ, ബീന്‍ സ്പോര്‍ട്സ് നെറ്റ്വര്‍ക്ക് മുഖേനയും മത്സരം തത്സമയ സംപ്രേക്ഷണമുണ്ടാവും.
ഖലീഫാ സ്റ്റേഡിയത്തിലെ ചടങ്ങില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം: https://events.q-tickets.com/eventDetail/3916179104/Paris%20Saint-Germain%20Open%20Training%20Session