in

ക്വാറന്റൈന്‍ ഹോട്ടല്‍ ബുക്കിംഗിന് മുമ്പ് യാത്രാ പദ്ധതി ഉറപ്പാക്കണം

ദോഹ: ഖത്തറിലേക്ക് മടങ്ങുന്നതിനുള്ള യാത്രാപദ്ധതി ഉറപ്പാക്കിയശേഷം മാത്രമായിരിക്കണം ഹോട്ടല്‍ ക്വാറന്റൈന്‍ ബുക്ക് ചെയ്യേണ്ടതെന്ന് ഡിസ്‌ക്കവര്‍ ഖത്തര്‍ വ്യക്തമാക്കി. ഓഗസ്റ്റില്‍ ക്വാറന്റൈനായി ഹോട്ടല്‍ സൗകര്യത്തിന്റെ ലഭ്യത പരിമിതമാണെന്നും ഡിസ്‌ക്കവര്‍ ഖത്തര്‍ ചൂണ്ടിക്കാട്ടി. ദോഹയിലെ വിവിധ ഹോട്ടലുകളില്‍ ക്വാറന്റൈനായി ഹോം പാക്കേജുകള്‍ ബുക്ക് ചെയ്യുന്നതില്‍ ഭേദഗതി വരുത്തി. ഓഗസ്റ്റ് 20നുശേഷം ബുക്ക് ചെയ്തിട്ടുള്ള ഹോട്ടല്‍ ക്വാറന്റൈനില്‍ ഭേദഗതി വരുത്താന്‍ കഴിയില്ല. ഒരു തവണ ബുക്കിങ് നടത്തിക്കഴിഞ്ഞാല്‍ പിന്നീട് തീയതി മാറ്റാനാകില്ല.
തുക മടക്കിനല്‍കുകയുമില്ല. അതുകൊണ്ടുതന്നെ യാത്ര ഉറപ്പാക്കിയശേഷം എല്ലാ കാര്യങ്ങളും ബോധ്യമായശേഷം മാത്രമായിരിക്കണം ക്വാറന്റൈന്‍ പാക്കേജ് ബുക്ക് ചെയ്യേണ്ടത്. അതേസമയം എയര്‍ലൈനിന്റെ ഭാഗത്തുനിന്നും വിമാനം റദ്ദാക്കിയാല്‍ ബുക്കിങില്‍ ഭേദഗതിക്ക് ഇളവ് അനുവദിക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ ബുക്കിങ് തീയതികള്‍ ഒരിക്കല്‍ മാത്രം ഭേദഗതി ചെയ്യാന്‍ അര്‍ഹതയുണ്ടാകും.
ഹോട്ടല്‍ ലഭ്യതക്കും പ്രതിദിന മടങ്ങിവരവ് പരിധിക്കും വിധേയമായിട്ടായിരിക്കും പുതിയ ക്വാറന്റൈന്‍ പാക്കേജ് ബുക്കിങ് അനുവദിക്കുക. ബുക്കിങില്‍ ഭേദഗതിവരുത്തുമ്പോള്‍ പാക്കേജിന്റെ വിലയില്‍ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കില്‍ ആ തുകയും അടക്കേണ്ടിവരും. നേരത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ ബുക്കിങ് ചെയ്യുന്നവര്‍ക്ക് തീയതികള്‍ മാറ്റുന്നതിനോ റീഫണ്ടിനോ അവസരമുണ്ടായിരുന്നു. ആ സംവിധാനത്തിലാണ് ഇപ്പോള്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. ചിലരെങ്കിലും യാത്രാ പദ്ധതി അന്തിമമാക്കുന്നതിന് മുമ്പ് ഹോട്ടലുകള്‍ ബുക്ക് ചെയ്യുന്ന പ്രവണതയുമുണ്ടായിരുന്നു. രാജ്യത്തിനു പുറത്തു കുടുങ്ങിയ പ്രവാസികള്‍ മടങ്ങിയെത്താന്‍ തുടങ്ങിയതോടെ ഹോട്ടല്‍ ബുക്കിങിനുള്ള ആവശ്യകത വളരെയധികം വര്‍ധിച്ചിട്ടുണ്ട്. ഖത്തര്‍ പോര്‍ട്ടല്‍ മുഖേന എക്‌സപ്ഷണല്‍ എന്‍ട്രി പെര്‍മിറ്റ് ലഭിക്കുന്നവര്‍ക്കാണ് ഖത്തറിലേക്ക് പ്രവേശനാനുമതി.
ഖത്തറിലേക്ക് മടങ്ങിയെത്താന്‍ താല്‍പര്യപ്പെടുന്ന റസിഡന്‍സ് പെര്‍മിറ്റുള്ളവര്‍ തങ്ങളുടെ യാത്രാ പദ്ധതി ഉറപ്പിച്ച് ആവശ്യമായ അംഗീകാരങ്ങള്‍ നേടിയ ശേഷം മാത്രമായിരിക്കണം ഹോട്ടലുകള്‍ ബുക്ക് ചെയ്യേണ്ടത്. ഓഗസ്റ്റില്‍ ഹോട്ടല്‍ ലഭ്യത വളരെ പരിമിതമാണ്. ലഭ്യത കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ സെപ്തംബറിലെ ഹോട്ടല്‍ ലഭ്യത പരിശോധിക്കണം- ഡിസ്‌ക്കവര്‍ ഖത്തര്‍ ചൂണ്ടിക്കാട്ടി. വെബ്‌സൈറ്റിലെ എല്ലാ വിവരങ്ങളും പരിശോധിച്ച് മനസിലാക്കിയശേഷമായിരിക്കണം വെല്‍കം ഹോം പാക്കേജ് ബുക്ക് ചെയ്യേണ്ടത്. അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക്് ഹോം ക്വാറന്റൈന്‍ അനുമതിയുണ്ട്.
അവര്‍ക്ക് ഹോട്ടല്‍ ബുക്കിങ്് ആവശ്യമില്ല. കുറഞ്ഞ അപകടസാധ്യതയുള്ള രാജ്യങ്ങളുടെ പട്ടിക പൊതുജനാരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചുവരുന്നു. ഇത് ഓരോ രണ്ടാഴ്ച കൂടുമ്പോഴും നവീകരിക്കുന്നുണ്ട്.
ഖത്തറിലേക്ക് പ്രവേശനത്തിന് ദിവസേന പരിധി നിശ്ചയിച്ചിട്ടുണ്ട്. മടങ്ങിയെത്തുന്നതിനായി ആവശ്യകത വളരെയധികം വര്‍ധിക്കുകയും ചെയ്യുന്നു. നിങ്ങള്‍ ലഭ്യതക്കായി തിരയുകയും ഹോട്ടലുകളൊന്നും ലഭ്യമാവുകയും ചെയ്യുന്നില്ലെങ്കില്‍ ദൈനംദിന വരവ് പരിധിയിലെത്തിയതുകൊണ്ടായിരിക്കാം.
ആ സാഹചര്യത്തില്‍ യാത്രക്കായി മറ്റൊരു തീയതി തെരഞ്ഞെടുക്കുകയാണ് വേണ്ടതെന്ന് ഡിസ്‌ക്കവര്‍ ഖത്തറിന്റെ വെബ്‌സൈറ്റില്‍ ചൂണ്ടിക്കാട്ടി. ഖത്തറിലേക്കു മടങ്ങുമ്പോള്‍ എന്‍ട്രി പെര്‍മിറ്റ്, ഡിസ്‌ക്കവര്‍ ഖത്തര്‍ ഹോട്ടല്‍ വൗച്ചര്‍, വിമാനടിക്കറ്റ് അടക്കമുള്ള യാത്രാ രേഖകള്‍ എന്നിവ കൈവശമുണ്ടായിരിക്കണം. ഇവയില്ലെങ്കില്‍ വിമാനത്തില്‍ കയറാന്‍ കഴിയില്ല.
യാത്രാതീയതിയും ഹോട്ടല്‍ ചെക്ക് ഇന്‍ തീയതിയും പൊരുത്തപ്പെടണം. ഹോം ക്വാറന്റൈന് അനുമതിയുള്ളവര്‍ക്കും ആവശ്യമെങ്കില്‍ പണം നല്‍കി ഹോട്ടല്‍ ക്വാറന്റൈന്‍ ബുക്ക് ചെയ്യുന്നതിന് അനുമതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഡിസ്‌ക്കവര്‍ ഖത്തര്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഇന്നത്തെ (2020 ഓഗസ്റ്റ് 24) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…

കത്താറ അറബിക് നോവല്‍: ഗാലിബ് തുമ ഫര്‍മാന്‍ പേഴ്‌സണ്‍
ഓഫ് ദി ഇയര്‍