ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കു യാത്ര ചെയ്യുന്നവര്‍ ഖത്തറിന്റെ യാത്രാ, പ്രവേശന, ക്വാറന്റൈന് നയങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ മനസിലാക്കിയിരിക്കണം. ഇതിനായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കണം. ബന്ധപ്പെട്ട എയര്‍ലൈനില്‍ നിന്നും കൃത്യമായ വിവരങ്ങള്‍ ഉറപ്പാക്കണം.ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കെത്തുന്നവര്ക്കുള്ള യാത്രാ പ്രവേശന, ക്വാറന്റൈന് നയം സംബന്ധിച്ച് പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ ഇന്ത്യന്‍ എംബസിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ഖത്തര്‍ അംഗീകൃത കോവിഡ് പ്രതിരോധ വാക്സിനേഷന് പൂര്‍ത്തിയാക്കിയവര്‍ക്കുള്ള ക്വാറന്റൈന് നയങ്ങളില്‍ മാറ്റംവരുത്തിയെന്നായിരുന്നു സോഷ്യല്‍ മീഡിയയിലൂടെയും മറ്റും വ്യാജവാര്‍ത്തകള്‍ പ്രചരിച്ചത്.. ഖത്തറിന്റെ കൃത്യമായ പ്രവേശന, ക്വാറന്റൈന് സംബന്ധമായ വിവരങ്ങള്‍ മനസിലാക്കുന്നതിന് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കണമെന്നും എംബസി ആഹ്വാനം ചെയ്തു. വെബ്സൈറ്റ് ലിങ്ക്- https://covid19.moph.gov.qa/EN/travel-and-return-policy/Pages/default.aspx. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്തകള്‍ മാത്രമായിരിക്കണം ആശ്രയിക്കേണ്ടത്. ഖത്തറിലേക്ക് തിരിക്കുന്നതിനു മുന്‍പ് പ്രവേശന, ക്വാറന്റൈന് മാനദണ്ഡങ്ങളെക്കുറിച്ച് ബന്ധപ്പെട്ട എയര്‍ലൈനുകളില്‍ നിന്നും കൃത്യമായ വിവരങ്ങള്‍ മനസിലാക്കിയിരിക്കണമെന്നും എംബസി നിര്‍ദേശിച്ചു. കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകളുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്തകള്‍ മാത്രമായിരിക്കണം ആശ്രയിക്കേണ്ടതെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയവും അറിയിച്ചു. യഥാര്‍ഥവും വസ്തുതാപരവുമായ വിവരങ്ങള്‍ക്കായി മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് (https://covid19.moph.gov.qa/EN/Pages/default.aspx) സന്ദര്‍ശിക്കണം. അനൗദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുള്ള വാര്‍ത്തകളും വിവരങ്ങളും കണക്കിലെടുക്കരുതെന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.
വാക്സിനേഷന് പൂര്‍ത്തിയാക്കിയവര്‍ക്ക്
- ഖത്തര്‍ അംഗീകൃത കോവിഡ് വാക്സിന് സ്വീകരിച്ച് പതിനാല് ദിവസം കഴിഞ്ഞവര്‍ക്ക് ഖത്തറിലേക്ക് തിരിച്ചെത്തുമ്പോള്‍ ഹോട്ടല്‍ ക്വാറന്റൈന് വേണ്ട.
- ഖത്തറില്‍ കഴിഞ്ഞ പന്ത്രണ്ട് മാസത്തിനിടെ കോവിഡ് രോഗമുക്തരായവര്‍ക്കും ക്വാറന്റൈന് ആവശ്യമില്ല. എന്നാല്‍ ഇവര്‍ക്ക് രോഗലക്ഷണങ്ങളുണ്ടാകാന്‍ പാടില്ല. കൂടാതെ പിസിആര്‍ പരിശോധനാഫലം നെഗറ്റീവായിരിക്കണം.
- 0- 17 വയസുവരെ പ്രായമുള്ള കുട്ടികള്‍ ദോഹയിലേക്ക് വാക്സിനേഷന് പൂര്‍ത്തിയാക്കിയ രക്ഷിതാക്കള്‍ക്കൊപ്പമാണ് മടങ്ങിയെത്തുന്നതെങ്കില്‍ പത്തുദിവസം ഹോം ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതി
വാക്സിനെടുക്കാത്തവര്‍
ഭാഗികമായി വാക്സിനെടുത്തവര്‍ അതായത് ഒരുഡോസ് മാത്രമെടുത്തവര്‍, വാക്സിനേഷന് പൂര്‍ത്തിയാക്കി പതിനാല് ദിവസം പിന്നിട്ടിട്ടില്ലാത്തവര്‍, ഖത്തറില്‍ അംഗീകാരമില്ലാത്ത വാക്സിന് സ്വീകരിച്ചവര്‍(ഇന്ത്യയിലെ കോവാക്സിന് ഖത്തറില്‍ അംഗീകാരമില്ല) എന്നിവര്‍ക്ക ഖത്തറില്‍ പത്തു ദിവസം ഹോട്ടല്‍ ക്വാറന്റൈന് നിര്‍ബന്ധമാണ്. ഇന്ത്യ ഉള്‍പ്പടെ റെഡ് രാജ്യങ്ങളുടെ പട്ടികയില്‍പ്പെട്ട സ്ഥലങ്ങളില്‍നിന്നും വരുന്ന ഗര്ഭണികള്, മുലയൂട്ടുന്ന അമ്മമാര്‍, 75 വയസിനു മുകളില്‍ പ്രായമുള്ളവര്‍ തുടങ്ങി എല്ലാവര്ക്കും പത്തു ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന് നിര്‍ബന്ധമാണ്. ഇവര്‍ ഡിസ്കവര് ഖത്തര്‍ മുഖേന പത്തുദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന് പാക്കേജ് ബുക്ക് ചെയ്യണം.
വിസിറ്റ് വിസയിലെത്തുന്ന വാക്സിനേഷന് പൂര്‍ത്തിയാക്കിയവര്‍
ഖത്തര്‍ അംഗീകൃത കോവിഡ് വാക്സിന് സ്വീകരിച്ച് പതിനാല് ദിവസം കഴിഞ്ഞവര്‍ക്ക് ഖത്തറിലേക്ക് തിരിച്ചെത്തുമ്പോള്‍ ഹോട്ടല്‍ ക്വാറന്റൈന് വേണ്ട.
വാക്സിനെടുക്കാത്തവര്‍(വിസിറ്റ് വിസ)
ഖത്തര്‍ അംഗീകൃത വാക്സിനേഷന് പൂര്‍ത്തിയാക്കിയവര്‍ക്കോ രോഗമുക്തരായവര്ക്കോ മാത്രമാണ് വിസിറ്റ് വിസയില്‍ ഖത്തറില്‍ പ്രവേശനം. ഇന്ത്യ ഉള്‍പ്പടെ റെഡ് പട്ടികയില്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നും യാത്ര ചെയ്യുന്ന പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും ഇളവുകളില്ല. 11വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് ഖത്തറില്‍ പ്രവേശന അനുമതിയില്ല. 12നും 17വയസിനുമിടയില്‍ പ്രായമുള്ള കുട്ടികളുടെ കാര്യത്തില്‍ ഇന്ത്യയില്‍ നിന്നും വരുന്നവര്‍ ഖത്തര്‍ അംഗീകൃത വാക്സിനേഷന് പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കില്‍ ക്വാറന്റൈന് ഇല്ലാതെ ഖത്തറില്‍ പ്രവേശനാനുമതി ലഭിക്കും. വാക്സിനെടുത്തിട്ടില്ലെങ്കില്‍ ഇവര്‍ക്കും പ്രവേശനമുണ്ടാകില്ല.
ഖത്തറിലേക്ക് യാത്ര ചെയ്യുന്നതിനു മുന്‍പ് ശ്രദ്ധിക്കേണ്ടത്
എല്ലാ യാത്രക്കാരും ഖത്തറില്‍ എത്തിച്ചേരുന്ന സമയം കണക്കാക്കി 72 മണിക്കൂറിനുള്ളിലെ നെഗറ്റീവ് ആര്‍ടിപിസിആര്‍ കരുതണം. അംഗീകൃത മെഡിക്കല്‍ സെന്ററിലായിരിക്കണം പരിശോധന നടത്തേണ്ടത്. ഖത്തറിലേയ്ക്ക് കര, വ്യോമ, സമുദ്ര മാര്‍ഗം എത്തുന്ന യാത്രക്കാര്‍ ഇഹ്തെരാസ് വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയും ആവശ്യമായ ഔദ്യോഗിക രേഖകള്‍ അപ്ലോഡ് ചെയ്യുകയും വേണം. ഇത് നിര്‍ബന്ധമല്ല. ഖത്തര്‍ അംഗീകൃത വാക്സിന് രണ്ടാംഡോസെടുത്ത് പതിനാല് ദിവസം മുതല്‍ പന്ത്രണ്ട് മാസത്തേക്കായിരിക്കും ക്വാറന്റൈന് ഇളവ് ലഭിക്കുക.
ഖത്തര്‍ അംഗീകൃത വാക്സിനുകള്‍
ഫൈസര്‍ ബയോടെക്, മൊഡേണ, ഓക്സ്ഫോര്‍ഡ് ആസ്ട്രാസെനകയുടെ കോവിഷീല്‍ഡ്, വാക്സ്സെഫെരിയ, ജോണ്സണ് ആന്റ് ജോണ്സണ് എന്നിവയാണ് ഖത്തര്‍ ആരോഗ്യമന്ത്രാലയം അംഗീകരിച്ചിരിക്കുന്നത്. കൂടാതെ സിനോഫോം വാക്സിന് വ്യവസ്ഥകള്‍ക്ക് വിധേയമായി അംഗീകാരമുണ്ട്. ഈ വാക്സിനെടുത്തിട്ടുള്ളവര് തിരിച്ചെത്തുമ്പോള്‍ ആന്റിബോഡി പരിശോധനക്ക് വിധേയരാകണം.
ശ്രദ്ധിക്കേണ്ടത്
ഇന്ത്യ ഉള്‍പ്പടെ റെഡ് പട്ടികയില്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നും വരുന്ന അംഗീകൃത വാക്സിനേഷന് പൂര്‍ത്തിയാക്കിയവര്‍ തിരിച്ചെത്തുമ്പോള്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ വെച്ചോ ചില കേസുകളില്‍ പിഎച്ച്സിസി ഹെല്‍ത്ത് സെന്ററില്‍ 36 മണിക്കൂര്‍ സമയപരിധിക്കുള്ളിലോ ആവര്‍ത്തിച്ചുള്ള ആര്‍ടിപിസിആര്‍ പരിശോധനക്ക് വിധേയരാകണം. ഒരാള്‍ക്കുള്ള പരിശോധനാനിരക്ക് 300 റിയാലാണ്. യാത്രക്കാരന്റെ ചെലവിലായിരിക്കും പരിശോധന. പരിശോധനാഫലം പോസിറ്റീവാണെങ്കില്‍ യാത്രക്കാരന് ഐസൊലേഷന്‍ പ്രോട്ടോക്കോള്‍ പാലിക്കണം. ഊരിദൂ, വോഡാഫോണ്‍ എന്നിവയിലേതെങ്കിലുമൊരു സിം കാര്‍ഡ് ഉപയോഗിച്ച് മൊബൈല്‍ ഫോണില്‍ ഇഹ്തെരാസ് ആപ്പ് രജിസ്റ്റര്‍ ചെയ്യുകയും ആക്ടിവേറ്റ് ചെയ്യുകയും വേണം.