in

കോവിഡ് രോഗികള്‍ക്ക് ചികിത്സയും പരിചരണവും: മാതൃകയായി ഖത്തര്‍

ദോഹ: കൊറോണ വൈറസ്(കോവിഡ്-19) രോഗികള്‍ക്ക് ഖത്തര്‍ മികച്ച ചികിത്സയും പരിചരണവുമാണ് നല്‍കുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. ഇക്കാര്യത്തില്‍ ലോകത്തിനു തന്നെ മാതൃകയാണ് ഖത്തര്‍. എല്ലാ രോഗികളും ദേശവ്യത്യാസമില്ലാതെ ഉയര്‍ന്ന നിലയിലുള്ള ചികിത്സയും പരിചരണവുമാണ്് ലഭ്യമാക്കുന്നത്. ഖത്തറില്‍ മികച്ച സൗകര്യങ്ങളും പരിചരണവുമാണ് കോവിഡ് രോഗികള്‍ക്ക് ലഭിക്കുന്നതെന്ന് ആരോഗ്യവിദഗ്ദ്ധരും ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ ഒരുലക്ഷത്തോളം രോഗികളില്‍ കേവലം 8000ലധികം പേര്‍ ഒഴികെയുള്ളവര്‍ രോഗമുക്തരായത് രാജ്യത്തിന്റെ ചികിത്സാ സംവിധാനത്തിന്റെ മികവിന്റെ ഉദാഹരണമാണ്. കോവിഡ് രോഗികള്‍ക്കായി പകര്‍ച്ചവ്യാധി ചികിത്സാ കേന്ദ്രത്തിലെ(സിഡിസി) ഐസൊലേഷന്‍ റൂമുകളില്‍ മികച്ച സൗകര്യങ്ങളാണുള്ളത്. എയര്‍ഫില്‍ട്ടറേഷന്‍ സംവിധാനമുള്ള നെഗറ്റീവ് പ്രഷര്‍ റൂമാണിത്. ഒരു മുറിയില്‍ നിന്നും മറ്റൊന്നിലേക്ക് മലിനീകരണം പകരുന്നത് തടയാന്‍ സാധാരണയായി ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണ് റൂമിലുള്ളത്. വൈറസ് പകരുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. സിഡിസിക്കു പുറമെ കോവിഡ് ചികിത്സക്കായി നിശ്ചയിച്ചിട്ടുള്ള ഹസം മുബൈരീഖ് ജനറല്‍ ആസ്പത്രിയിലോ മറ്റു ആരോഗ്യ സൗകര്യങ്ങളിലോ രോഗിയെ ഐസൊലേഷനിലേക്ക് മാറ്റും. മെഡിക്കല്‍ ടീം രോഗിയുടെ ആരോഗ്യ പരിശോധന നടത്തുകയും കേസ് നിര്‍ണ്ണയിക്കുകയും ചെയ്യും. രോഗിയുടെ മെഡിക്കല്‍ ചരിത്രം പഠനവിധേയമാക്കും. ഹൃദയസംബന്ധമായ അസുഖങ്ങള്‍, പ്രമേഹം, ആസ്ത്മ തുടങ്ങി വിട്ടുമാറാത്ത രോഗങ്ങളുണ്ടോയെന്ന് മനസിലാക്കും. അതുപോലെതന്നെ രോഗം ഏതു ഘട്ടത്തിലാണെന്നും സങ്കീര്‍ണതകളും നിര്‍ണയിക്കും. ശ്വസിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ, രോഗിക്ക് കൃത്രിമ റെസ്പിറേറ്റര്‍ ആവശ്യമുണ്ടോ എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിശോധിക്കും. ന്യുമോണിയ ഉണ്ടോ ഇല്ലയോ എന്ന് കണ്ടെത്തുന്നതിന് ആവശ്യമെങ്കില്‍ എക്‌സ്‌റേ എടുക്കും. വൈറസ് നിര്‍ണയിക്കുന്നതിനായി തൊണ്ടയില്‍ നിന്നുള്ള സാമ്പിള്‍ വായിലൂടെയും മൂക്കിലൂടെയും എടുക്കും. പരിശോധനാഫലങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ ലഭിക്കും. സീറോളജിക്കല്‍ പരിശോധനക്കായി സിറം സാമ്പിളും എടുക്കും. അഞ്ചു ദിവസത്തെ ക്ലോറോക്വീന്‍ ചികിത്സയും ആന്റിപൈററ്റിക്‌സും നിര്‍ദേശിക്കും. രോഗിയുടെ കുടുംബത്തിന് ആവശ്യമായ പരിശോധനകള്‍ നടത്തുകയും അവരുടെ കുടുംബത്തിന്റെയും അടുത്ത വ്യക്തികളുടെയും കേസുമായി ബന്ധപ്പെട്ടിരിക്കുന്ന എല്ലാവരുടെയും ആരോഗ്യം നിരീക്ഷിക്കുകയും ചെയ്യും. രോഗിയുടെ അവസ്ഥയെയും രോഗവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളെയും ആശ്രയിച്ച് രോഗിയുടെ മെഡിക്കല്‍ ഐസൊലേഷന്‍ കാലയളവ് മൂന്നാഴ്ചയോ അതില്‍ കൂടുതലോ ആകാം. തുടര്‍ന്ന് രോഗിയെ ക്വാറന്റൈനിലേക്ക് മാറ്റും. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ പ്ലാസ്മ ഡൊണേഷന്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. കോവിഡില്‍ നിന്നും മുക്തരായവരില്‍ നിന്നും പ്ലാസ്്മ ശേഖരിച്ചശേഷം നിലവില്‍ വൈറസിന് ചികിത്സയിലിയിരിക്കുന്നവര്‍ക്ക് നല്‍കുന്നു. വീണ്ടെടുക്കപ്പെട്ട രക്ത പ്ലാസ്മയില്‍ അടങ്ങിയിരിക്കുന്ന ആന്റിബോഡികള്‍ ചികിത്സയില്‍ കഴിയുന്ന രോഗികളില്‍ വൈറസിനെ പ്രതിരോധിക്കാന്‍ സഹായകമാണെന്നാണ് കണ്ടെത്തല്‍. കോവിഡ് സ്ഥിരീകരിക്കുന്നതിനായി സമഗ്രമായ പരിശോധനയാണ് നടത്തുന്നത്.
എച്ച്എംസിയുടെ ലബോറട്ടറി മെഡിസിന്‍, പതോളജി വകുപ്പുമായി ബന്ധപ്പെട്ട ലബോറട്ടറികളിലാണ് പരിശോധന. ആധുനിക ലബോറട്ടറി സാങ്കേതികവിദ്യകളും ഉപയോഗിക്കുന്നുണ്ട്. കൊറോണ വൈറസ് കണ്ടെത്തുന്നതിനായി പരിശോധനകള്‍ വര്‍ധിപ്പിക്കുന്നുണ്ട്. കേന്ദ്ര ലബോറട്ടറികളുടെ പുതിയ വിപുലീകരണത്തിലൂടെ ദിനംപ്രതി ധാരാളം പരിശോധനകള്‍ നടത്താനാകുന്നു. കോവിഡ് കേസുകള്‍ കണ്ടത്തുന്നതില്‍ എച്ച്എംസി ലാബിന്റെ ക്ഷമത വര്‍ധിപ്പിക്കാനായിട്ടുണ്ടെന്ന് എച്ച്എംസി ലബോറട്ടറി മെഡിസിന്‍ ആന്റ് പതോളജി വിഭാഗം ചെയര്‍മാന്‍ ഡോ.ഇനാസ് അല്‍കുവാരി പറഞ്ഞു. കോവിഡ് പരിശോധനക്ക് വിവിധ രീതികളാണ് അവലംബിച്ചിരിക്കുന്നത്. ആരോഗ്യസ്ഥാപനവുമായി ബന്ധപ്പെട്ട പരിശോധനയാണ് ഇതിലൊന്ന്. ഏതെങ്കിലും ആവശ്യത്തിനായി ആരോഗ്യസ്ഥാപനങ്ങളില്‍ വരുന്നവര്‍ക്ക് കോവിഡ്-19 ലക്ഷണങ്ങള്‍ പ്രകടമാണെങ്കില്‍ പരിശോധിക്കും. പൊതുജനാരോഗ്യ പരിശോധനയാണ് മറ്റൊന്ന്. ഇതില്‍ സമ്പര്‍ക്ക പരിശോധനയും പൊതുപരിശോധനയുമുണ്ടാകും. കോവിഡ് സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തില്‍ വന്നവരുടെ സഞ്ചാരപാത കണ്ടെത്തുന്നതിനാണ് സമ്പര്‍ക്ക പരിശോധന. ഒരു പ്രത്യേക സ്ഥലത്തെ ജനങ്ങളില്‍ ക്രമമില്ലാതെ വിവിധയിടങ്ങളില്‍ പരിശോധന നടത്തി വൈറസ് ബാധയുടെ തോത് കൂടുതല്‍ മനസിലാക്കാനായാണ് പൊതുപരിശോധന നടത്തുന്നത്. വിദേശയാത്ര കഴിഞ്ഞെത്തുന്നവര്‍ക്ക് കോവിഡ്ബാധയുണ്ടോയെന്ന് തിരിച്ചറിയാനും പരിശോധിക്കുന്നുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

പൊതു- സ്വകാര്യ മേഖലകള്‍ക്കിടയിലെ പങ്കാളിത്തം: സമ്മേളനത്തിന് ഇന്ന് തുടക്കം

ഖത്തര്‍ കെഎംസിസി കുന്ദമംഗലം മണ്ഡലം ചാര്‍ട്ടേഡ് വിമാനം നാടണഞ്ഞു