
ദോഹ: കൊറോണ വൈറസ്(കോവിഡ്-19) വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള മുന്‍കരുതല്‍ പ്രതിരോധ നടപടികളുടെ ഭാഗമായി കോടതികളില്‍ വിദൂരാടിസ്ഥാനത്തിലുള്ള വിചാരണാ നടപടികള്‍ തുടങ്ങി. വീഡിയോ കോണ്‍ഫറന്‍സിങ് സാങ്കേതികവിദ്യയുടെ സഹായത്തോടെ വിദൂരാടിസ്ഥാനത്തിലാണ് കോടതി വിചാരണാനടപടികള്‍ ആരംഭിച്ചിരിക്കുന്നത്. പ്രീ ട്രയല്‍ തടങ്കല്‍, തടവുകാരുടെ മോചനം എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലായിരുന്നു കഴിഞ്ഞദിവസം വിചാരണ നടന്നത്. തടവുകാര്‍ പോലീസ് സ്റ്റേഷനില്‍ നിന്നും വീഡിയോലിങ്ക്സ് സംവിധാനം മുഖേന കോടതി നടപടികളില്‍ പങ്കെടുത്തു.
വീഡിയോ കോളിങ് സാങ്കേതികവിദ്യയിലൂടെയും നൂതനസംവിധാനങ്ങള്‍ ഉപയോഗിച്ചും കോര്‍ട്ട് ഓഫ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കെട്ടിടത്തില്‍ വിചാരണക്കുള്ള സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലും ആഭ്യന്തരമന്ത്രാലയവും തമ്മിലുള്ള സൃഷ്ടിപരമായ സഹകരണത്തെ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി പ്രസിഡന്റ് ജഡ്ജ് ആയിദ് ബിന്‍ സഅദ് അല്‍ഖഹ്താനി പ്രശംസിച്ചു. ജഡ്ജിക്കും അവരുടെ ഓഫീസുകളിലുള്ള പ്രോസിക്യൂട്ടര്‍ക്കും അവരുടെ ചുമതലകള്‍ വിദൂരമായി നിര്‍വഹിക്കാന്‍ ഇതിലൂടെ സാധിക്കും. പ്രതി പോലീസ് സ്റ്റേഷനിലായിരിക്കെ പ്രതിയുടെ മൊഴി ശ്രദ്ധിക്കാനും അയാളുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ചുറപ്പിക്കുന്നതിനും വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനത്തിലൂടെ ജഡ്ജിക്ക് സാധിക്കും. വീഡിയോ കോള്‍ മുഖേന സെഷന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും തുടര്‍ന്ന് ജയില്‍വാസും പുതുക്കണോ മോചിപ്പിക്കണോ എന്ന കാര്യത്തില്‍ തീരുമാനം പുറപ്പെടുവിക്കാനും സാധിക്കും. അറസ്റ്റിലായവരുടെ എല്ലാ അവകാശങ്ങളും ഈ വീഡിയോ ആശയവിനിമയത്തിലൂടെ ഉറപ്പുനല്‍കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആവശ്യപ്പെട്ടാല്‍ അഭിഭാഷകന് അദ്ദേഹത്തോടൊപ്പം ഉണ്ടായിരിക്കാന്‍ അര്‍ഹതയുണ്ട്. 2019 നവംബറില്‍ സജീവമാക്കിയ ഓണ്‍ലൈന്‍ കോടതി സംവിധാനത്തിലൂടെ എല്ലാ കോടതികളിലും വിദൂര വിചാരണകള്‍ കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി സൗകര്യങ്ങള്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് കോടതികളുടെ വികസനത്തിന്റെ ചുമതലയുള്ള ഉപദേശക സമിതി ചെയര്മാന് ജഡ്ജി നബീല്‍ അബ്ദുല്ല അല്‍സഅദി വിശദീകരിച്ചു.
കോടതിമുറികളില്‍ ഏറ്റവും നൂതനമായ ഉപകരണങ്ങളും സാങ്കേതികവിദ്യകളും സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ കോടതിയില്‍ ഹാജരാക്കാതെ തന്നെ വിചാരണാതടവ് പുതുക്കുന്നതിനോ മോചിപ്പിക്കുന്നതിനോ ഉള്ള തീരുമാനം കൈക്കൊള്ളാന്‍ ഈ പരീക്ഷണാത്മക ഓണ്‍ലൈന്‍സംവിധാനത്തിലൂടെ സാധിക്കുമെന്നും വളരെയധികം പരിശ്രമവും സമയവും ലാഭിക്കാന്‍ ഇതിലൂടെ കഴിയുമെന്നും ആഭ്യന്തരമന്ത്രാലയത്തിലെ വെര്‍ഡിക്റ്റ് എക്സിക്യൂഷന് വകുപ്പ് ഡയറക്ടര്‍ കേണല്‍ സെയ്ഫ് മുഹമ്മദ് അല്ഖയാറീന് പറഞ്ഞു. വിദൂരാടിസ്ഥാനത്തിലുള്ള വിചാരണാ നടപടികള്‍ ഘട്ടംഘട്ടമായിട്ടായിരിക്കും നടക്കുക. സമീപഭാവിയില്‍ പ്രോസിക്യൂഷന് ഓഫീസുകളുമായുള്ള ആശയവിനിമയവും സജീവമാക്കും. ശിക്ഷാനടപടികളില്‍ ആരോപിതരായവര്‍ക്കും തിരുത്തല്‍ സ്ഥാപനങ്ങളിലുമുള്ള പ്രതികള്‍ക്കായി അന്വേഷണം നടത്താനും പ്രാഥമിക ഘട്ടത്തില്‍ വിചാരണ നടത്താനും ഇതോടെ സൗകര്യപ്രദമാകും.