ഖത്തരി ആര്‍ക്കിടെക്റ്റ് രൂപകല്‍പ്പന ചെയ്യുന്ന ആദ്യ ഫിഫ ലോകകപ്പ് സ്‌റ്റേഡിയം
അശ്‌റഫ് തൂണേരി/ദോഹ:
ഖത്തരി ആര്‍ക്കിടെക്റ്റ് ഇബ്രാഹിം എം.ജൈദ അറബ് പൈതൃകത്തിലെ ഗാഫിയ എന്ന ആണ്‍ തലപ്പാവിനെ മനോഹരമായി പ്രതീകവത്കരിച്ച തുമാമ സ്റ്റേഡിയം ഫിഫ ലോകകപ്പിനായി സമര്‍പ്പിച്ച് ഖത്തര്‍. 2022 ലോക കപ്പ് മത്സരങ്ങളുടെ എട്ട് സ്റ്റേഡിയങ്ങളില്‍ അഞ്ചാമത്തേതും പ്രധാന വേദിയുമാണിത്. വെള്ളിയാഴ്ച രാത്രി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ സാന്നിധ്യത്തില്‍ അമീര്‍ കപ്പ് ഫൈനല്‍ മത്സരം നടത്തിയായിരുന്നു ഒരു ഖത്തരി ആര്‍ക്കിടെക്റ്റ് രൂപകല്‍പ്പന ചെയ്യുന്ന ആദ്യ ഫിഫ ലോകകപ്പ് സ്റ്റേഡിയമെന്ന ഖ്യാതിയുള്ള തുമാമ സ്‌റ്റേഡിയത്തിന്റെ ഉത്ഘാടനം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആയിരക്കണക്കിന് കാണികളെത്തിയ അമീര്‍ കപ്പിന് അനുബന്ധമായി നടന്ന സ്‌കൂള്‍ കുട്ടികളുടെ കലാപ്രദര്‍ശനങ്ങളും ലൈറ്റ് പ്രദര്‍ശനവും ഉത്ഘാടന ചടങ്ങിന് മിഴിവേകി.

40,000 കാണികളെ ഉള്‍ക്കൊള്ളാനാവുന്ന തുമാമയിലാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ അരങ്ങേറുക. പ്രത്യേക ശീതീകരണ സംവിധാനമുള്‍പ്പെടെ മികച്ച സജ്ജീകരണങ്ങളാണുള്ളത്. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ ഉള്‍പ്പെടെ പ്രമുഖര്‍ സ്റ്റേഡിയം ഉത്ഘാടനത്തിന് ആശംസകള്‍ നേര്‍ന്നു. ലോക കപ്പിന് ശേഷം 20,000 പേരെ ഉള്‍ക്കൊള്ളാവുന്ന തരത്തിലേക്ക് സ്റ്റേഡിയം ചുരുക്കി വിശാലമായ സ്‌പോര്‍ട്‌സ് ക്ലിനിക്കും ബോട്ടിക് ഹോട്ടലും സജ്ജീകരിക്കാനാണ് ഖത്തറിന്റെ പദ്ധതി. എട്ടു ലോക കപ്പ് സ്റ്റേഡിയങ്ങളില്‍ തുമാമക്ക് പുറമെ പുതുക്കിയ ഖലീഫ രാജ്യാന്തര സ്റ്റേഡിയം, അല്‍ജനൂബ്, എഡ്യുക്കേഷന്‍ സിറ്റി, അഹ്്മദ് ബിന്‍ അലി എന്നിവയാണ് ലോക കായിക മാമാങ്കത്തിനായി സമ്പൂര്‍ണ്ണ സജ്ജമായിരിക്കുന്നത്. ലുസൈല്‍, റാസ് അബൂ അബൂദ്, അല്‍ബൈത് സ്റ്റേഡിയങ്ങള്‍ തുറക്കാന്‍ ബാക്കിയുണ്ട്.
