
ദോഹ: 2022ലെ ഫിഫ ലോകകപ്പിനുശേഷം എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ രണ്ടു ഖത്തര്‍ ഫൗണ്ടേഷന്(ക്യുഎഫ്) സ്കൂളുകള്‍ സജ്ജമാക്കും. ലോകകപ്പിനുശേഷം ക്യുഎഫ് സമൂഹത്തിനും ഖത്തരി സമൂഹത്തിനാകെയും കായിക വിനോദ വിദ്യാഭ്യാസ സാമൂഹിക കേന്ദ്രമായി സ്റ്റേഡിയത്തെ പരിവര്‍ത്തിപ്പിക്കുമെന്ന് ഖത്തര്‍ ഫൗണ്ടേഷന്റെ പ്രീ യൂണിവേഴ്സിറ്റി എജ്യൂക്കേഷന്‍(പിയുഇ) പ്രസിഡന്റ് ബുഥൈന അലി അല്‍നുഐമി പറഞ്ഞു.
ലോകകപ്പിനുശേഷം സ്റ്റേഡിയത്തിന്റെ ഇരിപ്പിടശേഷി പകുതിയായി കുറക്കും. നീക്കുന്ന 20,000 സീറ്റുകള്‍ വികസ്വര രാജ്യങ്ങളിലെ സ്റ്റേഡിയങ്ങളുടെ നിര്‍മാണത്തിനായി സംഭാവന ചെയ്യും. ശേഷി പകുതിയായി കുറക്കുന്നതിനെത്തുടര്‍ന്ന് ഖത്തര്‍ ഫൗണ്ടേഷന്റെ രണ്ടു സ്കൂളുകളുടെ ആസ്ഥാനമായി സ്റ്റേഡിയം മാറും. ഖത്തര്‍ ന്യൂസ് ഏജന്‍സിക്കു നല്കിയ പ്രസ്താവനയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പിയുഇയുടെ കീഴിലുള്ള അക്കാഡമ്യാറ്റി, ഖത്തര്‍ അക്കാഡമി ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജി എന്നിവയുടെ ആസ്ഥാനം ലോകകപ്പിനുശേഷം ഈ സ്റ്റേഡിയമായിരിക്കും. സ്റ്റേഡിയത്തിന്റെ ഒരു ഭാഗത്ത് ഇരു സ്കൂളുകള്‍ക്കും ഓരോ കെട്ടിടങ്ങള്‍ വീതമുണ്ടാകും.
രണ്ടു സ്കൂളുകള്‍ക്കുമായി മൂന്നാമതൊരു കെട്ടിടവും സജ്ജമാക്കും. ലോകകപ്പിനുശേഷം സ്റ്റേഡിയത്തെ സമൂഹത്തിന്റെ ഭാഗമാക്കുന്നതില്‍ രണ്ടു സ്കൂളുകള്‍ക്കും സവിശേഷമായ പങ്കുണ്ടായിരിക്കും. സ്റ്റേഡിയത്തിനുള്ളില്‍ ചെറുപ്പക്കാരായ വിദ്യാര്‍ഥികള്‍ അവരുടെ ജീവിതത്തെ രൂപപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതുമായി ജീവിത നൈപുണ്യങ്ങള്‍ നേടിത്തുടങ്ങും. നൂതനമായ വിദ്യാഭ്യാസ വിജ്ഞാന മാതൃകയിലധിഷ്ഠിതമായി 2019 ലാണ് അക്കാഡെമ്യാറ്റി എന്ന പേരില്‍ സ്കൂള്‍ പ്രവര്‍ത്തനം തുടങ്ങിയത്.
ഖത്തറിലേക്ക് പുതിയ വിദ്യാഭ്യാസ അനുഭവം പ്രദാനം ചെയ്യുന്നതാണ് സ്കൂള്‍. ഇംഗ്ലീഷ് അറബിക് ഭാഷകളിലായിരിക്കും സ്കൂളിലെ പഠനം. വിദ്യാര്‍ഥികളുടെ താല്പര്യങ്ങളെ അടിസ്ഥാനമാക്കിയാണ് പാഠ്യപദ്ധതി വികസിപ്പിച്ചിരിക്കുന്നത്.
സ്കൂള്‍ കെട്ടിടത്തില്‍ 23 അടിസ്ഥാന വിദ്യാഭ്യാസ ഇടങ്ങള്‍ ഉള്‍പ്പെടും. ദൃശ്യകലകളും സംഗീതവും പഠിപ്പിക്കുന്നതിനുള്ള ഇടവും മള്‍ട്ടി പര്‍പ്പസ് അത്ലറ്റ് ഹാളും കൂടാതെ, മൂന്നിനും 18 നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യങ്ങളുമുണ്ടാകും.
ഖത്തര്‍ അക്കാദമി ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജി കെട്ടിടത്തില്‍ 12 വിദ്യാഭ്യാസ സ്റ്റുഡിയോകള്‍, മൂന്ന് സയന്‍സ് ലബോറട്ടറികള്‍, ഒരു സംരംഭക ലബോറട്ടറി, വുഡ് ആന്റ് ടെക്നോളജി ബിസിനസ് സ്റ്റുഡിയോകള്‍, ഇലക്ട്രോണിക്സ്- മെറ്റല്‍ സ്റ്റോറുകള്‍, ഗ്രാഫിക് ഡിസൈനിനും വീഡിയോ നിര്‍മ്മാണത്തിനുമുള്ള ഇടങ്ങള്‍, വര്‍ക്ക്സ്പേസ് എന്നിവ ഉള്‍പ്പെടും.