
ദോഹ: ഔദ്യോഗിക സന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ യുഎസ് കോണ്‍ഗ്രസ് പ്രതിനിധിസംഘം ഫിഫ ലോകകപ്പിനായി നിര്‍മാണം പുരോഗമിക്കുന്ന റാസ് അബുഅബൗദ് സ്്റ്റേഡിയം സന്ദര്‍ശിച്ചു. കണക്റ്റികട്ട് സ്റ്റേറ്റില്‍നിന്നുള്ള ജിം ഹിംസ്, കാലിഫോര്‍ണിയ പ്രതിനിധി എറിക് സ്വല്‍വെല്‍, മസാച്യുസെറ്റ്സില്നിന്നുള്ള സേത് മൗള്‍ട്ടണ്‍, ഫ്ളോറിഡയില്‍നിന്നുള്ള പാട്രിക് മര്‍ഫി എന്നിവരുള്‍പ്പെട്ട പ്രതിനിധി സംഘമാണ് സ്റ്റേഡിയം സന്ദര്‍ശിച്ചത്.
ഖത്തര്‍ ലോകകപ്പിന്റെ സംഘാടന ചുമതലയുള്ള സുപ്രീംകമ്മിറ്റി സെക്രട്ടറി ജനറല്‍ ഹസന് അല്‍തവാദി, ടെക്നിക്കല്‍ ഡെലിവറി ഓഫീസ് വൈസ് ചെയര്മാന് യാസിര്‍ അല്‍ജമാല്‍ എന്നിവര്‍ യുഎസ് സംഘവുമായി ചര്‍ച്ച നടത്തി. യുഎസിലെ ഖത്തര്‍ അംബാസഡര്‍ മെഷാല്‍ ബിന്‍ ഹമദ് അല്‍താനി, ഖത്തറിലെ യുഎസ് എംബസി ചാര്‍ജ് ഡി അഫയേഴ്സ് ഗ്രെറ്റ സി ഹോള്‍ട്ട്സ് എന്നിവരും സ്റ്റേഡിയം സന്ദര്‍ശനസംഘത്തിലുണ്ടായിരുന്നു.
2022 ലോകകപ്പിന്റെ പ്രധാന വേദികളിലൊന്നായ റാസ് അബുഅബൗദ് സ്റ്റേഡിയത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. പൂര്‍ണമായും പുനരുപയോഗിക്കാന്‍ കഴിയുന്ന ലോകത്തിലെ ആദ്യത്തെ ഫിഫ സ്റ്റേഡിയമാണ് റാസ് അബൂഅബൗദ്. ഷിപ്പിങ് കണ്ടെയ്നറുകളാണ് നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്. സുസ്ഥിരതക്കാണ് പ്രധാന ഊന്നല്‍. സ്റ്റേഡിയത്തിന്റെ നിര്‍മാണത്തിനുപയോഗിക്കുന്ന എല്ലാ ഘടകങ്ങളും പുനരുപയോഗിക്കാവുന്നതാണ്. സ്റ്റേഡിയത്തിനുള്ളില്‍ പ്രധാനമായും ഹോസ്പിറ്റാലിറ്റി ബോക്സുകള്‍, ബാത്ത്റൂമുകള്‍, ഓഫീസുകള്‍, റസ്റ്റോറന്റുകള്‍ ഉള്‍പ്പടെയെല്ലാം നിര്‍മിക്കുന്നതിന് കണ്ടെയ്നറുകളാണ് ഉപയോഗിക്കുന്നത്. പൂര്‍ണമായും പൊളിച്ചുമാറ്റാന്‍ കഴിയുന്ന ആദ്യത്തെ ഫിഫ ലോകകപ്പ് സ്റ്റേഡിയമായിരിക്കും. സ്റ്റേഡിയം നിര്‍മാണത്തിനായി ചൈനയില്‍ നിന്നുള്‍പ്പടെയാണ് കണ്ടെയ്നറുകള്‍ എത്തിച്ചത്. ആകെ 1000ത്തോളം കണ്ടെയ്നറുകളാണ് ഉപയോഗിക്കുന്നത്.
ലോകകപ്പിനുശേഷം ഈ സ്റ്റേഡിയം വേര്‍പെടുത്തുകയും ഈ കണ്ടെയ്നറുകള്‍ ലോകത്തിന്റെ മറ്റേതെങ്കിലുമൊരു ഭാഗത്ത് മറ്റൊരു സ്റ്റേഡിയം നിര്‍മിക്കുന്നതിന് ഉപയോഗിക്കുകയും ചെയ്യും. ജനങ്ങള്‍ക്ക് ആസ്വാദിക്കാന്‍ പര്യാപ്തമായ അത്യാധുനിക സൗകര്യമായി സ്റ്റേഡിയത്തിന്റെ മുഖച്ഛായ മാറ്റുകയും ചെയ്യും. മറ്റു പരമ്പരാഗത സ്റ്റേഡിയങ്ങള്‍ക്കു വരുന്ന ചെലവിനേക്കാള്‍ 20ശതമാനം കുറവ് ചെലവു മാത്രമായിരിക്കും ഈ സ്റ്റേഡിയത്തിന്.
കഷണം കഷണമായി റാസ് അബു അബൗദ് സ്റ്റേഡിയം രൂപപ്പെടുകയാണ്. മോഡുലാര്‍ ബില്‍ഡിങ് ബ്ലോക്കുകള്‍ കൊണ്ട് നിര്‍മിക്കപ്പെടുന്ന സ്റ്റേഡിയത്തില്‍ കാണികള്‍ക്ക് മികച്ച ആസ്വാദനവും സൗകര്യങ്ങളും ഉറപ്പാക്കുന്നുണ്ട്. ഫിഫ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍വരെയുള്ള മത്സരങ്ങളാണ് ഇവിടെ നടക്കുക.