
ദോഹ: യുകെ-ഖത്തര്‍ സംയുക്ത സ്ക്വാഡ്രണ്‍ കമാന്‍ഡ് കെട്ടിടം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്അത്തിയ്യയും ബ്രിട്ടീഷ് പ്രതിരോധ മന്ത്രി ബെന്‍ വാല്ലസും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. യുകെയിലെ കോണിങ്സ്ബി ബേസിലാണ് കമാന്‍ഡ് കെട്ടിടം. ഉദ്ഘാടനത്തോടനുബന്ധിച്ച് സൈനിക പരേഡുകളും ടൈഫൂണ്‍ വിമാനങ്ങളുടെ സംയുക്ത അഭ്യാസ പ്രകടനങ്ങളും നടന്നു.
യുകെയിലെ ഖത്തര്‍ അംബാസഡര്‍ യൂസുഫ് ബിന്‍ അലിഅല്‍ ഖാതിര്‍, യുകെയിലെ ഖത്തരി മിലിട്ടറി അറ്റാഷെ കേണല്‍ അലി മുഹമ്മദ് അല്‍ഫദാല, ഖത്തരി സായുധ സേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് ഇരു മന്ത്രിമാരും പങ്കെടുത്ത ഉന്നതതല ചര്‍ച്ചയും നടന്നു. സൈനിക, പ്രതിരോധ മേഖലയില്‍ പൊതുതാല്പര്യമുള്ള നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ചയായി. മേഖലയിലെയും രാജ്യാന്തരതലത്തിലെയും ഏറ്റവും പുതിയ സംഭവവികാസങ്ങളും ചര്‍ച്ചയില്‍ വിഷയമായി. കോണിങ്സ്ബി കേന്ദ്രമാക്കിയുള്ള നമ്പര്‍ 12 സ്ക്വാഡ്രണ്‍ യുകെയും ഖത്തറും തമ്മിലുള്ള മൂല്യമേറിയ സംരംഭമാണ്. ബ്രിട്ടണില്‍ നിന്നും ഖത്തര്‍ ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നുണ്ട്. 2022 മുതല്‍ എയര്‍ക്രാഫ്റ്റുകള്‍ ലഭിച്ചുതുടങ്ങും.
ഇരുരാജ്യങ്ങളും ഒപ്പുവച്ച കരാര്‍ പ്രകാരമാണ് ഖത്തര്‍ ബ്രിട്ടനില്‍ നിന്ന് 24 ടൈഫൂണ്‍ പോര്‍വിമാനങ്ങള്‍ വാങ്ങുന്നത്. 5.1 ബില്യണ്‍ പൗണ്ടാണ് ഇടപാടിന്റെ പ്രതീക്ഷിത മൂല്യം. പരിശീലന പാക്കേജും കരാറിന്റെ ഭാഗമാണ്. ഒന്‍പത് ഹാക്ക് ട്രെയ്നേഴ്സിനെയും ഖത്തര്‍ സ്വന്തമാക്കുന്നുണ്ട്.
രണ്ടു വ്യോമസേനകളില്‍ നിന്നുമുള്ള പൈലറ്റുമാരെയും ഗ്രൗണ്ട് ക്രൂവിനെയും ഇവിടെ പരിശീലിപ്പിക്കുന്നുണ്ട്. ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്സും ഖത്തരി അമിരി വ്യോമസേനയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല ഉഭയകക്ഷി സുരക്ഷയും പ്രതിരോധ ബന്ധവും ശക്തിപ്പെടുത്തുന്നതിനാണ് 2018 ജൂലൈ 24 ന് സംയുക്ത സ്ക്വാഡ്രണ്‍ സ്ഥാപിച്ചത്.
ഏറെ അടുപ്പവും ദീര്‍ഘകാലത്തെയും പ്രതിരോധ ബന്ധമാണ് ബ്രിട്ടനും ഖത്തറും തമ്മിലുള്ളത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം ആഴത്തില്‍ സ്വാധീനിക്കുന്നതാണ് ടൈഫൂണ്‍ യുദ്ധവിമാനങ്ങളുടെ കരാര്‍.