ദോഹ: കൃത്യമായ അനുമതിയും ഔദ്യോഗിക രേഖകളുമില്ലാതെ ഉംറ യാത്ര സംഘടിപ്പിക്കുന്നവരും അതില്‍ പങ്കാളികളാവുന്നവരും ശ്രദ്ധിക്കുക; കര്‍ശന നടപടിക്ക് വിധേയമാകേണ്ടി വരും. ഖത്തറില്‍ നിന്ന് കഴിഞ്ഞ ദിവസം ബന്ധപ്പെട്ട അതോറിറ്റിയില്‍ നിന്നും മുന്‍കൂട്ടി അനുമതിയില്ലാതെ ഉംറ ട്രിപ്പ് സംഘടിപ്പിച്ച അഞ്ച് ട്രാവല്‍ ഏജന്‍സിക്കെതിരെ നിയമ നടപടി സ്വീകരിച്ചതായി ഔഖാഫ് ഇസ്ലാമിക മതകാര്യ മന്ത്രാലയം അറിയിച്ചു.
ഉംറ യാത്രക്കുള്ള നിബന്ധനകളും വ്യവസ്ഥകളും പാലിക്കണമെന്ന് ഇടക്കിടെ മന്ത്രാലയം മുന്നറിയിപ്പ് നല്‍കാറുണ്ട്.
ഹജ്ജ്, ഉംറ സേവനങ്ങളുമായി ബന്ധപ്പെട്ട 2015ലെ മൂന്നാം നമ്പര്‍ നിയമപ്രകാരമാണ് കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്ന് മന്ത്രാലയം ട്വീറ്ററിലൂടെ വിശദീകരിച്ചു.
തുടര്‍ നടപടികള്‍ക്കായി ട്രാവല്‍ ഏജന്‍സികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
ഹജ്ജ്, ഉംറ സേവനങ്ങളുമായി ബന്ധപ്പെട്ട നിയമവ്യവസ്ഥകള്‍ പാലിച്ചിരിക്കാന്‍ എല്ലാ ഓഫീസുകളും ഏജന്‍സികളും ബാധ്യസ്ഥരാണെന്നും ലംഘിക്കുന്നവര്‍ കര്‍ശനമായ നടപടിക്ക് വിധേയരാകുമെന്നും ഒഖാഫ് മന്ത്രാലയം ഓര്‍മിപ്പിച്ചു.