in

ഉപരോധത്തിന്റെ പ്രത്യാഘാതം: യുഎന്‍
വിദഗ്ദ്ധയുടെ ഖത്തര്‍ സന്ദര്‍ശനം ഇന്ന് മുതല്‍

ദോഹ: രാജ്യത്തിനെതിരായ ഏകപക്ഷീയ ഉപരോധത്തിന്റെ പ്രത്യാഘാതങ്ങളും സ്വാധീനവും വിലയിരുത്തുന്നതിനായി യുഎന്‍ വിദഗ്ദ്ധയുടെ ഖത്തര്‍ സന്ദര്‍ശനം ഇന്നുമുതല്‍.
സര്‍ക്കാരിന്റെ ക്ഷണപ്രകാരം ഏകപക്ഷീയമായ നിര്‍ബ്ബന്ധ നടപടികളെയും മനുഷ്യാവകാശങ്ങളെയും സംബന്ധിച്ച യുഎന്‍ പ്രത്യേക റാപ്പോര്‍ട്ടര്‍ അലീന ദൗഹനാണ് ഖത്തര്‍ സന്ദര്‍ശിക്കുന്നത്. ഇന്നു മുതല്‍ നവംബര്‍ പന്ത്രണ്ടുവരെ അവര്‍ ദോഹയിലുണ്ടാകും. ഖത്തര്‍ ജനതക്ക് മനുഷ്യാവകാശം അനുവദിക്കുന്നതിനെതിരെയുള്ള ഏകപക്ഷീയ ഉപരോധത്തിന്റെ സ്വാധീനം വിലയിരുത്തുകയെന്നതാണ് സന്ദര്‍ശനലക്ഷ്യം.
ഉപരോധം ഏര്‍പ്പെടുത്തുകയും നിലനിര്‍ത്തുകയും നടപ്പാക്കുകയും ചെയ്യുന്നത് വ്യക്തികളുടെ മനുഷ്യാവകാശങ്ങള്‍ പൂര്‍ണമായി സാക്ഷാത്കരിക്കുന്നതിന് തടസമാകുന്നുണ്ടോയെന്നത് സഹകരണത്തിന്റെയും സംഭാഷണത്തിന്റെയും മനോഭാവത്തില്‍ പരിശോധിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ദോഹയിലേക്ക് പുറപ്പെടുംമുന്‍പ് ദൗഹന്‍ പ്രതികരിച്ചു.
ഖത്തറിലെ എല്ലാ മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്നതിന് ഉപരോധം പ്രതികൂല പ്രത്യാഘാതങ്ങളുണ്ടാക്കിയിട്ടുണ്ടോയെന്നതില്‍ അവര്‍ ശ്രദ്ധകേന്ദ്രീകരിക്കും.
നെഗറ്റീവ് പ്രത്യാഘാതങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ എങ്ങനെ ലഘൂകരിക്കാനും ഇല്ലാതാക്കാനും കഴിയും എന്നതില്‍ ശുപാര്‍ശകളും നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.
മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, ജുഡീഷ്യറി അംഗങ്ങള്‍, അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികള്‍, നയതന്ത്ര സമൂഹം, സിവില്‍ സൊസൈറ്റി, ദേശീയ മനുഷ്യാവകാശ സംവിധാനങ്ങള്‍ എന്നിവയുടെ പ്രതിനിധികള്‍, അഭിഭാഷകര്‍, അക്കാദമിക് പ്രവര്‍ത്തകര്‍, ഇരകള്‍, അവരുടെ കുടുംബങ്ങള്‍ എന്നിവരുമായി ദൗഹന്‍ ദോഹയില്‍ കൂടിക്കാഴ്ച നടത്തും. സന്ദര്‍ശനത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ നവംബര്‍ 12ന് ഉച്ചക്ക് ഒന്നരക്ക് നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ തന്റെ പ്രാഥമിക നിരീക്ഷണങ്ങള്‍ അവര്‍ വിശദീകരിക്കും. ഈ വാര്‍ത്താസമ്മേളനത്തില്‍ പ്രവേശനം കര്‍ശനമായി മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും. സ്‌പെഷ്യല്‍ റാപ്പോര്‍ട്ടര്‍ തന്റെ അന്തിമ റിപ്പോര്‍ട്ട് അടുത്തവര്‍ഷം സെപ്തംബറില്‍ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന് സമര്‍പ്പിക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സഫാരിയില്‍ തട്ടുകട, ഹെല്‍ത്ത് ആന്റ് ബ്യൂട്ടി, സെയില്‍ അപ്ടു 50% പ്രമോഷനുകള്‍ തുടങ്ങി

ഖത്തര്‍ കെ.എം.സി.സി ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: സൂപ്പര്‍ കിങ്സ് ജേതാക്കള്‍