ദോഹ: ലോകത്ത് തൊഴില്‍ മേഖല നവീകരിക്കപ്പെടുകയാണെന്നും നമ്മള് ഇന്നോളവും കേട്ടിട്ടില്ലാത്ത തരത്തില്‍ നവീനമായ തൊഴിലുകളിലേക്കാവും വരും തലമുറ നടന്നടുക്കുകയെന്നും നോര്‍ക്ക ഡയറക്ടറും എ.ബി.എന്‍ ഗ്രൂപ്പ് ചെയര്‍മാനുമായ ജെ.കെ.മേനോന്. കേരള സര്‍ക്കാരിന്റെ നോര്‍ക്ക വകുപ്പും ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും (ഫിക്കി) സംയുക്തമായി സംഘടിപ്പിച്ച ഓവര്‍സീസ് എംപ്ലോയേഴ്സ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡാനന്തര ലോകത്തെ നൂതന തൊഴില്‍ സാധ്യതകള്‍ തിരിച്ചറിയാനും പുതിയ മേഖലകളിലേക്ക് വെളിച്ചം വീശാനും ലക്ഷ്യമിട്ടായിരുന്നു പരിപാടി. ലോകം ഒരു പുതിയ രീതിയില്‍ മാറിയെന്നും കോവിഡിന് ശേഷമുള്ള ലോകം മുമ്പത്തെപ്പോലെ ആയിരിക്കില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
വരുന്ന 5 മുതല്‍ 10 വര്‍ഷത്തിനുള്ളില്‍ നിരവധി തൊഴില്‍ മേഖലകള്‍ അപ്രത്യക്ഷമാകുമെന്നും വരും ദശകത്തില്‍ ലോകം ഒരു പുതിയ സാങ്കേതിക നൈപുണ്യവും തൊഴില്‍ അവസരങ്ങളും കൈവരിക്കും. ഈ മാറ്റം ഉള്‍ക്കൊള്ളുന്നതിനും പുതിയ തലമുറയെ വാര്‍ത്തെടുക്കുന്നതിനും വിദ്യാഭ്യാസ സംവിധാനം പുതുക്കേണ്ടതുണ്ട്. ഈ മാറ്റം സിലബസിന്റെ രീതിയിലല്ല, മറിച്ച് താഴെ നിന്ന് കുട്ടികളെ പഠിപ്പിക്കുന്ന രീതിയിലാണ് വേണ്ടത്.
ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ ക്ലൗഡിലേക്ക് മാറ്റുന്ന കാലഘട്ടമാണ്. ലോകത്ത് കമ്പനികളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ ക്ലൗഡ് കമ്പ്യൂട്ടിംഗിലെ വൈദഗ്ധ്യത്തിന് വലിയ ഡിമാന്റുണ്ട്. സാങ്കേതികവിദ്യ, ഇന്റര്‍നെറ്റ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓട്ടോമോഷന്‍ തുടങ്ങിയവ വരുംകാലത്ത് നമ്മുടെ കരിയര്‍ മേഖലയെത്തന്നെ മാറ്റിമറിക്കുമെന്നും ജെ. കെ മേനോന് കൂട്ടിച്ചേര്‍ത്തു.
ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ വികസിച്ചു വരികയാണ്. ചെലവ് കുറക്കാനും, ജോലി തടസ്സമില്ലാതെ മുന്നോട്ടുപോകാനും അത് കാര്യക്ഷമമാക്കാനും, കൃത്യമായി ഡാറ്റകള്‍ ശേഖരിച്ച് വെക്കാനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന് ലേണിംഗ് എന്നീ മേഖലകളിലെ വിദഗ്ദ്ധര്‍ക്ക് ഉയര്‍ന്ന ആവശ്യകതയുണ്ട്. ഇത്തരം വൈദഗ്ധ്യമുള്ളവര്‍ക്ക് സോഫ്റ്റ് വെയര്‍ ഡിസൈന്‍, സ്റ്റാറ്റിസ്റ്റിക്സ് കോഡിംഗ്, എഞ്ചിനീയറിംഗ് തുടങ്ങിയ സമാന മേഖലകളില്‍ തൊഴില്‍ നേടാന്‍ അവസരങ്ങള്‍ ഏറെയാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ബിസിനസ് വിദഗ്ധര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോക്ടര്‍ ഇളങ്കോവന് ഐ എ എസ്, അമിത് വാത്സ്യായന് തുടങ്ങിയവര്‍ വിഷയാവതരണം നടത്തി.