- വിസില്‍ ബ്ലോവേഴ്സിനും പരാതി ഉന്നയിക്കാം; ഏകീകൃത ഇലക്ട്രോണിക് സംവിധാനത്തിലൂടെ
- വിശദവിവരങ്ങള്‍ക്ക്: https://www.adlsa.gov.qa/en/E-Services/EServicesAttachments/user-guide-english_compressed.pdf

ദോഹ: ഗാര്‍ഹിക, സ്വകാര്യ മേഖലയിലേയും തൊഴിലാളികള്‍ക്ക് തങ്ങളുടെ തൊഴിലുമായും മറ്റും ബന്ധപ്പെട്ട പരാതികളുണ്ടെങ്കില്‍ ഉടന്‍ ബോധിപ്പിക്കാന്‍ സംവിധാനവുമായി ഖത്തര്‍ തൊഴില്‍ മന്ത്രാലയം. പുതിയ ഏകീകൃത ഇലക്ട്രോണിക് സംവിധാനമാണ് ഇതിനായി ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് അധികൃതര്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്കും തൊഴില്‍ മേഖലയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് പരാതികള്‍ ഉന്നയിക്കാന്‍ കഴിയുമെന്ന പ്രത്യേകതയും ഈ സംവിധാനത്തിനുണ്ട്. ഖത്തര്‍ ഭരണ വികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലാണ് ഏകീകൃത ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. https://www.adlsa.gov.qa/ എന്ന മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ കയറി EServices & EForms എന്ന വിന്ഡോവില് ക്ലിക്ക് ചെയ്താല്‍ പുതിയ സംവിധാനത്തിലെത്താം. ഇതില്‍ ക്ലിക്ക് ചെയ്ത് നടപടികള്‍ പൂര്‍ത്തിയാക്കിയാണ് പരാതികള്‍ നല്‍കേണ്ടത്.

തൊഴില്‍ ചെയ്യുന്നവര്‍ക്കു പുറമെ ഏതെങ്കിലും സ്ഥാപനത്തിലോ മേഖലയിലോ എന്തെങ്കിലും നിയമ വിരുദ്ധമായ കാര്യങ്ങള്‍ സംഭവിക്കുന്നുവെന്ന് അധികൃതര്‍ക്ക് വിവരം നല്കുന്നവരായി പ്രവര്‍ത്തിക്കുന്നവര്‍ക്കും (വിസില്‍ ബ്ലാവേഴ്സ്) തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യാമെന്നത് ഏറെ പ്രാമുഖ്യമുള്ള കാര്യമായി ചൂണ്ടിക്കാട്ടപ്പെടുന്നു. ഇതോടെ നീതി നിഷേധവും മനുഷ്യാവകാശ ലംഘനവും കണ്ടാല്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും പരാതികള്‍ നല്‍കാനാകും. ഇന്നലേയാണ് ഇതിന്റെ ആദ്യഘട്ടം നിലവില്‍ വന്നിരിക്കുന്നതെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഇത്തരം പരാതി നല്‍കുന്നവരെക്കുറിച്ചുള്ള വ്യക്തിഗത വിവരങ്ങളോ തിരിച്ചറിയുന്ന കാര്യങ്ങളോ നല്‍കേണ്ട എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. 2004ലെ 14ാം നമ്പര്‍ തൊഴില്‍ നിയമം, 2017ലെ 15ാം നമ്പര്‍ ഗാര്‍ഹിക തൊഴിലാളി നിയമം എന്നിവയുടെ അടിസ്ഥാനത്തിലാണ് പുതിയ ഇലക്ട്രോണിക് പരാതി സംവിധാനം വന്നിരിക്കുന്നത്. തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും ഏതെങ്കിലും തൊഴില്‍ സംവിധാനത്തിനും സ്ഥാപനങ്ങള്‍ക്കുമെതിരെ ഇതുപ്രകാരം പരാതി ഉന്നയിക്കാം. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് തൊഴില്‍ ഉടമകള്‍ക്കെതിരെ നിയമലംഘനം സംബന്ധിച്ചും പരാതികള്‍ നല്‍കാനാകും. തൊഴിലാളികള്‍ അനധികൃതമായി ഒത്തുചേരുന്നത്, തൊഴിലാളികള്‍ക്ക് മതിയായ താമസസൗകര്യം നല്കാതിരിക്കല്, തൊഴില്‍ സ്ഥലങ്ങളിലും മറ്റുമുള്ള നിയമലംഘനങ്ങള്‍ തുടങ്ങിയവ സംബന്ധിച്ചുള്‍പ്പെടെ വിവിധ കാര്യങ്ങള്‍ ഇതിലൂടെ പരാതികള്‍ നല്‍കാനാകും.