ഇന്ത്യയില്‍ നിന്ന് തൊഴില്‍ നൈപുണ്യ പരിശീലനം നേടാന്‍ ഖത്തര്‍
ദോഹ: ത്രിദിന ഔദ്യോഗിക സന്ദര്‍ശനത്തിനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഖത്തര്‍ തലസ്ഥാനമായ ദോഹയിലെത്തി. ഇന്നലെ ദോഹയിലെത്തിയ അദ്ദേഹത്തെ ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള ഉന്നത സംഘവും ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തലും ഇന്ത്യന്‍ എംബസി ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു.

ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സഅദ് അല്‍ മുറൈഖി, ശൂറാ കൗണ്‍സില്‍ അധ്യക്ഷന്‍ ഹസന് ബിന്‍ അബ്ദുല്ല അല്‍ഗാനിം എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
ഇന്നലെ വൈകീട്ട് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ ഐ.സി.സി അശോകഹാളില്‍ ഖത്തറിലെ ഇന്ത്യന്‍ സമൂഹം മന്ത്രിക്ക് സ്വീകരണം നല്കി. വിവിധ സംഘനകളുടെ കൂടി പങ്കാളിത്തത്തോടെയായിരുന്നു പരിപാടി.
സഹകരണ സാധ്യതകള്‍
ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സഅദ് അല്‍ മുറൈഖിയുമായി നടത്തിയ ചര്‍ച്ച ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്ന് മന്ത്രി വി മുരളീധരന് പറഞ്ഞു.
ഊര്‍ജ്ജം, വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, പ്രവാസി ക്ഷേമം തുടങ്ങിയ മേഖലകളില്‍ പുതിയ സഹകരണ സാധ്യതകള്‍ തേടിയുള്ള ചര്‍ച്ച ക്രിയാത്മകമായ സംയുക്ത വികസനത്തിനുള്ള അവസരമൊരുക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം വിദീകിച്ചു.
തൊഴില്‍ മേഖലയിലെ ഏഴാമത് സംയുക്ത യോഗം

അതിനിടെ ഖത്തര്‍ തൊഴില്‍മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മുഹമ്മദ് ഹസ്സന് അല്ഉബൈദലിയും സംഘവും കഴിഞ്ഞ ദിവസം ദല്‍ഹിയിലെത്തിയിരുന്നു.
തൊഴില്‍-മനുഷ്യവിഭവ മേഖലയിലെ ഏഴാമത് സംയുക്ത യോഗത്തില്‍ പങ്കെടുക്കാനായിരുന്നു അദ്ദേഹമെത്തിയത്. ഖത്തര്‍ പ്രതിനിധി സംഘം വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് പുറമെ ഇന്ത്യന്‍ കോണ്‍സുലാര്‍, പാസ്പോര്ട്, വിസ, ഓവര്‍സീസ് ചുമതലയുള്ള സെക്രട്ടറി ഡോ. ഔസാഫ് സയീദുമായും കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറി അനുരാഗ് ഭൂഷണ് ആണ് ഇന്ത്യന്‍ സംഘത്തെ നയിച്ചത്.
ഇന്ത്യയില്‍ നിന്ന് തൊഴില്‍ നൈപുണ്യ പരിശീലനം നേടാന്‍ ഖത്തര്‍
ഡല്‍ഹിയിലെ നാഷണല്‍ സ്കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനി (എന്‍എസ്ഡിസി)ലല് നിന്ന് തൊഴില്‍ നൈപുണ്യ പരിശീലനം നേടാന്‍ ഖത്തര്‍ ധാരണയായി. നൈപുണ്യ പരിശീലനത്തിലും സര്‍ട്ടിഫിക്കേഷനിലും നേരത്തെയുള്ള പരസ്പര ധാരയണയുടെ അടിസ്ഥാനത്തിലാണിത്.
തൊഴില്‍ വിപണി സാധ്യത അറിയിക്കുന്നതിലും നിയമനത്തിലും സഹകരിക്കാവുന്ന മേഖലകള്‍ വിപുലീകരിക്കാനായി നോര്‍ക്ക (നോണ്‍ റസിഡന്റ് കേരളൈറ്റ് അഫയേഴ്സ്) പ്രതിനിധികളുമായും ഖത്തര്‍ സംഘം ചര്‍ച്ച നടത്തുകയുണ്ടായി.
ഇന്ത്യയില്‍ നിന്നുള്ള നിയമനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളുണ്ടാവും. ഇത് സംബന്ധിച്ച പരാതികള്‍ സമയബന്ധിതമായി പരിഹരിക്കാനും ശ്രമമുണ്ടാവും. നിയമനങ്ങള്‍ക്ക് പോര്‍ട്ടലുകളെ സംയോജിപ്പിച്ച് പ്രവര്‍ത്തിക്കുമെന്നും ഇരു രാഷ്ട്രങ്ങളും ധാരണയിലായി.
ഈയ്യിടെ ഖത്തര്‍ സ്വീകരിച്ച പുരോഗമനപരമായ തൊഴില്‍ പരിഷ്കരണ നടപടികളെ ഇന്ത്യ സ്വാഗതം ചെയ്തു.
ഖത്തറിലെ സാമൂഹികസാമ്പത്തിക വികസനത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലും ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളികളുടെ സംഭാവനകള്‍ ഖത്തര്‍ പക്ഷവും അഭിനന്ദിച്ചു. തൊഴിലാളികളുടെ ക്ഷേമത്തിലധിഷ്ഠിതമായി പ്രവര്‍ത്തിക്കാന്‍ സംയോജിത നീക്കങ്ങള്‍ നടത്തും.
ഇന്നും നാളേയും പരിപാടികള്‍
ഇന്ന് ഉച്ചയ്ക്ക് ശേഷം 2.30ന് ദോഹ എക്സിബിഷന് ആന്റ് കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന ദോഹ ജ്വല്ലറി ആന്റ് വാച്ചസ് എക്സിബിഷനിലെ ഇന്ത്യന്‍ പവലിയന് മന്ത്രി മുരളീധരന് ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം ആറിന് അല്വക്റയില് ഇന്ത്യന്‍ മത്സ്യതൊഴിലാളികളുമായി സംസാരിക്കും. രാത്രി 7.30ന് ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) സംഘടിപ്പിക്കുന്ന തൊഴിലാളി ദിന ആഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ചൊവ്വാഴ്ച കാലത്ത് 11-ന് ഖത്തര്‍ ലോകകപ്പിന്റെ പ്രധാന വേദികളിലൊന്നായ അഹമ്മദ് ബിന്‍ അലി സ്റ്റേഡിയവും മന്ത്രി സന്ദര്‍ശിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
https://twitter.com/MOS_MEA/status/1523296797577588738?cxt=HHwWhMDRsbuX66MqAAAA