Sunday, October 25ESTD 1934

ആഗോളതലത്തിലെ മികച്ച സര്‍വ്വകലാശാലകളില്‍ ഖത്തര്‍ യൂണിവേഴ്‌സിറ്റിയും

ദോഹ: ലോകത്തെ ഏറ്റവും മികച്ച സര്‍വകലാശാലകളുടെ പട്ടികയില്‍ ഖത്തര്‍ യൂണിവേഴ്‌സിറ്റിയും(ക്യുയു) ഇടംനേടി. അക്കാഡമിക് റാങ്കിങ് ഓഫ് വേള്‍ഡ് യൂണിവേഴ്‌സിറ്റീസ്(എആര്‍ഡബ്ല്യുയു) 2020 റാങ്കിങില്‍ ക്യുയു 601-700 വിഭാഗത്തിലാണ് ഇടംനേടിയത്. അക്കാദമിക്, ഗവേഷണ പ്രകടനങ്ങളുടെ നിരവധി സൂചകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് റാങ്കിങ് നിര്‍ണയിക്കുന്നത്. പൂര്‍വവിദ്യാര്‍ഥികളും ജീവനക്കാരും നേടുന്ന നോബല്‍ സമ്മാനങ്ങള്‍, ഫീല്‍ഡ് മെഡലുകള്‍, വളരെയധികം ഉദ്ധരിക്കപ്പെടുന്ന ഗവേഷണങ്ങള്‍, നേച്ചര്‍ ആന്റ് സയന്‍സില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന പ്രബന്ധങ്ങള്‍, സ്ഥാപനത്തിന്റെ ആളോഹരി അക്കാദമിക് പ്രകടനം എന്നിവയെല്ലാം റാങ്കിങ് പ്രക്രിയ്യയില്‍ വിലയിരുത്തും. അഭിമാനകരമായ റാങ്കിങില്‍ സര്‍വകലാശാലയുടെ സാന്നിധ്യത്തില്‍ സന്തോഷമുണ്ടെന്ന് ക്യുയു പ്രസിഡന്റ് ഡോ.ഹസന്‍ അല്‍ദെര്‍ഹം പറഞ്ഞു. ക്യുഎസ്(ക്വാകറെല്ലി സൈമണ്ട്‌സ്) വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്‌സ് 2021ല്‍ 245-ാം സ്ഥാനവും യൂണിവേഴ്‌സിറ്റി നേടിയിരുന്നു.യൂണിവേഴ്‌സിറ്റിയുടെ നയങ്ങളുടെയും കര്‍മ്മപദ്ധതിയുടെയും വിജയമാണ് റാങ്കിങില്‍ പ്രതിഫലിക്കുന്നത്. ഗവേഷണം, അധ്യാപനം, തൊഴില്‍ശേഷി, അന്താരാഷ്ട്രവല്‍ക്കരണം എന്നിവയിലെ മികവ് പരിശോധിച്ച് ക്യുഎസ് തയാറാക്കിയ പട്ടികയിലാണ് ഖത്തര്‍ യൂണിവേഴ്‌സിറ്റി ഉന്നതസ്ഥാനം നേടിയത്. റാങ്കിങ് തയാറാക്കുന്നതിനായി ഈ നാലു വിഭാഗങ്ങളില്‍ വിവിധ സൂചകങ്ങളാണ് ഉപയോഗിച്ചത്. അക്കാഡമിക് രംഗത്തെ മികവ്, തൊഴില്‍ ദാതാവിന്റെ ബഹുമാന്യത, ഫാക്വല്‍റ്റി- വിദ്യാര്‍ഥി അനുപാതം, സൈറ്റേഷന്‍സ് പെര്‍ ഫാക്വല്‍റ്റി, രാജ്യാന്തര വിദ്യാര്‍ഥികള്‍, രാജ്യാന്തര ഫാക്വല്‍റ്റി എന്നിവയാണ് കണക്കിലെടുത്തത്.

error: Content is protected !!