in ,

ഹസം മുബൈരീഖ് ജനറല്‍ ആസ്പത്രിയിലെ കിടക്കകളുടെ ശേഷി വര്‍ധിപ്പിച്ചു

ദോഹ: രാജ്യത്തെ കൊറോണ വൈറസ്(കോവിഡ്-19) രോഗികളുടെ പരിശോധനക്കും ചികിത്സക്കും സജ്ജമാക്കിയ ഹസം മുബൈരീഖ് ജനറല്‍ ആസ്പത്രിയിലെ കിടക്കകളുടെ ശേഷി വര്‍ധിപ്പിച്ചു. രോഗികള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള ആരോഗ്യസഹായം ലഭ്യമാക്കുകയാണ് ലക്ഷ്യം. ആസ്പത്രിയിലെ കിടക്കകളുടെ എണ്ണം 267 ആയി ഉയര്‍ത്തിയിട്ടുണ്ട്. 2018ലാണ് ആസ്പത്രിയുടെ പ്രവര്‍ത്തനം ഔദ്യോഗികമായി തുടങ്ങിയത്. കിടക്കകളുടെ എണ്ണം 118ല്‍ നിന്നും 267 ആയാണ് ഉയര്‍ന്നത്. കൊറോണ വൈഫസ് രോഗികള്‍ക്ക് ഉന്നതനിലവാരത്തില്‍ ചികിത്സ ലഭ്യമാക്കുന്നതിനായി ശേഷി വര്‍ധിപ്പിക്കുന്നുണ്ട്. കോവിഡ് കേസുകള്‍ ചികിത്സിക്കാന്‍ മെഡിക്കല്‍ ജീവനക്കാര്‍ക്ക് മതിയായ പരിശീലനവും ലഭ്യമാക്കിയിട്ടുണ്ട്.
കൊറോണ വൈറസ് ബാധിച്ചവര്‍ക്കുള്ള ചികിത്സാ കേന്ദ്രമായി ആസ്പത്രിയെ നിയോഗിച്ചത് ശേഷി വര്‍ധിപ്പിക്കാന്‍ കാരണമായിട്ടുണ്ടെന്ന് ഹസം മുബൈരീഖ് ജനറല്‍ ആസ്പത്രി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഹുസൈന്‍ അല്‍ഇഷാഖ് പറഞ്ഞു. പ്രാഥമിക ഘട്ടത്തില്‍ 118 കിടക്കകളായിരുന്നുവെങ്കില്‍ രാജ്യത്ത് ആദ്യത്തെ കോവിഡ്-19 കേസ് റിപ്പോര്‍ട്ട് ചെയ്ത് ഒരാഴ്ചക്കുള്ളില്‍ 42 തീവ്രപരിചരണ കിടക്കകളും 105 ഇന്‍പേഷ്യന്റ് കിടക്കകളുമടക്കം 147 കിടക്കകളായി ശേഷി ഉയര്‍ത്തി. തുടര്‍ന്നിപ്പോള്‍ കിടക്കകളുടെ ശേഷി 267 ആയി വര്‍ധിപ്പിച്ചു. വൈറസ് ബാധിച്ച ഭൂരിഭാഗം രോഗികള്‍ക്കും ഉന്നതസൗകര്യത്തില്‍ ഉയര്‍ന്ന നിലവാരമുള്ള പരിചരണം നല്‍കാന്‍ ഹസം മുബൈരീഖ് ആസ്പത്രി എച്ച്എംസിയെ പ്രാപ്തമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കില്‍ ആസ്പത്രിയിലെ കിടക്കകളുടെ എണ്ണം 560ലേക്ക് ഉയര്‍ത്താന്‍ കഴിയും. 31 കിടക്കകളുള്ള അത്യാഹിത വിഭാഗം മറ്റൊരു ടെന്റിലേക്ക് മാറ്റി ഇരട്ടിയായി ശേഷി വര്‍ധിപ്പിച്ചിട്ടുണ്ട്. 65 കിടക്കകളാണ് ഈ ടെന്റിലുള്ളത്. ഒരു ഫീല്‍ഡ് ആസ്പത്രിയും ഇതോടനുബന്ധിച്ച് നിര്‍മിക്കുന്നുണ്ട്. 274 കിടക്കകള്‍ അധികമായി ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കും. തീവ്രപരിചരണ വിഭാഗത്തിന്റെ ശേഷി 16 കിടക്കകളില്‍ നിന്ന് 50 കിടക്കകളായി ഉയര്‍ത്തിയിട്ടുണ്ട്. എല്ലാ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഹസം മുബൈരീഖില്‍ ചികിത്സ ലഭ്യമാക്കുന്നുണ്ട്. തീവ്രപരിചരണവിഭാഗത്തിന്റെ ശേഷി ആവശ്യമെങ്കില്‍ 221 കിടക്കകളായി ഉയര്‍ത്താനാകും.
കോവിഡിനെ നേരിടുന്നതില്‍ ആരോഗ്യപരിപാലനമേഖലയുടെ സജീവമായ സമീപനത്തിന്റെ ഉദാഹരണമാണ് ആസ്പത്രി. മിതമായതോ കഠിനമായതോ ആയ രോഗലക്ഷണങ്ങളുള്ള കൊറോണ വൈറസ് രോഗികളെ ഹസം മുബൈരീഖ് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിക്കും. നിരന്തര നിരീക്ഷണവും മികച്ച ചികിത്സയും രോഗികള്‍ക്ക് ഉറപ്പാക്കും. കൊറോണ വൈറസ് രോഗികളുടെ എണ്ണത്തില്‍ എന്തെങ്കിലും തരത്തില്‍ വര്‍ധനവുണ്ടായാല്‍ കൈകാര്യം ചെയ്യാനാകുമെന്ന് ഉറപ്പാക്കുന്നതിന് ആരോഗ്യ പരിപാലന മേഖല നടത്തുന്ന മുന്‍കൂര്‍ പദ്ധതിയുടെ ഭാഗമായിക്കൂടിയാണ് തീരുമാനമെന്ന് കോവിഡിനെ നേരിടാനുള്ള അപകട നിയന്ത്രണ- ആരോഗ്യ സംവിധാന കമ്മിറ്റി മേധാവി ഡോ. സാദ് അല്‍കാബി പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഖത്തര്‍ കെ.എം.സി.സി

216 പുതിയ കോവിഡ് രോഗികള്‍; ഖത്തറില്‍ ചികിത്സയിലുള്ളത് 2475 പേര്‍