
ദോഹ: മുഹമ്മദ് ബിന്‍ സല്മാന്, മുഹമ്മദ് ബിന്‍ സായിദ് എന്നിവരുടെ മാസങ്ങള്‍ നീണ്ട ആസൂത്രണങ്ങള്‍ക്കു ശേഷമാണ് ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചതെന്നും ഇവര്‍ക്കൊപ്പം ചേര്‍ന്ന് തീയില്‍ എണ്ണയൊഴിക്കുന്ന നിലപാടായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റേതെന്നും വെളിപ്പെടുത്തി പുതിയ പുസ്തകം. വാള്‍സ്ട്രീറ്റ് ജേര്‍ണലിലെ മാധ്യമപ്രവര്‍ത്തകരായ ബ്രാഡ്ലി ഹോപ്പും ജസ്റ്റിന് ഷെക്കും എഴുതിയ ‘ബ്ലഡ് ആന്റ് ഓയില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍സ് റുത്ലസ്സ് ക്വസ്റ്റ് ഫോര്‍ ഗ്ലോബല്‍ പവര്‍’ (രക്തവും എണ്ണയും മുഹമ്മദ് ബിന്‍ സല്‍മാന്റെ ആഗോളശക്തിക്കായുള്ള നിഷ്ഠൂരമായ അന്വേഷണം) എന്ന പുസ്കത്തിലാണ് ഈ വെളിപ്പെടുത്തലുകളുള്ളത്.
ഗള്‍ഫ് ഉപരോധം സ്വാധീനമുപയോഗപ്പെടുത്തി പരിഹരിക്കുന്നതിനുപകരം ഖത്തറിനെതിരെ അമേരിക്ക ശത്രുത വളര്‍ത്തുന്നതായി തോന്നി. സംഘര്‍ഷം രൂക്ഷമാക്കാനുള്ള തങ്ങളുടെ ആഗ്രഹത്തെ വൈറ്റ് ഹൗസ് പിന്തുണക്കുന്നതായാണ് സഊദിക്കും കൂട്ടാളികള്‍ക്കും തോന്നിയത്. എന്നാല്‍ അന്നത്തെ
യു എസ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന റെക്സ് ടില്ലേഴ്സണ് കാര്യങ്ങള്‍ കൈവിട്ടുപോകാതിരിക്കാന്‍ ശ്രമിച്ചു. ലോകത്തിലെ ഏറ്റവും വലിയ ആയുധ സ്വീകര്‍ത്താക്കളായ മൂന്നുപേര്‍ പെട്ടെന്ന് പരസ്പരം നില്ക്കാന് തുടങ്ങിയാല്‍ യുഎസിന്റെ അല്‍ഉദൈദ് സൈനിക താവളം അപകടത്തിലാകും. ഖത്തറിനെതിരെ അമേരിക്കന്‍ ടാങ്കുകള്‍, അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍, മിസൈലുകള്‍ എന്നിവയുടെ സഊദി ഉപയോഗമെന്ന ആശയമ ംഗീകരിക്കാനാവില്ലെന്ന് ടില്ലേര്സണ് നിലപാടെടുത്തുവെന്നും പുസ്തകം പറയുന്നു.
ഖത്തറിലെ ഉപരോധം തല്‍ക്ഷണ പ്രതികരണമായിരുന്നില്ല. മുഹമ്മദ് ബിന്‍ സല്മാന്, മുഹമ്മദ് ബിന്‍ സായിദ് എന്നിവര്‍ ഇതിനായി മാസങ്ങളോളം ഗൂഢാലോചന നടത്തി. മേഖലയിലും ആഗോളതലത്തിലും ഖത്തറിന്റെ ഉയര്‍ച്ചയിലുള്ള രൂക്ഷമായ അസൂയയും കോപവുമാണ് അവരെ ഇതിന് േ്രപരിപ്പിച്ചത്. അബുദബിയിലെ കൗശലക്കാരായ ശൈഖുമാരും സഖ്യകക്ഷികളും ചേര്‍ന്ന് ഖത്തറുമായുള്ള ബന്ധം വിഛേദിക്കുന്നതിനും അന്യവത്കരിക്കുന്നതിനുമായി അവസരം തേടുകയായിരുന്നു. മേഖലയുടെ ചരിത്രത്തിലെ ഏറ്റവും ആക്രമണാത്കമായ വിദേശ നയനീക്കമായിരുന്നു അവര്‍ ഖത്തറിനെതിരെ സ്വീകരിച്ചത്. എന്നാലത് അസാമാന്യമായ രീതിയില്‍ തിരിച്ചടിച്ചു. ഖത്തറിനെ ഒറ്റപ്പെടുത്താനും നിര്‍വീര്യമാക്കാനുമുള്ള പദ്ധതി മാസങ്ങളായുള്ളതായിരുന്നുവെന്ന് ഖത്തര്‍ ഉപരോധത്തെക്കുറിച്ചുള്ള ഒരു പ്രത്യേക അധ്യായത്തില്‍ വിശദീകരിക്കുന്നു.
ഖത്തറിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നതിനും തീവ്രവാദത്തിന്റെ പിന്തുണക്കാരായും മിഡില്‍ ഈസ്റ്റിലെ അസ്ഥിരപ്പെടുത്തുന്ന ശക്തിയായും ചിത്രീകരിക്കുന്നതിനുള്ള മാധ്യമ തന്ത്രവും ഇതിന്റെ ഭാഗമായിരുന്നു. സഊദി അറേബ്യയോടുള്ള മനോഭാവത്തെ അടിസ്ഥാനപ്പെടുത്തി മാധ്യമപ്രവര്‍ത്തകരെ സ്വാധീനിക്കാന്‍ ശ്രമിച്ചു. സൗഹൃദപരമോ നിഷ്പക്ഷതയുടെ മുഖംമൂടിയണിഞ്ഞോ ഖത്തറിന്റെ ശത്രുക്കളായി തിരിക്കുകയാണ് ചെയ്തത്. പരിഷ്കര്‍ത്താവ് എന്ന നിലയില്‍ എം.ബി.എസിനെ പ്രശംസിച്ചുകൊണ്ടിരുന്ന ന്യുയോര്‍ക്ക് ടൈംസ് കോളമിസ്റ്റ് ടോം ഫ്രീഡ്മാനായിരുന്നു അവര്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച മാധ്യമപ്രവര്ത്തകന്.
വാഷിംഗ്ടണ്‍ പോസ്റ്റിലെ ഡേവിഡ് ഇഗ്നേഷ്യസ്, ഫോക്സ് ന്യൂസിലെ ബ്രെറ്റ് ബെയര്‍, സി.ബി.എസ് ന്യൂസിലെ നോറ ഓ ഡൊണെല്‍ എന്നിവരും അവരുടെ സ്വാധീന ഗണത്തിലായിരുന്നു. ഏറ്റവും വിരോധമുള്ള മാധ്യമപ്രവര്ത്തകന് സി.എന്‍.എന്നിലെ ഫരീദ് സക്കരിയയായിരുന്നു.
ഖത്തറിലെ ജനങ്ങളുടെ കഷ്ടപ്പാടുകളോട് ട്രംപ് അചഞ്ചലനും വിവേകശൂന്യനുമായിരുന്നുവെന്നും
വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയില്ലെന്നും ഗ്രോസറികളില്‍ പാല് പോലും ലഭിക്കില്ലെന്നും ടില്ലേഴ്സണ് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ വിവേകശൂന്യമായ പ്രതികരണമായിരുന്നു ഉണ്ടായതെന്നും മാധ്യമപ്രവര്‍ത്തകര്‍ പുസ്തകത്തില്‍ വ്യക്തമാക്കുന്നു.
അതേ സമയം ഖത്തര്‍ അതിജീവിച്ചത് പ്രത്യേകം വിശദീകരിക്കുന്നുണ്ട് ഈ രചന. രാജ്യത്തിന്റെ വിശാലമായ സമ്പത്താണ് ഖത്തറിന് സഹായകമായത്. സഊദി മുഖേന പാല് ഇറക്കുമതി ചെയ്യാന്‍ കഴിയാതെ വന്നതോടെ നൂറുകണക്കിന് പശുക്കളെ ഇറക്കുമതി ചെയ്ത് ഡയറി ഫാം തന്നെ സൃഷ്ടിച്ചു.
വിദേശ നയരംഗത്ത് സഊദിയും യുഎഇയും ആഗ്രഹിച്ചതിന്റെ നേര് വിപരീതമാണുണ്ടായത്. ഖത്തറിനെ ഇറാനില്‍ നിന്നും തുര്‍ക്കിയില്‍ നിന്നും വേര്‍തിരിക്കാനാണ് ഉപരോധം ലക്ഷ്യമിട്ടതെങ്കിലും അവര്‍ കൂടുതല്‍ അടുക്കുകയാണ് ഉണ്ടായത്. തുര്‍ക്കി മിഡില്‍ഈസ്റ്റിലെ ആദ്യ സൈനിക താവളംം സജ്ജമാക്കുകയും ചെയ്തു. ഖത്തര്‍ ന്യൂസ് ഏജന്‍സി ഹാക്കിങിനെക്കുറിച്ചു പറയുന്ന പുസ്തകം സഊദി രാജകോടതിയുടെ ഉള്ളറകളിലേക്കും മുഹമ്മദ് ബിന്‍ സല്‍മാന്റെ യഥാര്‍ഥ സ്വഭാവത്തിലേക്കും വെളിച്ചം വീശുന്നുമുണ്ട്.