
ദോഹ: ഖത്തറിലെ അവധിക്കാല വസതികളും ഹോട്ടലായി പരിഗണിക്കാനുള്ള നീക്കത്തിന് മന്ത്രിസഭയുടെ അംഗീകാരം. അവധിക്കാലം ചെലവഴിക്കാവുന്ന വീടുകള്‍ എന്നാല്‍ താമസത്തിനായി തയ്യാറാക്കിയ സജ്ജീകരിച്ച ഭവന യൂണിറ്റുകളായിരിക്കുമെന്നും അവ മുറികളോ അപ്പാര്‍ട്ടുമെന്റുകളോ വീടുകളോ വില്ലകളോ ക്യാമ്പുകളോ ആകട്ടെ വിനോദസഞ്ചാരത്തിനായി പരിഗണിക്കാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു. ഇത് ദിവസ വാടകയ്ക്കോ അല്ലെങ്കില്‍ ആഴ്ചകള്‍, മാസങ്ങള്‍ കാലയളവിലോ താത്കാലിക വാടകക്ക് നല്കാവുന്ന യൂണിറ്റുകളായി പരിഗണിക്കപ്പെടുമെന്നും മന്ത്രിസഭായോഗം വ്യക്തമാക്കി. ഇതു സംബന്ധിച്ച ഖത്തര്‍ ടൂറിസം വകുപ്പിന്റെ അധ്യക്ഷന്‍ നല്കിയ കരട് നിര്‍ദ്ദേശത്തിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയതെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി അറിയിച്ചു.
മന്ത്രിസഭാ യോഗത്തില്‍ ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി അധ്യക്ഷത വഹിച്ചു. ഖത്തറിലെ വിനോദസഞ്ചാര വ്യവസ്ഥ സംബന്ധിച്ച 2018-ലെ ഇരുപതാം നമ്പര്‍ നിയമ പ്രകാരമാണ് അവധിക്കാല വസതികളെ ഹോട്ടല്‍ സ്ഥാപനങ്ങളായി കണക്കാക്കുക.