in ,

വാക്‌സിനേഷന്‍ തുടരുന്നു; 80-90 ശതമാനം പേര്‍ ഇരുഡോസും സ്വീകരിച്ചുകഴിഞ്ഞാല്‍ ഖത്തര്‍ കോവിഡ് മുക്തമാവുമെന്ന് പ്രതീക്ഷ

ഡോ. അബ്ദുല്‍ലത്തീഫ് അല്‍ഖാല്‍

ഖത്തറില്‍ പുതിയ തരംഗങ്ങളുടെ ഭീഷണിയില്ല

ദോഹ: എണ്‍പതു മുതല്‍ തൊണ്ണൂറ് വരെ ശതമാനം പേര്‍ ഇരുഡോസും സ്വീകരിച്ചു കഴിഞ്ഞാല്‍ ഖത്തര്‍ കോവിഡ് മുക്തമാവുമെന്നാണ് പ്രതീക്ഷയെന്ന് ഖത്തറിലെ കോവിഡ്  19 ദേശീയ പദ്ധതി അധ്യക്ഷന്‍ ഡോ. അബ്ദുല്‍ലത്തീഫ് അല്‍ഖാല്‍. വരുന്ന ഏതാനും മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ കോവിഡ് വ്യാപനം കാര്യമായ തോതില്‍ തടയാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഖത്തര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.  കോവിഡിനെതിരായ സജീവ പോരാട്ടത്തില്‍ ഖത്തര്‍  വിജയത്തോടടുക്കുകയാണെന്ന് വേണമെങ്കില്‍ പറയാനാവും. ഏതാനും  മാസങ്ങള്‍ക്കകം പൊതുജനാരോഗ്യത്തിന് ഭീഷണിയില്ലാത്ത വിധം രോഗാവസ്ഥ മാറും.  

ഈ മഹാമാരിയെ ഒരുവിധം തടയിടാന്‍ വാക്‌സിന്‍ 80 ശതമാനം പിന്നിടുന്നതോടെ സാധിക്കും.  രാജ്യത്തെ ജനസംഖ്യയുടെ 60  ശതമാനത്തോളം പേര്‍ പ്രതിരോധ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചുകഴിഞ്ഞു. 46 ശതമാനം പേര്‍ രണ്ട് ഡോസും സ്വീകരിച്ചിട്ടുണ്ട്.  ജനസംഖ്യയുടെ 70 ശതമാനം പേര്‍ വാക്‌സിന്‍ സ്വീകരിച്ചുകഴിഞ്ഞാല്‍ പ്രസ്തുത രാജ്യമൊന്നാകെ സുരക്ഷിതമാവും എന്നായിരുന്നു  നേരത്തെയുള്ള കണക്കുകൂട്ടല്‍. എന്നാല്‍ പുതിയ സാഹചര്യത്തില്‍ അതുപോര.  ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡിന്റെ പലതരം വകഭേദങ്ങള്‍ റിപ്പോര്‍ട്ട്  ചെയ്യുന്ന സാഹചര്യത്തില്‍ 80 മുതല്‍ 90 ശതമാനം പേര്‍ വാക്‌സിന്‍ സ്വീകരിച്ചുകഴിഞ്ഞാല്‍ മാത്രമേ വാക്‌സിനേഷന്‍ പൂര്‍ണ വിജയം പ്രഖ്യാപിക്കാനും ആരോഗ്യകരമായ സാമൂഹിക സാഹചര്യം കൈവരാനും സാധിക്കുകയുള്ളൂ.  
വാക്‌സിനേഷന്‍ സജീവമാക്കിയതോടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാജ്യം ശരിയായ ദിശയില്‍ തന്നെയാണ്  നീങ്ങുന്നതെന്ന് പറയാനാവും. ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കാത്ത വിധം കോവിഡ് വ്യാപനം തടയാന്‍ അധികം വൈകാതെ തന്നെ കഴിയും.

ഒറ്റപ്പെട്ട  കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടേക്കാം. പക്ഷെ കോവിഡ് വ്യാപനഭീഷണി ഒഴിവാക്കാനാവും. ചില രാജ്യങ്ങളില്‍ വാക്‌സിനേഷന്‍ രംഗത്ത് ഏറെ ചുവടു മുന്നേറിയിട്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് ശ്രദ്ധയില്‍ പെടുന്നുണ്ട്.  പക്ഷേ, ഖത്തറില്‍ പുതിയ തരംഗങ്ങളുടെ ഭീഷണിയില്ലെന്നാണ് ഇതേവരെയുള്ള അനുഭവം.  ഏറ്റവും സുരക്ഷിതവും, ഫലപ്രദവുമായാണ് രാജ്യത്ത് വാക്‌സിനേഷന്‍  പുരോഗമിക്കുന്നത്. വാക്‌സിനേഷന്‍ പൂര്‍ത്തിയാവുന്നതുവരെ ജനങ്ങള്‍ ജാഗ്രത കൈവെടിയരുത്. 12 മുതല്‍ 17 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനും ഈ പ്രായത്തിലെ രക്ഷിതാക്കളും ബന്ധുക്കളും ഉത്സാഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ചീഞ്ഞ തക്കാളിയുടെ ചിത്രം ട്വിറ്ററില്‍; ഉടന്‍ റെയ്ഡും നടപടിയുമായി മുന്‍സിപ്പല്‍ ഉദ്യോഗസ്ഥര്‍

എന്‍ കെ ഉസ്താദിന്റെ വിയോഗം; പ്രാര്‍ത്ഥിക്കണമെന്ന് ഐ.സി.എസ് ഖത്തര്‍