ദോഹ: രാജ്യത്ത് കോവിഡ് രോഗം സ്ഥിരീകരിച്ചവര്‍ക്ക് രോഗമുക്തരായി നിശ്ചിത കാലയളവിനുശേഷം മാത്രമായിരിക്കും കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കുകയെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കോവിഡ് ബാധിച്ച ഒരാള്‍ക്ക് സുഖം പ്രാപിച്ച് നിശ്ചിത സമയം വരെ വാക്‌സിന്‍ നല്‍കാനാകില്ലെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുന അല്‍മസ്‌ലമാനി പറഞ്ഞു. കോവിഡ് രോഗബാധിതരുടെ സ്വാഭാവിക പ്രതിരോധശേഷി മൂന്നു മാസത്തേക്ക് നീണ്ടുനില്‍ക്കും.
പ്രതിരോധശേഷി എത്രത്തോളം നീണ്ടുനില്‍ക്കുമെന്ന് കൃത്യമായി അറിയില്ല. ഒന്നിലധികം തവണ രോഗം ബാധിച്ച കേസുകളുമുണ്ട്. രോഗബാധിതര്‍ക്ക് രോഗപ്രതിരോധ ശേഷി എത്രത്തോളം നീണ്ടുനില്‍ക്കുമെന്ന് കണ്ടെത്താന്‍ പഠനങ്ങള്‍ ഇപ്പോഴും തുടരുകയാണ്- ഡോ.അല്‍മസ്‌ലമാനി ചൂണ്ടിക്കാട്ടി. ഖത്തര്‍ നാഷണല്‍ ലൈബ്രറി സംഘടിപ്പിച്ച വിര്‍ച്വല്‍ സെഷനില്‍ സംസാരിക്കവെയാണ് അവര്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
കോവിഡ്-19 വാക്‌സിന്‍സ്- വസ്തുതക്കും വ്യാജവാര്‍ത്തകള്‍ക്കുമിടയില്‍ എന്ന തലക്കെട്ടിലായിരുന്നു സെഷന്‍. വാക്‌സിന്‍ ലഭിച്ചവരെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. കുത്തിവെപ്പെടുത്ത സ്ഥലത്ത് വേദന, അല്ലെങ്കില്‍ താപനിലയില്‍ നേരിയ വര്‍ധന തുടങ്ങിയ നേരിയ ലക്ഷണങ്ങള്‍ മാത്രമെ കണ്ടെത്തിയിട്ടുള്ളു. വാക്‌സിന്റെ രണ്ടാമത്തെ ഡോസ് അല്‍പ്പം ശക്തമാണ്. എന്നാല്‍ പാര്‍ശ്വഫലങ്ങള്‍ രണ്ടുദിവസത്തിലധികം പ്രകടമാകില്ല.
തുടര്‍ന്ന് അവ അപ്രത്യക്ഷമാകും. ക്ഷീണം, വയറിളക്കം എന്നിവ ഈ സമയത്ത് ഉണ്ടായേക്കാം- ഡോ. അല്‍മസ്‌ലമാനി പറഞ്ഞു.
കടുത്ത വേദനയോ കണ്ണിലെ നീര്‍വീക്കം അല്ലെങ്കില്‍ ആദ്യത്തെ ഡോസ് കഴിച്ചതിനുശേഷം ശ്വസിക്കുന്നതിലെ പ്രശ്‌നമോ പോലുള്ള കാര്യമായ സങ്കീര്‍ണതകള്‍ ഉണ്ടെങ്കില്‍ അവര്‍ രണ്ടാമത്തെ ഡോസ് എടുക്കരുതെന്നും നിര്‍ദേശിച്ചു. വാക്‌സിന്‍ സ്വീകരിച്ചവരും മാസ്‌ക് ധരിക്കല്‍ ഉള്‍പ്പടെയുള്ള മുന്‍കരുതല്‍ നടപടികള്‍ തുടരണം.
കാരണം വാക്‌സിനുകളുടെ ഫലപ്രാപ്തി 95 ശതമാനമാണ്, അതിനാല്‍ ആ വ്യക്തിക്ക് രോഗം വരാനുള്ള സാധ്യത അഞ്ചുശതമാനം ശേഷിക്കുന്നുണ്ട്. വിവിധ കമ്പനികളില്‍നിന്നുള്ള വാക്‌സിന്‍ ഒരു വ്യക്തിക്ക് നല്‍കുന്നത് ഉചിതമല്ലെന്നും അവര്‍ പറഞ്ഞു. കോവിഡിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ അവഗണിക്കണം. പൊതുജനാരോഗ്യ മന്ത്രാലയത്തില്‍ നിന്നോ ലോകാരോഗ്യ സംഘടനയില്‍ നിന്നോ മറ്റ് വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്നോ ഉള്ള വാര്‍ത്തകളെ മാത്രമാണ് ആശ്രയിക്കേണ്ടത്- ഡോ. അല്‍മസ്‌ലമാനി വിശദീകരിച്ചു.