in

വന്ദേഭാരത് മിഷന്‍ അഞ്ചാം ഘട്ടം: എയര്‍ഇന്ത്യ സര്‍വീസുകള്‍ പ്രഖ്യാപിച്ചു

ദോഹ: പ്രവാസികളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുപോകുന്ന വന്ദേഭാരത് മിഷന്‍ അഞ്ചാംഘട്ടത്തില്‍ കേരളത്തിലേക്ക് എയര്‍ഇന്ത്യ സര്‍വീസ് നടത്തും. ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന രജിസ്ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് എയര്‍ഇന്ത്യയുടെ http://airindia.in എന്ന ലിങ്ക് മുഖേനയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ http://www.airindiaexpress.in/ ലിങ്ക് മുഖേനയും ബുക്കിങ് നടത്താം. ഇന്ത്യന്‍ എംബസിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലെ വിവരങ്ങള്‍ പ്രകാരം ഓഗസ്റ്റ് ഒന്നു മുതല്‍ പതിനഞ്ച് വരെ കാലയളവില്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ്സ് പതിനാല് സര്‍വീസുകള്‍ നടത്തും. ഇതില്‍ ആറു സര്‍വീസുകള്‍ കേരളത്തിലേക്കാണ്.
കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് രണ്ടുവീതവും കൊച്ചിയിലേക്കും കണ്ണൂരിലേക്കും ഒന്നുവീതവും സര്‍വീസുകളുണ്ടായിരിക്കും. കൂടാതെ മുംബൈ, ചെന്നൈ, തിരുച്ചിറപ്പള്ളി, ജെയ്പൂര്‍ വഴി ഡല്‍ഹി, അമൃതസര്‍ വഴി ഡല്‍ഹി, ഹൈദരാബാദ് വഴി മുംബൈ സര്‍വീസുകളുണ്ടായിരിക്കും. വന്ദേഭാരത് മിഷനിന്റെ നാലാംഘട്ടത്തില്‍ ഇന്ത്യയിലേക്ക് എട്ടു സര്‍വീസുകള്‍ കൂടി എയര്‍ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവയെല്ലാം കേരളത്തിനു പുറത്തേക്കാണ്. വന്ദേഭാരത് മിഷനില്‍ ഇതുവരെയായി 454 കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ 25,542 പേരാണ് ഇന്ത്യയിലേക്ക് മടങ്ങിയത്. കുഞ്ഞുങ്ങള്‍ക്കു പുറമെ 25,088 പേരായിരുന്നു യാത്രക്കാര്‍. 139 വിമാനങ്ങളിലായാണ് ഇത്രയധികം പേര്‍ നാട്ടിലേക്ക് മടങ്ങിയത്. ഇതില്‍ ബഹുഭൂരിപക്ഷം സര്‍വീസുകളും കേരളത്തിലേക്കായിരുന്നു. ഓഗസ്റ്റ് ഒന്നു മുതല്‍ ഇന്‍ഡിഗോ കേരളത്തിലെ പന്ത്രണ്ട് സര്‍വീസ് ഉള്‍പ്പടെ ഇന്ത്യയിലേക്ക് 37 സര്‍വീസുകള്‍ പ്രഖ്യാപിച്ചിരുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

പകര്‍ച്ചവ്യാധി പ്രതിരോധം: ദേശീയ റഫറന്‍സ് ലബോറട്ടറി ഉടന്‍

രാജ്യാന്തര എല്‍എന്‍ജി സമ്മേളനം 2025ല്‍ ഖത്തറില്‍