
ദോഹ: കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് പ്രവാസികളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടു പോകുന്ന വന്ദേ ഭാരത് മിഷന്റെ നാലാംഘട്ടത്തിനു തുടക്കമായി. ആദ്യ സര്‍വീസ് ഇന്നലെ ലക്നൗവിലേക്ക് നടന്നു.
6ഇ 8715 ഇന്‍ഡിഗോ വിമാനത്തില്‍ ഒരു കുഞ്ഞ് ഉള്‍പ്പടെ 213 പേരാണ് ഇന്നലെ ഇന്ത്യയിലേക്ക് മടങ്ങിയത്. ഇതുവരെ നാട്ടിലേക്ക് മടങ്ങിയത് 241 കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ 9157 പേര്. കുഞ്ഞുങ്ങള്‍ക്കു പുറമെ 8916 പേരാണ് യാത്രക്കാരായുണ്ടായിരുന്നത്. 51 വിമാനങ്ങളിലായാണ് ഇത്രയധികം പേര് നാട്ടിലെത്തിയത്. ഇതില്‍ ബഹുഭൂരിപക്ഷം സര്‍വീസുകളും കേരളത്തിലേക്കായിരുന്നു. ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്, അടിയന്തര ചികിത്സ ആവശ്യമുളളവര്‍, ജോലി നഷ്ടപ്പെട്ടവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന. ആദ്യ മൂന്നു ഘട്ടങ്ങളില്‍ നിന്നും വ്യത്യസ്തമായി നാലാം ഘട്ടത്തില്‍ ഇന്‍ഡിഗോയാണ് സര്‍വീസുകള്‍ നടത്തുന്നത്. ആദ്യഘട്ടങ്ങളില്‍ എയര്‍ഇന്ത്യയായിരുന്നു സര്‍വീസ് നടത്തിയിരുന്നത്. വന്ദേഭാരത് മിഷന്റെ ഭാഗമായി ഇന്ന് കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് ഓരോന്നുവീതം സര്‍വീസുകളുണ്ടാകും.