
ദോഹ: പ്രവാസികളെ മടക്കിക്കൊണ്ടു പോകുന്ന വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇന്നലെ കൊച്ചി, ലക്‌നൗ വിമാനങ്ങളിലായി പതിനൊന്ന് കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ 366 പേര്‍ കൂടി ഇന്ത്യയിലേക്ക് മടങ്ങി. ഇന്നലെ ഉച്ചക്ക് 2.45 ന് പുറപ്പെടേണ്ടിയിരുന്ന ഐഎക്‌സ് 1774 കണ്ണൂര്‍ വിമാനം രാത്രി വൈകിയാണ് പുറപ്പെട്ടത്.
സാങ്കേതിക തകരാറിനെത്തുടര്‍ന്നാണ് വിമാനസര്‍വീസ് വൈകിയത്. കുഞ്ഞുങ്ങളും ഗര്‍ഭിണികളും രോഗികളും ഉള്‍പ്പടെ 180 ഓളം യാത്രക്കാരാണ് വിമാനം വൈകിയതിനെത്തുടര്‍ന്ന് വലഞ്ഞത്. വിമാനം പുറപ്പെടുന്നതിനു നാലു മണിക്കൂര്‍ മുന്‍പ് എത്തണമെന്ന് അറിയിച്ചതിനാല്‍ മിക്കവരും വളരെ നേരത്തെതന്നെ വിമാനത്താവളത്തിലെത്തിയിരുന്നു. വിമാനത്താവളത്തില്‍ ദീര്‍ഘനേരം കാത്തിരുന്നവര്‍ക്ക് ഖത്തര്‍ കെ എം സി സി നാദാപുരം മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകരുടെ ഇടപെടല്‍ സഹായകരമായി. വെള്ളവും സ്‌നാക്‌സുമെത്തിച്ചാണ് ഇവര്‍ യാത്രക്കാര്‍ക്ക് ആശ്വാസം പകര്‍ന്നത്. എട്ടു കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ 183 യാത്രക്കാരുമായി ഇന്നലെ രാവിലെയാണ് എയര്‍ഇന്ത്യയുടെ ഐഎക്‌സ് 1476 വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടത്.

തുടര്‍ന്ന് മൂന്നു കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ 183 യാത്രക്കാരുമായി ഐഎക്‌സ് 1128 ലക്‌നൗ വിമാനവും പറന്നു. ഇതുവരെ ഇന്ത്യയിലേക്ക് മടങ്ങിയത് 145 കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ 5229 പേര്‍. കുഞ്ഞുങ്ങള്‍ക്കു പുറമെ 5084 പേരാണ് യാത്രക്കാരായുണ്ടായിരുന്നത്. 30 വിമാനങ്ങളിലായാണ് ഇത്രയധികം പേര്‍ നാട്ടിലെത്തിയത്. ഇതില്‍ ബഹുഭൂരിപക്ഷം സര്‍വീസുകളും കേരളത്തിലേക്കായിരുന്നു. ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, അടിയന്തര ചികിത്സ ആവശ്യമുളളവര്‍, ജോലി നഷ്ടപ്പെട്ടവര്‍ എന്നിവരെ ഉള്‍പ്പടെയാണ് മുന്‍ഗണനാപട്ടികയില്‍ നിന്നും യാത്രക്കായി തെരഞ്ഞെടുത്തത്. വന്ദേഭാരത് മിഷനില്‍ ഇന്ന് മുംബൈയിലേക്കും കോഴിക്കോടേക്കും ഓരോന്നുവീതം സര്‍വീസുകളുണ്ടാകും. നാളെ തിരുവനന്തപുരത്തേക്കും സര്‍വീസുണ്ട്.