Saturday, August 15ESTD 1934

വന്ദേഭാരത് മിഷന്‍ നാലാംഘട്ടം: ഇന്‍ഡിഗോ ഓണ്‍ലൈന്‍ ബുക്കിംഗ്‌ ഇന്ന് വൈകുന്നേരം മുതല്‍

ദോഹ: കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന്  പ്രവാസികളെ  ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടു പോകുന്ന വന്ദേ ഭാരത് മിഷന്റെ നാലാം ഘട്ടത്തിന്റെ ഭാഗമായി ഖത്തറില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഇന്‍ഡിഗോ വിമാന സര്‍വീസുകളുടെ  ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ഇന്ന് വൈകുന്നേരം മുതല്‍ തുടങ്ങും. സ്വദേശത്തേക്ക് മടങ്ങുന്നതിനായി ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാവര്‍ക്കും സീറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം.  എംബസിയില്‍ ഇതേവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ ആദ്യം https://www.indianembassyqatar.gov.in/indian_nationals_repatriation_reg_form എന്ന ഈ ലിങ്കില്‍ കയറി രജിസ്റ്റര്‍ ചെയ്യണം.
കേരളത്തിലേക്കു മാത്രം 151 സര്‍വീസുകളാണ്  നാലാംഘട്ടത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.  ഇന്ത്യയിലെ ആറു സംസ്ഥാനങ്ങളിലേക്കായി ആകെ 193 സര്‍വീസുകളായിരിക്കും ഉണ്ടാവുക. ആഗസ്ത് 15 വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോയായിരിക്കും  ഈ 193 സര്‍വീസുകളും നടത്തുക. കേരളത്തിലേക്കുള്ള 151 സര്‍വീസൂകള്‍ക്കു പുറമെ തമിഴ്‌നാടിലേക്ക് പന്ത്രണ്ടും ഉത്തര്‍പ്രദേശിലേക്കും മഹാരാഷ്ട്രയിലേക്കും ഏഴു വീതവും തെലങ്കാനയിലേക്കും കര്‍ണാടകയിലേക്കും എട്ടുവീതവും സര്‍വീസുകളുണ്ടായിരിക്കും. കേരളത്തില്‍ തിരുവനന്തപുരത്തേക്ക് 34, കോഴിക്കോടേക്ക് 35, കൊച്ചിയിലേക്ക് 47, കണ്ണൂരിലേക്ക് 35 വീതം സര്‍വീസുകളായിരിക്കും ഉണ്ടായിരിക്കുക. കേരളത്തിലെ നാലു വിമാനത്താവളങ്ങള്‍ക്കു പുറമെ മുംബൈ, ലക്‌നൗ, ഹൈദരാബാദ്, ചെന്നൈ, ബംഗളരു വിമാനത്താവളങ്ങളിലേക്കും സര്‍വീസുകളുണ്ടാകും. ബുക്കിംഗിന്: https://www.goindigo.in

error: Content is protected !!