
ദോഹ: കേരളത്തിലേക്ക് 15 സര്‍വ്വീസുകള്‍ ഉള്‍പ്പെടെ വന്ദേഭാരത് മിഷന്റെ ഭാഗമായി ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സര്‍വ്വീസ് പ്രഖ്യാപിച്ചു. വന്ദേഭാരത് മിഷന് ഖത്തര്‍ രണ്ടാം ഘട്ട തുടര്‍ സര്‍വീസുകളുടെ ഭാഗമായാണിതെന്ന് ബന്ധപ്പെട്ടവര്‍ വിശദീകരിച്ചു. പുതിയ ഷെഡ്യൂള്‍ പ്രകാരം ജൂണ്‍ 9-നാണ് സര്‍വീസ് തുടങ്ങുക. കൊച്ചി (4), കണ്ണൂര്‍ (3), തിരുവനന്തപുരം (4), കോഴിക്കോട് (4) എന്നിങ്ങനെയാണ് സര്‍വീസുകള്‍. ജൂണ്‍ 9 ന് ആരംഭിക്കുന്ന സര്‍വീസ് ജൂണ്‍ 19 വരെ നീളും. ജൂണ്‍ 9ന് കണ്ണൂരിലേക്കാണ് ആദ്യ വിമാനം. കേരളത്തിന് പുറമേ, മുംബൈ, ലക്നൗ, മധുര, ട്രിച്ചി, ദല്‍ഹി, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്കും ഓരോ സര്‍വീസുകളുണ്ട്. മെയ് 9 ന് ആരംഭിച്ച ഒന്നാം ഘട്ടത്തില്‍ കേരളത്തിലേക്ക് 2 സര്‍വീസുകളാണ് നടത്തിയത്. രണ്ടാം ഘട്ടത്തില്‍ ഫിത്വര്‍ പെരുന്നാളിന് മുമ്പ് 3 സര്‍വീസും ശേഷം 5 സര്‍വീസുകളുമാണ് ഉണ്ടായിരുന്നത്. നാളെ കണ്ണൂരിലേക്ക് കൂടി വിമാനം പോകുന്നതോടെ പെരുന്നാളിന് ശേഷമുള്ള നേരത്തെ പ്രഖ്യാപിച്ച സര്‍വ്വീസ് കഴിയും.
ഇന്ത്യയിലേക്ക് മടങ്ങാനായി 45,000 പേരാണ് ഇന്ത്യന്‍ എംബസിയില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 28,000 ത്തോളം പേരും മലയാളികളാണ്. വന്ദേഭാരത് മിഷന്റെ ഭാഗമായി ദോഹയില്‍ നിന്ന് പോയ 17 വിമാനങ്ങളിലായി ഇതുവരെ 76 കുട്ടികളും 2,828 മുതിര്‍ന്നവരുമാണ് ഇന്ത്യയിലെത്തിയത്.