
ദോഹ: കൊറോണ വൈറസ്(കോവിഡ്-19) രോഗബാധയില്‍നിന്നും കുഞ്ഞുങ്ങളെയും നവജാത ശിശുക്കളെയും സംരക്ഷിക്കുന്നതിനായി വിസിയു ആര്‍ട്‌സ് ഖത്തര്‍ ഫെയ്‌സ് ഷീല്‍ഡുകള്‍ നിര്‍മിക്കുന്നു. കോവിഡിനെ പ്രതിരോധിക്കുന്നതിന് ഖത്തര്‍ ഫൗണ്ടേഷന്റെ പങ്കാളിത്ത സര്‍വകലാശാലയായ വിര്‍ജീനിയ കോമണ്‍വെല്‍ത്ത് യൂണിവേഴ്സിറ്റി(വിസിയു) വിവിധ തലങ്ങളില്‍ കമ്യൂണിറ്റി സംരംഭങ്ങള്‍ നടപ്പാക്കുന്നുണ്ട്. ആരോഗ്യപ്രവര്‍ത്തകരെ സംരക്ഷിക്കുന്നതിനായി നേരത്തെ ലേസര്‍കട്ട് ഫെയ്‌സ് ഷീല്‍ഡുകള്‍ നിര്‍മിച്ചിരുന്നു.
ഇതിന്റെ തുടര്‍ച്ചയായാണ് കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ സമൂഹത്തിലെ ഏറ്റവും ദുര്‍ബല ഗ്രൂപ്പുകളെ സംരക്ഷിക്കുന്നതിനായി ഫെയ്‌സ് ഷീല്‍ഡുകള്‍ നിര്‍മിക്കുന്നത്. കുഞ്ഞുങ്ങളെയും മറ്റും കോവിഡില്‍ നിന്നും സംരക്ഷിക്കുകയെന്നത് ലോകമെമ്പാടുമുള്ള ആരോഗ്യസംരക്ഷണ വിദഗ്ദ്ധര്‍ നേരിടുന്ന വെല്ലുവിളിയാണ്. നവജാതശിശു തീവ്രപരിചരണത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ(എച്ച്എംസി) നിയോനാറ്റല്‍ തീവ്രപരിചരണ വിഭാഗത്തിന്റെ(എന്‍ഐസിയു) മെഡിക്കല്‍ ഡയറക്ടറുമായ ഡോ. മയി അല്‍ഖുബൈസിയുടെ നേതൃത്വത്തിലാണ് ഇത്തരമൊരു സംരംഭത്തിനു തുടക്കംകുറിക്കുന്നത്. കോവിഡ് രോഗം പിടിപെടുന്നതില്‍ നിന്നും കുഞ്ഞുങ്ങളെ എങ്ങനെ സംരക്ഷിക്കാമെന്ന ഡോ. മയിയുടെ ചിന്തയില്‍ നിന്നാണ് ഇത്തരമൊരു ആശയം രൂപപ്പെട്ടത്. കോവിഡ് കേസുകള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളായ ചൈന, തായ്‌വാന്‍ എന്നിവിടങ്ങളിലെല്ലാം നവജാശ ശിശുക്കള്‍ക്ക് മുഖകവചം(ഫെയ്‌സ് ഷീല്‍ഡ്) ഉപയോഗിക്കാന്‍ തുടങ്ങിയതിന്റെ വാര്‍ത്തകളും റിപ്പോര്‍ട്ടുകളും വായിച്ചിരുന്നു. ഖത്തറില്‍ കേസുകളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ വേഗത്തില്‍ പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമായിരുന്നുവെന്ന് ഡോ. അല്‍ഖുബൈസി ചൂണ്ടിക്കാട്ടുന്നു. എന്‍ഐസിയുവില്‍ ജനിച്ച ചില കുഞ്ഞുങ്ങളുടെ മാതാക്കളില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തന്റെ ആദ്യത്തെ പ്രതികരണം അവരുടെ ശിശുക്കളുടെ സുരക്ഷ ഉറപ്പാക്കലായിരുന്നു- ഡോ. അല്‍ ഖുബൈസി പറഞ്ഞു. ശിശുക്കളുടെ സംരക്ഷണത്തിനായി സ്വീകരിക്കേണ്ട നടപടികള്‍ വേഗത്തിലാക്കി. ഉചിതമായ മാര്‍ഗങ്ങള്‍ക്കായി ഓണ്‍ലൈനില്‍ തെരഞ്ഞെങ്കിലും കാര്യമായ പരിഹാരമാര്‍ഗങ്ങളൊന്നും കണ്ടെത്താനായില്ല. വിസിയു ആര്‍ട്‌സ് ഖത്തര്‍ നിര്‍മിക്കുന്ന ഫെയ്‌സ് ഷീല്‍ഡുകളുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കണ്ടതായി മരുമകള്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് കുഞ്ഞുങ്ങള്‍ക്കും ഫെയ്‌സ് ഷീല്‍ഡെന്ന ആശയം രൂപപ്പെട്ടത്.
തുടര്‍ന്ന് വെയ്ല്‍ കോര്‍ണല്‍ മെഡിസിന്‍ ഖത്തര്‍ മുഖേന വിസിയു ആര്‍ട്‌സ് ഖത്തറുമായി ബന്ധപ്പെടുകയായിരുന്നു. വിസിയുവിന്റെ സ്‌കൂള്‍ ഓഫ് ആര്‍ട്സിന്റെ ലാബുകളില്‍ നേരത്തെ ഫെയ്‌സ് ഷീല്‍ഡുകളുടെ ഡിസൈന്‍ വികസിപ്പിച്ചിരുന്നു. യൂണിവേഴ്‌സിറ്റിയിലെ ഫാബ് ലാബ് ടീം അമേരിക്കയിലെ ഫാബ്രിക്കേറ്റര്‍മാര്‍, യൂണിവേഴ്‌സിറ്റികള്‍ എന്നിവയുമായി സഹകരിച്ചാണ് സംരക്ഷിത മുഖപരിചകള്‍(പ്രൊട്ടക്റ്റീവ് ഫെയ്‌സ് ഷീല്‍ഡ്) നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനത്തിലായിരുന്നു. ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍ ലാബ്- വൂഡ്‌ഷോപ്പ് കോര്‍ഡിനേറ്റര്‍ ക്രിസ്റ്റഫര്‍ ബുച്ചാജിയാനായിരുന്നു നേതൃത്വം നല്‍കിയത്. കുഞ്ഞുങ്ങള്‍ക്ക് സംരക്ഷിത കവചങ്ങള്‍ വേണ്ടതിന്റെ അടിയന്തര സാഹചര്യം മനസിലാക്കിയ വിസിയു ആര്‍ട്‌സ് ഖത്തര്‍ ഡിസൈനര്‍മാര്‍ ഡോ. അല്‍ഖുബൈസിയുമായി കൂടിക്കാഴ്ച നടത്തുകയും ഫെയ്‌സ് ഷീല്‍ഡിന്റെ അളവുകളും രൂപകല്‍പ്പനയും സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. സമയബന്ധിതമായി തന്നെ വിസിയു ആര്‍ട്‌സ് ടീം ഫെയ്‌സ് ഷീല്‍ഡുകളുടെ നിര്‍മാണം തുടങ്ങി. ഈദ് അവധിയുടെ രണ്ടാംദിനത്തില്‍ കുഞ്ഞുങ്ങള്‍ക്കായുള്ള ആദ്യ ബാച്ച് ഫെയ്‌സ് ഷീല്‍ഡുകള്‍ കൈമാറി. വിസിയു ടീം അക്ഷരാര്‍ഥത്തില്‍ വിശ്രമരഹിതമായി പ്രവര്‍ത്തിച്ചാണ് കുറഞ്ഞ സമയത്തിനുള്ളില്‍ ഇവ നിര്‍മിച്ച് കൈമാറിയത്. അവരുടെ അര്‍പ്പണമനോഭാവത്തെയും കഠിനാധ്വാനത്തെയും പ്രശംസിക്കുകയും വിലമതിക്കുന്നു. കുഞ്ഞുങ്ങള്‍ക്കായി അവധിദിവസങ്ങളില്‍ പോലും പ്രവര്‍ത്തിച്ച് ഇത് സാധ്യമാക്കിയത് ഒരിക്കലും മറക്കാനാവാത്ത മാനുഷിക പ്രവര്‍ത്തനമാണെന്ന് ഡോ. അല്‍ഖുബൈസി ചൂണ്ടിക്കാട്ടി.
വിസിയു ആര്‍ട്ട്‌സ് ഖത്തറിന്റെ ആരോഗ്യ-സുരക്ഷാ വകുപ്പ് വിതരണം ചെയ്ത ശിശു വലുപ്പത്തിലുള്ള പാവകളെയാണ് ഫെയ്‌സ് ഷീല്‍ഡ് നിര്‍മാണത്തിനായി ഉപയോഗിച്ചത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നൂറു ശിശു മുഖകവചങ്ങള്‍ നിര്‍മിക്കുന്നതിലും വിതരണം ചെയ്യുന്നതിലും തങ്ങള്‍ വിജയിച്ചതായി ഡോ. അല്‍ഖുബൈസി പറഞ്ഞു. വിപുലമായ രീതിയില്‍ ഉത്പാദനത്തിന് പദ്ധതികളുണ്ടെന്നും അവര്‍ പറഞ്ഞു. ഇപ്പോള്‍ നിര്‍മിച്ചിരിക്കുന്ന മുഖകവചങ്ങള്‍ ക്യുബന്‍ ആസ്പത്രിയിലെയും എച്ച്എംസിയിലെയും എന്‍ഐസിയുവില്‍ ഉപയോഗിക്കുന്നുണ്ട്.