
ദോഹ: അടുത്തമാസം മുതല്‍ രാജ്യത്തെ ഫാഹിസ് കേന്ദ്രങ്ങളില്‍ സാധാരണ പ്രവര്‍ത്തനം പുനരാരംഭിക്കും. ഗതാഗത വകുപ്പുമായി ഏകോപിപ്പിച്ച് വാഹന പരിശോധനാ സേവനങ്ങള്‍ വീണ്ടും തുടങ്ങും. ഇന്‍ഡസ്ട്രിയല്‍ ഏരിയ ഒഴികെയുള്ള എല്ലാ ഫാഹിസ് കേന്ദ്രങ്ങളും ഓഗസ്റ്റ് ഒന്‍പതു മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കും. വാഹനങ്ങളെ പരിശോധനയില്‍നിന്നും ഒഴിവാക്കാനുള്ള തീരുമാനം ഓഗസ്റ്റ് ഒന്നു മുതല്‍ നിര്‍ത്തലാക്കും. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലാണ് വാഹനങ്ങളുടെ പരിശോധനക്ക് ഇളവ് അനുവദിച്ചിരുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി നീക്കുന്നതിന്റെ ഭാഗമായാണ് ഇളവ് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ജൂലൈ 31നു ശേഷം പരിശോധനക്കായി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനങ്ങള്‍ ഫാഹിസ് കേന്ദ്രങ്ങളിലെത്തിച്ച് പൂര്‍ണ പരിശോധനക്ക് വിധേയമാക്കണം. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഫാഹിസ് കേന്ദ്രത്തില്‍ പരിശോധിച്ചുവന്നിരുന്ന ഹെവി വാഹനങ്ങള്‍ അല്‍മസ്‌റുഅയിലെ ഫാഹിസ് കേന്ദ്രത്തില്‍ പരിശോധിക്കും. കോവിഡ് മുന്‍കരുതലുകളുടെ ഭാഗമായാണ് ഇസ്തിമാറ പുതുക്കുന്നതിനു മുമ്പുള്ള വാഹനങ്ങളുടെ സാങ്കേതിക പരിശോധന കഴിഞ്ഞ കുറേ മാസങ്ങളായി ഒഴിവാക്കിയിരുന്നത്.