Tuesday, July 7ESTD 1934

അല്‍ഷഹാനിയ മുനിസിപ്പാലിറ്റിയില്‍ ശുചിത്വ ലംഘനങ്ങള്‍ കണ്ടെത്തി

ശഹാനിയ മുനിസിപ്പാലിറ്റിയിലെ പൊതു ശുചിത്വ വകുപ്പ് അല്‍അരീഷ് ബീച്ചില്‍ നിന്നും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നു

ദോഹ: അല്‍ഷഹാനിയ മുനിസിപ്പാലിറ്റിയില്‍ പൊതു ശുചിത്വ നിയമ ലംഘനങ്ങള്‍ പിടികൂടി. മുനിസിപ്പാലിറ്റി ഇന്‍സ്‌പെക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ അഞ്ചു ഷോപ്പുകള്‍ക്കും മൂന്നു വ്യക്തികള്‍ക്കുമെതിരെ നടപടിയെടുത്തു. ഉപയോഗിച്ച മാസ്‌ക്കുകളും കയ്യുറകളും നിര്‍ദ്ദിഷ്ട സ്ഥലങ്ങളിലല്ലാതെ വലിച്ചെറിഞ്ഞതുമായി ബന്ധപ്പെട്ട നിയമലംഘനമാണ് പിടികൂടിയത്. സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും പൊതുസ്ഥലങ്ങള്‍ക്കും മുന്നിലാണ് മാസ്്ക്കുകളും ഗ്ലൗസുകളും വലിച്ചെറിഞ്ഞത്.
നിയമലംഘകര്‍ക്കെതിരെ ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കും. പൊതുശുചിത്വം സംബന്ധിച്ച 2017ലെ 18-ാം നമ്പര്‍ നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കണമെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം പൊതുജനങ്ങളോടു ആവശ്യപ്പെട്ടു.
ഉപയോഗിച്ച കയ്യുറകളും മാസ്‌ക്കുകളും ഷോപ്പിങിനുശേഷം സുരക്ഷിതമായി നിര്‍ദ്ദിഷ്ട സ്ഥലങ്ങളിലെ മാലിന്യബോക്‌സുകളില്‍ നിക്ഷേപിക്കുകയാണ് വേണ്ടതെന്നും മന്ത്രാലയം നിര്‍ദേശിച്ചു. അതേസമയം, ബീച്ചുകളുടെയും ദ്വീപുകളുടെയും ഭംഗി സംരക്ഷിക്കാനുള്ള പൊതു ശുചിത്വ വകുപ്പ് നടത്തുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയായി അല്‍അരിഷ് കടല്‍ത്തീരത്ത് ശുചിത്വ കാമ്പയിന്‍ നടത്തി. രണ്ടു ടണ്‍ മാലിന്യങ്ങള്‍ ഈ മേഖലയില്‍നിന്നും നീക്കം ചെയ്തു. അല്‍ഖോര്‍ അല്‍ദഖിറ മുനിസിപ്പാലിറ്റി, പ്രകൃതി സംരക്ഷണ വകുപ്പുമായി സഹകരിച്ച് അല്‍ഖോര്‍ നഗരത്തിലെ മലിനജല സ്റ്റേഷന് സമീപമുള്ള ചതുപ്പ് സ്ഥലം മൂടിത്തുടങ്ങി. ഇതുവരെ സൈറ്റിന്റെ മൊത്തം വിസ്തൃതിയുടെ 50,000 ചതുരശ്രമീറ്റര്‍ മൂടി. മുഴുവന്‍ സൈറ്റും പൂര്‍ത്തിയാകുന്നതുവരെ നടപടികള്‍ തുടരും. ഖരവസ്തുക്കള്‍ ഉപയോഗിച്ചാണ് ചതുപ്പുസ്ഥലം മൂടുന്നത്.
മുനിസിപ്പാലിറ്റിയും പ്രകൃതിസംരക്ഷണ വകുപ്പും മേല്‍നോട്ടം വഹിക്കുന്നുണ്ട്. അല്‍ദായേന്‍ മുനിസിപ്പാലിറ്റിയിലെ ലബൈബ് പ്രദേശത്ത്് ഫാമിനു പുറത്ത് നിയമവിരുദ്ധമായി നിര്‍മിച്ച കെട്ടിടം പൊളിച്ചുനീക്കി. സര്‍ക്കാര്‍ സ്ഥലം കയ്യേറിയതിനാണ് നിയമനടപടി സ്വീകരിച്ചത്. പൊതു, സ്വകാര്യ ദേശീയ സ്വത്ത് സംബന്ധിച്ച 1987ലെ പത്താംനമ്പര്‍ നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനമാണിത്. പൊതുശുചിത്വ വകുപ്പിന്റെ നേതൃത്വത്തില്‍ ദോഹ കോര്‍ണീഷില്‍ നിന്നും തടിനിര്‍മിത ബോട്ട് നീക്കം ചെയ്തു. വിമാനത്താവളത്തിലെ മാലിന്യങ്ങളും നീക്കം ചെയ്തു.

error: Content is protected !!