
ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍(എച്ച്എംസി) നൂതന അടിയന്തര കണ്‍സള്‍ട്ടേഷന്‍ സേവനത്തിന് മികച്ച പ്രതികരണം. ആഴ്ചയില്‍ ശരാശരി 5000 വെര്‍ച്വല്‍ കണ്‍സള്‍ട്ടേഷനുകളാണ് നല്‍കുന്നത്. കൊറോണ വൈറസ്(കോവിഡ്-19) മഹാമാരിയുടെ വെളിച്ചത്തില്‍ വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള മുന്‍കരുതല്‍ പ്രതിരോധ നടപടികളുടെ ഭാഗമായാണ് വിര്‍ച്വല്‍ സേവനത്തിന് തുടക്കമായത്. രോഗികള്‍ക്ക് ആസ്പത്രി സന്ദര്‍ശിക്കേണ്ട സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം.
രോഗികള്‍ക്ക് ടെലിഫോണ്‍ മുഖേന പരിചരണം നല്‍കും. രണ്ടാഴ്ച മുന്‍പാണ് ഈ സേവനത്തിന് തുടക്കമായത്. കോവിഡിന്റെ നിലവിലെ സാഹചര്യം കാരണം ഇപ്പോള്‍ സേവനം മൂന്നാമത്തെ ആഴ്ചയിലേക്ക് പ്രവേശിക്കുകയാണെന്ന് എച്ച്എംസി യൂറോളജി വിഭാഗം മേധാവി ഡോ. ഖാലിദ് അല്‍റുമൈഹി പറഞ്ഞു. ആസ്പത്രിയിലേക്കുള്ള രോഗികളുടെ സന്ദര്‍ശനം പരമാവധി കുറക്കുന്നതിനാണ് എച്ച്എംസി ഈ സേവനം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖത്തര്‍ ട്രിബ്യൂണിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിയന്തര പരിചരണ ആവശ്യങ്ങള്‍ക്കായി മാത്രമാണ് ഈ സേവനം. ആദ്യഘട്ടത്തില്‍ പതിനൊന്ന് സ്‌പെഷ്യാലിറ്റികളെയാണ് ഉള്‍പ്പെടുത്തിയതെങ്കിലും പിന്നീട് നാലു സ്‌പെഷ്യാലിറ്റികള്‍ കൂടി കൂട്ടിച്ചേര്‍ത്തു. ഇതോടെ ഒട്ടുമിക്ക ഔട്ട്‌പേഷ്യന്റ് സേവനങ്ങളും ഈ സേവനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്- ഡോ. അല്‍റുമൈഹി വിശദീകരിച്ചു. ജീവന് അപകടമില്ലാത്ത സാഹചര്യങ്ങളിലുള്ള രോഗികള്‍ക്ക് സ്‌പെഷ്യലിസ്റ്റ് ഡോക്ടറുമായി ടെലിഫോണില്‍ സംസാരിക്കാനാകും. രോഗികള്‍ 16000 എന്ന നമ്പരിലേക്ക് ഡയല്‍ ചെയ്യുമ്പോള്‍ കോള്‍ എച്ച്എംസി കോര്‍ഡിനേറ്ററിലേക്ക് നയിക്കപ്പെടും.
അദ്ദേഹം കേസ് പരിശോധിച്ചശേഷം സ്‌പെഷ്യലിസ്റ്റ് ഡോക്ടറിനു കൈമാറും. യൂറോളജി, കാര്‍ഡിയോളജി, ഓര്‍ത്തോപീഡിക്, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഡെര്‍മറ്റോളജി, ഇഎന്‍ടി, ഒബിജിവൈഎന്‍, ഡെന്റല്‍, പീഡിയാട്രിക്‌സ്, പെയിന്‍ മാനേജ്‌മെന്റ്, ഹെമറ്റോളജി, ഓങ്കോളജി ഉള്‍പ്പടെയുള്ള വിഭാഗങ്ങളില്‍ ഈ സേവനം ലഭിക്കും. സ്‌പെഷ്യലിസ്റ്റുകള്‍ക്ക് ആവശ്യമെങ്കില്‍ അപ്പോയിന്‍മെന്റുകള്‍ പരിശോധിക്കാനും ബുക്ക് ചെയ്യുന്നതിനോ റീബുക്ക് ചെയ്യുന്നതിനോ സാധിക്കും. രോഗികള്‍ക്ക് മരുന്നുകള്‍ ഖത്തരികള്‍ക്കും പ്രവാസികള്‍ക്കും സൗജന്യമായി എത്തിക്കുന്നതിന് എച്ച്എംസിക്ക് ക്യു-പോസ്റ്റുമായി കരാറുണ്ട്. ഹെല്‍ത്ത് കാര്‍ഡ് ഉണ്ടെങ്കില്‍ അടിയന്തിര കണ്‍സള്‍ട്ടേഷന്‍ സേവനം സൗജന്യമാണെന്നും ഡോ. അല്‍റുമൈഹി പറഞ്ഞു.