
ദോഹ: ഖത്തര്‍ നാഷണല്‍ ലൈബ്രറി സ്‌കൂളുകള്‍ക്കായി വിര്‍ച്വല്‍ സന്ദര്‍ശനങ്ങള്‍ സംഘടിപ്പിക്കുന്നു. വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് പുതിയ സംരംഭത്തിന് തുടക്കംകുറിക്കുന്നത്. പുതിയ സേവനത്തിലൂടെ വിദ്യാര്‍ഥികള്‍ക്ക് ലൈബ്രറിയുടെ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഓണ്‍ലൈന്‍ സ്രോതസ്സുകളെക്കുറിച്ചും അറിയാന്‍ സാധിക്കും. ലൈബ്രറി വെബ്‌സൈറ്റില്‍ ലഭ്യമായ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനത്തിലൂടെ മാത്രമേ സ്‌കൂള്‍ സന്ദര്‍ശനത്തിന് അപേക്ഷിക്കാനാകൂ. മൈക്രോസോഫ്റ്റ് ടീംസ് മുഖേനയായിരിക്കും വിര്‍ച്വല്‍ സ്‌കൂള്‍ സന്ദര്‍ശനങ്ങള്‍ ക്രമീകരിക്കുക. ഓരോ സ്‌കൂളിനും പ്രതിമാസം പ്രൈമറി അല്ലെങ്കില്‍ സെക്കന്ററി തലത്തില്‍ ഒരു സ്ലോട്ട് രജിസ്റ്റര്‍ ചെയ്യാം. ഖത്തറിലുടനീളമുള്ള മറ്റു സ്‌കൂളുകള്‍ക്കും സന്ദര്‍ശനം ബുക്ക് ചെയ്യുന്നതിനും സ്ാധിക്കും. ഓരോ സ്ലോട്ടിലും പരമാവധി മുപ്പത് വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളാന്‍ കഴിയും. ഓണ്‍ലൈന്‍ ബുക്കിങ് വിജയകരമായി പൂര്‍ത്തീകരിച്ചുകഴിഞ്ഞാല്‍ സ്‌കൂളിന് ഓട്ടോമാറ്റിക്കായി സ്ഥിരീകരണ ഇമെയില്‍ ലഭിക്കും. ബുക്ക് ചെയ്ത തീയതിക്കും സമയത്തിനും മുമ്പായി ബന്ധപ്പെട്ട സ്ലോട്ടിലെ ലൈബ്രേറിയന്‍ മുഖേന വിര്‍ച്വല്‍ സ്‌കൂള്‍ സന്ദര്‍ശനത്തിനായുള്ള ലിങ്ക് സ്‌കൂളിന് ലഭിക്കും. വിര്‍ച്വല്‍ ടൂര്‍ സമയത്ത് വിദ്യാര്‍ഥികള്‍ക്ക് കഥപറച്ചിലും മറ്റു പ്രവര്‍ത്തനങ്ങളും ആസ്വദിക്കാനാകും. എല്ലാ തിങ്കളാഴ്ചകളിലും ബുധനാഴ്ചകളിലും പ്രാഥമിക തലങ്ങള്‍ക്കായും ഞായറാഴ്ചകളിലും ചൊവ്വാഴ്ചകളിലും സെക്കന്ററി തലങ്ങള്‍ക്കുമായും നീക്കിവെച്ചിട്ടുണ്ട്.
ബുക്കിങ് റദ്ദാക്കപ്പെടുന്ന ഘട്ടത്തില്‍ അക്കാര്യം ലൈബ്രറി ജീവനക്കാര്‍ സ്‌കൂളിനെയോ സ്‌കൂള്‍ പ്രതിനിധിയെയോ അറിയിക്കുകയും ചെയ്യും. കുട്ടികളുടെ ലൈബ്രറിയും യുവജനങ്ങള്‍ക്കായുള്ള മേഖലയും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ സേവനത്തിന് തുടക്കമായിരിക്കുന്നത്.
ഖത്തര്‍ നാഷണല്‍ ലൈബ്രറിയുടെ പ്രവര്‍ത്തനസമയം നേരത്തെതന്നെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ ഭാഗമായാണ് പ്രവര്‍ത്തനസമയം നീട്ടിയത്. മൂന്നു സമയ സ്ലോട്ടുകളിലായാണ് സന്ദര്‍ശകരെ സ്വീകരിക്കുമെന്ന് ലൈബ്രറി അധികൃതര്‍ അറിയിച്ചു. മുന്‍കൂര്‍ അപ്പോയിന്‍മെന്റ് എടുക്കുന്നവര്‍ക്കുമാത്രമായിരിക്കും ലൈബ്രറിയില്‍ പ്രവേശനം. രാവിലെ എട്ടു മുതല്‍ പത്തുവരെ, രാവിലെ പത്തര മുതല്‍ ഉച്ചക്ക് രണ്ടര വരെ, ഉച്ചക്കുശേഷം മൂന്നര മുതല്‍ ഏഴര വരെയുമുള്ള മൂന്നു സമയ സ്ലോട്ടുകളിലായി 200 വീതം പേര്‍ക്കായിരിക്കും പ്രവേശനം. പുസ്തകങ്ങള്‍ എടുക്കുന്നതിനും നിയന്ത്രണങ്ങളുണ്ട്. ലൈബ്രറി സന്ദര്‍ശനത്തിനായി ബുക്ക് ചെയ്ത സമയ സ്ലോട്ടിന് കുറഞ്ഞത് 2 പ്രവൃത്തി ദിവസം മുന്‍പെങ്കിലും പുസ്തകത്തിനായി അപേക്ഷിക്കണം. ഈ പുസ്തകങ്ങളുടെ സെല്‍ഫ് ചെക്കൗട്ടിന് സന്ദര്‍ശകരുടെ ലൈബ്രറി ഐഡി ആവശ്യമാണ്. നിബന്ധനകള്‍ പാലിക്കുന്നവര്‍ക്കു മാത്രമെ ലൈബ്രറി കെട്ടിടത്തിലേക്ക് പ്രവേശനം അനുവദിക്കൂ.ഫോം മുഖേന സ്ലോട്ട് ബുക്കിങിന്റെ സ്ഥിരീകരണം ഉറപ്പാക്കണം. ഇഹ്‌തെറാസ് ആപ്പില്‍ പച്ചനിറമായിരിക്കണം. താപനില 37.8 ഡിഗ്രി സെല്‍ഷ്യല്‍സിലധികമാകരുത്. ഫെയ്‌സ് മാസ്‌ക്ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം.