in

അല്‍ഖോറിലെ പര്‍പ്പിള്‍ ദ്വീപില്‍ സന്ദര്‍ശകത്തിരക്കേറുന്നു

ദോഹ: രാജ്യത്ത് കാലാവസ്ഥ സുഖകരമായതോടെ പര്‍പ്പിള്‍ ദ്വീപ് സന്ദര്‍ശിക്കാനെത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് കഴിഞ്ഞദിവസങ്ങളില്‍ നിരവധി പേരാണ് പര്‍പ്പിള്‍ ദ്വീപ് എന്നറിയപ്പെടുന്ന ജസീറാത് ബിന്‍ ഗാനിമിലെത്തിയത്. ഖത്തറില്‍ ഇത്തരത്തിലുള്ള ഒരേയൊരു ദ്വീപാണിത്. സന്ദര്‍ശകരെ ആകര്‍ഷിക്കുന്നവിധത്തില്‍ പ്രകൃതി ഭംഗി നിറഞ്ഞതും പരിസ്ഥിതി സൗഹൃദവുമാണ് ദ്വീപ്. മനോഹരമായ വിനോദസഞ്ചാര കേന്ദ്രമാണിതെന്ന് സന്ദര്‍ശകരും ചൂണ്ടിക്കാട്ടുന്നു. പ്രകൃതിദത്ത സസ്യങ്ങള്‍, ശുദ്ധമായ അന്തരീക്ഷം എന്നിവയാണ് ദ്വീപിനെ ശ്രദ്ധേയമാക്കുന്നത്. സന്ദര്‍ശകര്‍ക്ക് വളരെ വേഗത്തില്‍ ഇവിടേക്കെത്താമെന്നതും ദ്വീപിന്റെ ജനപ്രീതി വര്‍ധിപ്പിക്കുന്നു. ദോഹയില്‍നിന്നും 40 കിലോമീറ്റര്‍ മാറി വടക്കുകിഴക്കന്‍ തീരത്തായി അല്‍ഖോര്‍ മുനിസിപ്പാലിറ്റിയിലാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. വിപുലമായ ടൂര്‍ ക്യാമ്പയിന്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സ്വയം നിര്‍ണയിച്ച കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ദ്വീപ് സന്ദര്‍ശനമെന്ന് ദോഹയിലെ പ്രമുഖ ടൂര്‍ ഓപ്പറേറ്റര്‍ ഖത്തര്‍ ട്രിബ്യൂണിനോടു പ്രതികരിച്ചു. വ്യക്തിഗതമായി ദ്വീപ് സന്ദര്‍ശിക്കുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളും വിശദവിവരങ്ങളും കൈമാറാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1.67 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ ദ്വീപ് കണ്ടല്‍ക്കാടുകളാല്‍ സമ്പന്നമാണ്. വിവിധ ഇനം പക്ഷികളുടേയും അപൂര്‍വയിനം മല്‍സ്യങ്ങളുടേയും ആവാസകേന്ദ്രമാണിവിടം. പാരിസ്ഥിതികഭംഗി നിറഞ്ഞ ഈ പ്രദേശത്ത് ട്രക്കിങിനും ജലയാത്രയ്ക്കുമായി നിരവധിപേരാണ് എത്താറുള്ളത്. പ്രകൃതി മനോഹാരിത നിറഞ്ഞ ഈ പ്രദേശം കാഴ്ചകളുടെ അപൂര്‍വാനുഭവങ്ങളാണ് സമ്മാനിക്കുന്നത്. അപൂര്‍വജലപക്ഷികളുടെ കേന്ദ്രം കൂടിയാണിത്. അതേസമയം പ്രകൃതിഭംഗിക്ക് കോട്ടംചെയ്യുന്ന വിധത്തില്‍ യാതൊരു കാര്യങ്ങള്‍ക്കും അനുമതിയില്ല. വൈകുന്നേരങ്ങളില്‍ പക്ഷികളെ നിരീക്ഷിക്കാനുള്ള സൗകര്യമുണ്ട്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ വലിച്ചെടുക്കുന്നതില്‍ ഹരിത വനത്തേക്കാള്‍ പതിന്മടങ്ങ് ശേഷി കണ്ടല്‍കാടുകള്‍ക്കുണ്ട്. ഗള്‍ഫിലെ കനത്ത ചൂടിനുപോലും വലിയൊരളവോളം ശമനമുണ്ടാക്കുന്നത് മരുഭൂമികളിലെ പച്ചത്തുരുത്തുകളായ കണ്ടല്‍ക്കാടുകളാണ്. വലിയൊരു കാടിനേക്കാള്‍ അമൂല്യമാണ് ഇവയുടെ ജൈവ സമ്പത്ത്. വിവിധയിനം അപൂര്‍വ മത്സ്യങ്ങളുടെ ആവാസകേന്ദ്രമായ കണ്ടല്‍ക്കാടുകള്‍ക്ക് കോട്ടം വരാതിരിക്കാന്‍ സംരക്ഷിതകേന്ദ്രമായി സര്‍ക്കാര്‍ നിയമം മൂലം പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ടല്‍ക്കാടുകള്‍ക്ക് കീഴിലുള്ള വെള്ളം പലതരം മത്സ്യങ്ങളുടെ പ്രജനന സ്ഥലമാണ്. വിവിധതരം ദേശാടന പക്ഷികളുടെയും ഒച്ചുകളുടെയും അഭയകേന്ദ്രം കൂടിയാണ്. സൂര്യോദയ സമയത്ത് ദ്വീപ് സന്ദര്‍ശിക്കുന്നത് സവിശേഷ അനുഭവമാണ് നല്‍കുന്നതെന്നും സന്ദര്‍ശകര്‍ പറയുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അമീര്‍ കപ്പ് സെമിഫൈനല്‍ മത്സരങ്ങള്‍ 30, 31 തീയതികളില്‍

ഫിഫ ലോകകപ്പ്: സൈബര്‍ സുരക്ഷാ തയാറെടുപ്പുകളുമായി സുപ്രീംകമ്മിറ്റി