
ദോഹ: വൊഡാഫോണ്‍ ഖത്തര്‍ ആപ്പിള്‍ വാച്ച് സീരിസ് 6, ആപ്പിള്‍ വാച്ച് എസ്ഇ എന്നിവ വിപണിയില്‍ അവതരിപ്പിച്ചു. ആപ്പിള്‍ വാച്ച് സീരിസ് 6ന് 1599 റിയാല്‍ മുതലാണ് വില. ആപ്പിള്‍ വാച്ച് എസ്ഇക്ക് 1149 റിയാല്‍ മുതലാണ് വില നിശ്ചയിച്ചിരിക്കുന്നത്. വൊഡാഫോണ്‍ ഖത്തറിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും വില്ലാജിയോ, ലാന്‍ഡ്മാര്‍ക്ക് മാളുകളിലെ വൊഡാഫോണ്‍ സ്റ്റോറുകള്‍ മുഖേനയും വാച്ചുകള്‍ സ്വന്തമാക്കാം. ഇതോടനുബന്ധിച്ച് വൊഡാഫോണ്‍ ഖത്തര്‍ ഉപഭോക്താക്കള്‍ക്കായി ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആറു മാസത്തേക്ക് സൗജന്യ സബ്സ്ക്രിപ്ഷന് അനുവദിക്കും. സാധാരണ പ്രതിമാസം 30 റിയാല്‍ ചെലവാകുന്ന സേവനമാണ് ആറുമാസത്തേക്ക് സൗജന്യമായി ലഭ്യമാക്കുന്നത്. എല്ലാ വൊഡാഫോണ്‍ പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്കും തങ്ങളുടെ ആപ്പിള്‍ വാച്ച് സീരിസ് 6, എസ്ഇ സെല്ലുലാര്‍ മോഡലുകള്‍ ഐ ഫോണിലേക്ക് ജോഡിയാക്കുന്നതിലൂടെ ആറുമാസത്തേക്ക് ഈ ആനുകൂല്യം ആസ്വദിക്കാനാകും. ഇതിനുപുറമെ മൂന്നുമാസത്തേക്ക് ആപ്പിള്‍ മ്യൂസിക്കിലേക്ക് സൗജന്യ ട്രയല്‍ സബ്സ്ക്രിപ്ഷനും ലഭിക്കും. 60 ദശലക്ഷത്തിലധികം ഗാനങ്ങള്‍ ആസ്വദിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് അവരുടെ പഴയ ആപ്പിള്‍ വാച്ചുകള്‍ വ്യാപാരം ചെയ്യുന്നതിനും വൊഡാഫോണ്‍ ഖത്തര്‍ അവസരമൊരുക്കുന്നുണ്ട്.