in ,

കോവിഡ് പ്രതിരോധം: വര്‍ക് അറ്റ് ഹോം നടപടിയുമായി വൊഡാഫോണ്‍ ഖത്തര്‍

ദോഹ: നോവല്‍ കൊറോണ വൈറസ്(കോവിഡ്-19) വ്യാപനം കുറക്കുന്നതിനും ജീവനക്കാരുടെയും സമൂഹത്തിന്റെയും ആരോഗ്യവും ക്ഷേമവും സംരക്ഷിക്കുന്നതിനും ബിസിനസ് പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച ഇറപ്പാക്കുന്നതിനും നിരവധി നടപടികള്‍ സ്വീകരിച്ചതായി വൊഡാഫോണ്‍ ഖത്തര്‍. ബിസിനസ് തുടര്‍ച്ചാ പദ്ധതികള്‍ സജീവമാക്കിയിട്ടുണ്ട്. ജീവനക്കാരെ വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ അനുവദിച്ചിട്ടുണ്ട്. റീട്ടെയില്‍ സ്‌റ്റോറുകളില്‍ പരിമിതമായ ജീവനക്കാരെ മാത്രമാണ് നിയോഗിച്ചിരിക്കുന്നത്. സാമൂഹിക അകലം പാലിക്കുന്നതിനും ജനക്കൂട്ടം ഒഴിവാക്കുന്നതിനുമുള്ള ഖത്തര്‍ സര്‍ക്കാരിന്റെയും ലോകാരോഗ്യസംഘടനയുടെയും ഉപേദശം പാലിക്കുന്നതിന്റെ ഭാഗമായാണ് ഈ നിയന്ത്രണങ്ങള്‍.
ഉപഭോക്താക്കളുടെയും മറ്റുള്ളവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വെബ്സൈറ്റും മൈ വോഡഫോണ്‍ ആപ്പും ഉള്‍പ്പെടെ 24/7 ആക്സസ് ചെയ്യാവുന്ന കമ്പനിയുടെ ഡിജിറ്റല്‍ ചാനലുകള്‍ ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു.
പേയ്‌മെന്റ്, റീചാര്‍ജ് ഉള്‍പ്പടെയുള്ള സേവനങ്ങള്‍ക്കായി റീട്ടെയില്‍ സ്റ്റോറുകളില്‍ പോകുന്നതിനു പകരം ഡിജിറ്റലായി നിര്‍വഹിക്കാനാണ് നിര്‍ദേശം. രാജ്യത്തെ കമ്പനികള്‍ ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാനും വിദൂരമായി പ്രവര്‍ത്തിക്കുന്നതിനും അനുമതി നല്‍കിയ സാഹചര്യത്തില്‍ ഏതു ആവശ്യവും നിറവേറ്റാന്‍ പര്യാപ്തമായ വിധത്തില്‍ വൊഡാഫോണ്‍ നെറ്റ്‌വര്‍ക്കിലെ ഡാറ്റാ ഉപയോഗം സൂക്ഷ്മമായി നിരീക്ഷിക്കുന്നു. ആവശ്യമെങ്കില്‍ നിര്‍ണായകതലത്തില്‍ സ്ഥാപനങ്ങള്‍ക്കായി നെറ്റ്‌വര്‍ക്കിന്റെ ശേഷി വികസിപ്പിക്കാന്‍ വൊഡാഫോണ്‍ ഖത്തര്‍ സജ്ജമാണ്.
നെറ്റ്‌വര്‍ക്ക് ഉറവിടങ്ങള്‍ ആവശ്യാനുസരണം ക്രമീകരിക്കുകയും ചെയ്യും. ഉപഭോക്താക്കളുടെയും ബിസിനസ് പ്രവര്‍ത്തനങ്ങളുടെയും വിദൂര ജോലി ആവശ്യങ്ങളെ നിറവേറ്റുന്നതിനും പിന്തുണക്കുന്നതിനും വൊഡാഫോണ്‍ എല്ലാ ക്രമീകരണങ്ങളും ലഭ്യമാക്കും. പരിധിയില്ലാത്ത പ്രാദേശിക ഡാറ്റ, കോള്‍പ്ലാനുകള്‍, മൊബൈല്‍ വൈഫൈ ഡിവൈസുകള്‍ എന്നിവയുള്‍പ്പടെയുള്ള സേവനങ്ങളും ഉത്പന്നങ്ങളും സൗജന്യമായി ലഭ്യമാക്കും.
കമ്പനിയുടെ വെബ്‌സൈറ്റില്‍ ഉപയോക്താക്കള്‍ക്ക് ഈ സേവനം അഭ്യര്‍ഥിക്കാം. കമ്പനി എന്ന നിലയില്‍ ജീവനക്കാരെ സംരക്ഷിക്കുന്നതിനൊപ്പം വൈറസിനെ നേരിടാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ പിന്തുണക്കുന്നതിന് സജീവമായ നടപടികള്‍ കൈക്കൊള്ളേണ്ടത് ഉത്തരവാദിത്വമാണെന്ന് വൊഡാഫോണ്‍ ഖത്തര്‍ സിഇഒ ശൈഖ് ഹമദ് അബ്ദുല്ല അല്‍താനി ചൂണ്ടിക്കാട്ടി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഹാഷിഷ് കടത്താനുള്ള ശ്രമം തടഞ്ഞു

വാഹനങ്ങളെ സാങ്കേതിക പരിശോധനയില്‍ നിന്ന് ഒഴിവാക്കുന്നു