
ദോഹ: ഉള്ളടക്കത്തെക്കുറിച്ച് ഉറപ്പില്ലാതെ മറ്റുള്ളവരുടെ ഏതെങ്കിലും വസ്തുക്കള്‍ കൊണ്ടുപോകരുതെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ മയക്കുമരുന്ന് നിര്‍വ്വഹണ ജനറല്‍ ഡയറക്ടറേറ്റിന്റെ അന്താരാഷ്ട്ര പഠനകാര്യ വകുപ്പ് മുന്നറിയിപ്പ് നല്കി. ഖത്തറിലേക്ക് കൊണ്ടുവരുന്നതിന് വിലക്കുള്ള ഏതെങ്കിലും വസ്തുക്കള്‍ ആരുടെയെങ്കിലും പക്കലുണ്ടെങ്കില്‍ അവര്‍ക്കായിരിക്കും അതിന്റെ പൂര്‍ണ്ണ ക്രിമിനല്‍ ഉത്തരവാദിത്വമെന്നും വകുപ്പ് അറിയിച്ചു. നിയമ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ മറ്റുള്ളവരുടെ വസ്തുക്കള്‍ കൊണ്ടുവരുമ്പോള്‍ ഉള്ളിലെന്താണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും നിര്‍ദേശിച്ചു. മയക്കുമരുന്ന് പ്രതിരോധവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച വെബിനാറിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഡ്രഗ് എന്‍ഫോഴ്സ്മെന്റ് ജനറല്‍ ഡയറക്ടറേറ്റിന്റെ സഹകരണത്തോടെ പബ്ലിക് റിലേഷന്‍ വകുപ്പാണ് ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചത്. സൂം വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു സെമിനാര്‍. നിരോധിത മയക്കുമരുന്നുകളുടെ ഉത്പാദനം, വില്‍പ്പന, ഇറക്കുമതി, കടത്ത് എന്നിവക്കെതിരെയുള്ള ശിക്ഷാ നടപടികള്‍, ബാഗിനുള്ളിലെന്താണെന്ന് മനസിലാക്കാതെ മറ്റുള്ളവരുടെ സാധനങ്ങള്‍ കൊണ്ടുവരുന്നതിലെ അപകട സാധ്യതകള്‍ എന്നിവയുള്‍പ്പടെയുള്ള സുപ്രധാന വിഷയങ്ങള്‍ ഇതില്‍ ചര്‍ച്ചയായി. യാത്ര പുറപ്പെടുന്ന രാജ്യത്ത് അനുവദനീയമായ ചില മയക്കുമരുന്നുകളും മരുന്നുകളും ഖത്തറില്‍ നിരോധിക്കപ്പെട്ടതായിരിക്കാം. അതുകൊണ്ടുതന്നെ അക്കാര്യങ്ങളെ സംബന്ധിച്ച് പൂര്‍ണബോധ്യം യാത്രക്കാരനുണ്ടായിരിക്കണം. സംശയാസ്പദമായ വസ്തുക്കളോ മരുന്നുകളോ രാജ്യത്തേക്ക് കൊണ്ടുവരുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
വെബിനാറില്‍ വകുപ്പിലെ മാധ്യമ- ബോധവത്കരണ വിഭാഗം പ്രതിനിധി ലെഫ്റ്റനന്റ് അബ്ദുല്ല കാസിം കാര്യങ്ങള്‍ വിശദീകരിച്ചു.കുടുംബവുമായി വേര്‍പിരിഞ്ഞവര്‍, ജോലിയും പഠനവുമായും ബന്ധപ്പെട്ട പ്രശ്നങ്ങളുള്ളവര്‍, വിഷാദരോഗം ഉള്ളവര്‍ തുടങ്ങിയവര്‍ മയക്കുമരുന്നിരകളാകാന് വലിയ സാധ്യതയാണുള്ളത്. ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധയും ജാഗ്രതയുമുണ്ടാകണമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.
അംഗീകൃത പ്രിസ്ക്രിപ്ഷന് ഇല്ലാതെ ഖത്തറില്‍ നിരോധിച്ച മരുന്നുകളെ സംബന്ധിച്ചും വെബിനാറില്‍ ചര്‍ച്ച ചെയ്തു. കരയിലും കടലിലും മയക്കുമരുന്ന് കടത്ത് തടയുന്നതിനായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എന്‍ഫോഴ്സമെന്റ് നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു. കമ്പനികളിലെ ഭരണ നിര്‍വഹണം, ഹ്യൂമന്‍ റിസോഴ്സ് മാനേജര്‍മാര്‍, സര്‍ക്കാര്‍ റിലേഷന്‍സ് ഓഫിസര്‍മാര്‍, സര്‍ക്കാര്‍-സ്വകാര്യ കമ്പനികളിലെ പിആര്‍ഒമാര്‍, സ്ഥാപനങ്ങള്‍, സ്കൂളുകള്‍, പ്രവാസി സംഘടനാ പ്രതിനിധികള്‍ എന്നിവരാണ് പ്രധാനമായും സെമിനാറില്‍ പങ്കെടുത്തത്.