
ദോഹ: അര്‍ബുദ രോഗികള്‍ കോവിഡ് അണുബാധക്കുള്ള സാധ്യതകള്‍ പരിമിതപ്പെടുത്തുന്നതിന് കൂടുതല്‍ മുന്‍കരുതലുകളെടുക്കണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ ദേശീയ അര്‍ബുദ പരിചരണ ഗവേഷണ കേന്ദ്രം(എന്‍സിസിസിആര്‍) ആവശ്യപ്പെട്ടു. എല്ലാ റേഡിയോതെറാപ്പി രോഗികളെയും ഫലപ്രദമായും സുരക്ഷിതമായും ചികിത്സിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്രം വ്യക്തമാക്കി. നിലവിലെ കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ അര്‍ബുദ രോഗികള്‍ കൂടുതല്‍ മുന്‍കരുതലുകളെടുക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്ന് എന്‍സിസിസിആറിലെ റേഡിയേഷന്‍ ഓങ്കോളജി വിഭാഗം ചെയര്‍ ഡോ.നൂറ അല്‍ഹമ്മാദി പറഞ്ഞു.
രോഗികള്‍ക്ക് എല്ലാ റേഡിയോതെറാപ്പി, അര്‍ബുദ സേവനങ്ങളും സാധാരണയെന്ന പോലെ ലഭ്യമാക്കുന്നുണ്ട്. അനാവശ്യ കാലതാമസമില്ലാതെ എല്ലാവരേയും കാണുകയും ചികിത്സിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നുണ്ട്. ഇതിനായുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി എല്ലാ കേസുകളും ചര്‍ച്ച ചെയ്യുന്നതിനായി ഡോക്ടര്‍മാര്‍ അവരുടെ പ്രതിവാര മള്‍ട്ടിഡിസിപ്ലിനറി ട്യൂമര്‍ ബോര്‍ഡ് മീറ്റിങുകളില്‍ പങ്കെടുക്കുന്നു. രോഗികള്‍ക്ക് ഏറ്റവും മികച്ച ചികിത്സയും പരിചരണവും ലഭ്യമാക്കുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കുമില്ല. ഓരോ ദിവസവും എന്‍സിസിസിആറിലെ കാന്‍സര്‍ വിദഗ്ധര്‍ 60 ലധികം രോഗികള്‍ക്ക് റേഡിയോ തെറാപ്പി നല്‍കുന്നുണ്ട്. ഓരോ ആഴ്ചയും 300ലധികം രോഗികളാണ് സന്ദര്‍ശിക്കുന്നത്. എല്ലാവര്‍ക്കുംം മികച്ച ചികിത്സ ലഭ്യമാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അവര്‍ പറഞ്ഞു. എന്‍സിസിസിആറിലെ ടീമുകള്‍ നിലവിലെ സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും രോഗികളെയും ജീവനക്കാരെയും സംരക്ഷിക്കുന്നതിനായി അപകടസാധ്യതാ ലഘൂകരണ തന്ത്രങ്ങള്‍ നടപ്പാക്കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. കാലതാമസമോ സങ്കീര്‍ണതകളോ ഇല്ലാതെ നിശ്ചയിക്കപ്പെട്ട ചികിത്സകള്‍ പൂര്‍ത്തിയാക്കുകയെന്നതാണ് ലക്ഷ്യം.
ഓരോ രോഗികള്‍ക്കും സുരക്ഷിതവും ഫലപ്രദവും അനുകമ്പാപൂര്‍വവുമായ പരിചരണം എത്തിക്കുകയെന്ന എച്ച്എംസിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് റേഡിയേഷന്‍ ഓങ്കോളജി വകുപ്പ് പ്രവര്‍ത്തിക്കുന്നതെന്നും ഡോ.അല്‍ഹമ്മാദി ചൂണ്ടിക്കാട്ടി. അര്‍ബുദ രോഗികളില്‍ കോവിഡ് ബാധിച്ചാല്‍ സ്ഥിതി സങ്കീര്‍ണമായേക്കാം. ഈ സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതല്‍ പാലിക്കണം.
രോഗികളുമായി സമ്പര്‍ക്കം ഒഴിവാക്കാം. കൈ ശുചിത്വം, സാമൂഹിക അകലം തുടങ്ങിയ പ്രതിരോധനടപിടകള്‍ കര്‍ശനമായി പാലിക്കണമെന്നും എന്‍സിസിസിആര്‍ ആവശ്യപ്പെട്ടു.