
ദോഹ: കടുത്ത ചൂടില്‍ പക്ഷികള്‍ക്ക് ദാഹമകറ്റാന്‍ പ്രത്യേക സംവിധാനവുമായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം. രാജ്യത്തെ പൊതുപാര്‍ക്കുകളിലും പൊതു ഉദ്യാനങ്ങളിലും തുറസായ പ്രദേശങ്ങളിലും റോഡുകളുടെ വശങ്ങളിലുമെല്ലാം പക്ഷികള്‍ക്ക് ദാഹമകറ്റുന്നതിനായി പ്രത്യേക കണ്ടെയ്നറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. മരങ്ങളിലും മറ്റും ഇവ തൂക്കിയിട്ടിരിക്കുകയാണ്. പക്ഷികളെ ചൂടില്‍ നിന്നും സംരക്ഷിക്കുകയാണ് ഇത്തരമൊരു പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വെള്ളം തൂക്കിയിട്ടിരിക്കുന്ന സ്ഥലങ്ങള്‍ മന്ത്രാലയത്തിന്റെ പൂര്‍ണനിരീക്ഷണത്തിലായിരിക്കും. വാട്ടര്‍ കണ്ടെയ്നറുകളിലും സമീപസ്ഥലങ്ങളിലും ശുചിത്വം ഉറപ്പാക്കും. എല്ലാ ജീവജാലങ്ങളോടും കാരുണ്യവും ദയയും കാണിക്കണമെന്ന ഇസ്ലാമിക പാരമ്പര്യം പുനരുജ്ജീവിപ്പിക്കുകയാണ് ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ. പക്ഷികള്‍ക്ക് ദാഹമകറ്റുന്നതിനും വെള്ളം കുടിക്കുന്നതിനും അനുയോജ്യമായ വിധത്തിലാണ് കണ്ടെയ്നറുകള്‍ ഒരുക്കിയിരിക്കുന്നത്. പാര്‍ക്കുകളും പൂന്തോട്ടങ്ങളും ഹരിതസ്ഥലങ്ങളും വൈവിധ്യമാര്‍ന്ന പക്ഷികളുടെ ആവാസകേന്ദ്രമാണ്. കൂടാതെ എല്ലാവര്‍ഷവും ദേശാടനപക്ഷികളെയും ഇവിടേക്ക് ആകര്‍ഷിക്കുന്നുണ്ട്.