in

ഇപ്പോള്‍ നമുക്ക് രണ്ടേ രണ്ടു മതമേയുള്ളൂ; കോവിഡ് പോസിറ്റീവും കോവിഡ് നെഗറ്റീവും

ലേഖനം/തസ്‌നി മാളിയേക്കല്‍, ദോഹ

തസ്‌നി

നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ‘മലിനീകരണം’ എന്നൊരു പാഠം പഠിക്കാനുണ്ടായിരുന്നു. വായുവും മണ്ണും വെള്ളവും ഒക്കെ എങ്ങനെ മലിനപ്പെടുന്നു എന്നും മാരകമായ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും നമ്മളെ സംരക്ഷിക്കുന്ന ഓസോണ്‍ കൂടെയുണ്ടെന്നും അന്ന് പഠിച്ചിട്ടുണ്ട്. മലിനീകരണം കുറക്കാന്‍ എന്ത് ചെയ്യാനാകും എന്ന് അന്നത്തെ ഡി പി ഇ പി സിലബസ് പ്രൊജക്ടും ചെയ്യിപ്പിച്ചിട്ടുണ്ട്. രണ്ടര പതിറ്റാണ്ടിനുശേഷം ഇന്നും പൊല്യൂഷനും ഡിപ്ലീഷന്‍ ഓഫ് ഓസോണ്‍ അമ്പ്രല്ലയും നമ്മള്‍ പഠിപ്പിക്കുന്നു. റെമഡിയല്‍/ പ്രിവന്റീവ് മെഷര്‍സ്്ല്‍ അസൈന്‍മെന്റ്‌സും സെമിനാറുകളും കുട്ടികളെക്കൊണ്ട് ചെയ്യിക്കുന്നു. ഇതെല്ലാം പാഠപുസ്തകത്തില്‍ മാത്രം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു.
കൊറോണ നിഴലിട്ടപ്പോള്‍ ഗതിമാറി. കാലാവസ്ഥ മാറുന്നു, ആഗോളതാപനം കുറയുന്നു, ഗ്രീന്‍ഹൗസ് വാതകങ്ങള്‍ പതിയെ അന്തരീക്ഷത്തില്‍നിന്ന് അപ്രത്യക്ഷമാവുന്നു…

ദജ്ജാലിന്റെ വരവോ/ജൈവായുധമോ?

ഒരിക്കല്‍ നമ്മളെ പേടിച്ച് ഒളിച്ചിരുന്ന കാട്ടുമൃഗങ്ങള്‍ റോഡിലിറങ്ങി നമ്മോട് വിളിച്ചു പറയുന്നു.. ഈ ഭൂമി അവര്‍ക്ക് കൂടിയുള്ളതാണെന്ന്. കൊലപാതകങ്ങളില്ല, വാക്കുതര്‍ക്കങ്ങളോ അതിര്‍ത്തി തര്‍ക്കങ്ങളോ ഇല്ല, മദ്യപരില്ല, കോടതികളില്ല. സര്‍വ്വവും ശാന്തം. കേവലം കുറച്ചു ദിവസങ്ങള്‍ കൊണ്ടാണിങ്ങനെ. ആഴ്ചകളും മാസങ്ങളും ഇങ്ങനെതന്നെ കടന്നു പോയാല്‍ ഈ ഭൂമി ഒരു സ്വര്‍ഗ്ഗമാവാനിടയുണ്ട്. ഉരഗങ്ങളും പറവകളും വന്യമൃഗങ്ങളും മരങ്ങളും അവയില്‍ ഒരു കൂട്ടര്‍ മാത്രമായി മനുഷ്യരും ഐക്യത്തോടെ ജീവിക്കുന്ന സ്വര്‍ഗ്ഗം.
ഈ അവസ്ഥയില്‍നിന്നും പാഠം പഠിച്ചില്ലെങ്കില്‍ ഇനി നമ്മള്‍ പഠിക്കില്ല. അനാവശ്യമായ കറങ്ങലും ഷോപ്പിങ്ങും, ഫാസ്റ്റ് ഫുഡും ഒന്നുമില്ലെങ്കിലും ജീവിതം മനോഹരമാണ്. ഉടുക്കാനും കഴിക്കാനും ഉണ്ടെങ്കില്‍, താമസിക്കാന്‍ ഒരിടവും ശ്വസിക്കാന്‍ തെളിഞ്ഞ വായുവുമുണ്ടെങ്കില്‍ ജീവിതം പൂര്‍ണ്ണമാണ്. ഇതര ജീവി വര്‍ഗ്ഗത്തോട് ഇനിയെങ്കിലും നീതി പുലര്‍ത്തുക. അവരുടെ തുല്യത ഇനിയെങ്കിലും ഉറപ്പുവരുത്തുക. മനുഷ്യര്‍ ഏല്‍പ്പിച്ച മുറിവുകള്‍ സ്വയം ഉണക്കുകയാണ് നമ്മുടെ ഭൂമി.
കൊറോണയുടെ വെട്ടിനിരത്തലിനെ ദജ്ജാലിന്റെ വരവിനോടും ലോകാവസാനത്തോടും ബന്ധപ്പെടുത്തുന്നു ചിലര്‍. ഇത് ചൈനയുടെ ജൈവായുധമെന്നാണ് മറ്റു ചിലരുടെ പക്ഷം. സാമ്പത്തിക വ്യവസ്ഥ തകര്‍ന്നടിഞ്ഞുപോകുമെന്നു പ്രവചനങ്ങള്‍… എന്തു തന്നെയാണെങ്കിലും ഇതൊരു അവസാനമല്ല, ഒരു പുതിയ നാളെയുടെ തുടക്കമാണ്. അവസാന വൈറസും ചത്തൊടുങ്ങുകതന്നെ ചെയ്യും. അന്ന് കൊറോണ വീടുകളില്‍ അടച്ചിട്ട കോടിക്കണക്കിന് ആളുകള്‍ ബന്ധനത്തെ ഭേദിച്ച് പുറത്തുവരും. അന്നു നമ്മള്‍ കടമകളെക്കുറിച്ച് ബോധം ഇല്ലാത്ത, അവകാശങ്ങള്‍ക്കുവേണ്ടിപോരാടുന്നവരുടെ സമൂഹം ആയിരിക്കില്ല. മതേതര രാഷ്ട്രം എന്ന് വിളിച്ചു പറയുകയും മതത്തിന്റെ പേരില്‍ തമ്മില്‍ തല്ലുകയും ചെയ്യില്ല. അന്ന് കൊലപാതക രാഷ്ട്രീയം ഉണ്ടാവില്ല. ഇപ്പോള്‍ നമുക്ക് രണ്ടേ രണ്ടു മതമേയുള്ളൂ, കോവിഡ് പോസിറ്റീവും കോവിഡ് നെഗറ്റീവും.

മഹാമാരികള്‍ പഠിപ്പിക്കുന്നത്

വര: അസ്മിന ഉബൈദ്, ദോഹ

കൊറോണ വൈറസ് ഡീസീസ് 2019 എന്ന കോവിഡ് 19 ലോകത്തെയാകമാനം വിഴുങ്ങികൊണ്ടിരിക്കുന്ന ഭീതിദമായ ദിന രാത്രങ്ങളിലുടെയാണ് നാം ഇപ്പോള്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. മനുഷ്യ നിര്‍മ്മിതമായ അതിര്‍ത്തികളും, പരസ്പരം തീര്‍ത്ത അകലങ്ങളും ഒന്നും പകര്‍ച്ച വ്യാധികള്‍ക്ക് കടന്നു കയറുന്നതിന് ഒരു തടസ്സവുമല്ല എന്ന് ഈ നാളുകളില്‍ തിരിച്ചറിയുന്നുണ്ട്. ദിവസങ്ങള്‍ കൊണ്ട് കോടിക്കണക്കിന് മനുഷ്യരെ ഭൂമിയില്‍നിന്നും ഇല്ലാതാക്കിയ, ഒരു സംസ്‌കാരത്തിന്റെ അടിവേരുപോലും ഇളക്കിയ മഹാമാരികള്‍ ഇതിനു മുന്‍പും ലോകം കണ്ടിട്ടുണ്ട്. കോളറ, വസൂരി, മലേറിയ, കറുത്ത മരണം എന്നറിയപ്പെട്ടിരുന്ന പ്ലേഗ്, പല പല പേരുകളുള്ള ഫ്‌ളൂ തുടങ്ങിയവയെല്ലാം കൊറോണയുടെ മുന്‍ഗാമികളാണ്. അവയില്‍ പലതും അതിര്‍ത്തികള്‍ ലംഘിച്ച് കോടിക്കണക്കിനു മരണം കൊയ്തവയാണ്. ശാസ്ത്രം ഇത്രയൊന്നും പുരോഗമിച്ചിട്ടില്ലാത്ത ആ കാലത്തും മനുഷ്യര്‍ അതിനെയൊക്കെ അതിജീവിച്ചിട്ടുണ്ട്.
പിന്നിലേക്ക് നോക്കി, മുന്നോട്ട് നടക്കാന്‍ നമ്മെ പഠിപ്പിക്കുന്ന ഒരു വലിയ പാഠപുസ്തകമാണ് ചരിത്രം.

ദിനോസറുകള്‍

പലകോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു കാലത്ത് ഭൂമി വിറപ്പിച്ചിരുന്നവരാണ് ദിനോസറുകള്‍. ഇതര ജീവി വര്‍ഗങ്ങളെ കൊന്നൊടുക്കി സര്‍വ്വാധിപതിയായി വാണിരുന്നവര്‍. ഈ സുന്ദരഭൂമി പറവകള്‍ക്കും, സസ്യങ്ങള്‍ക്കും മൃഗങ്ങള്‍ക്കും എന്തിന് ഇപ്പോള്‍ നമ്മളെ ഇത്രമേല്‍ ഭയപ്പെടുത്തുന്ന കൊറോണ വൈറസിനുപോലും അവകാശപ്പെട്ടതാണ്. മറ്റു ജീവി വര്‍ഗ്ഗങ്ങളുടെ ആവാസവ്യവസ്ഥ ഉറപ്പു വരുത്തിയില്ലെങ്കില്‍ എത്ര വലിയ ദിനോസറായിരുന്നിട്ടും കാര്യമില്ല, സര്‍വ്വനാശം തന്നെ ഫലം. അതിനുള്ള വഴി പ്രകൃതി തന്നെ ഒരുക്കും. അങ്ങനെ വംശനാശം സംഭവിച്ച ആ ഉരഗവര്‍ഗ്ഗത്തെ നമുക്ക് നമ്മോട്തന്നെ ഉപമിച്ചുനോക്കാം.
കാട്ടു പഴങ്ങളും വന്യമൃഗങ്ങളുടെ പച്ചയിറച്ചിയും ഭക്ഷിച്ച് ഉടുതുണിപോലും ഇല്ലാതെ കാടുകളിലും ഗുഹകളിലും ജീവിച്ച ഒരു പൂര്‍വ്വകാലം നമുക്കുണ്ട്. തീ കണ്ടു പിടിച്ച് ഭക്ഷണം പാകം ചെയ്ത് കഴിക്കാന്‍ പിന്നീട് നമ്മള്‍ പഠിച്ചു. ‘ബുദ്ധിശക്തി’ ഒന്നുകൊണ്ടുമാത്രം എല്ലാം കീഴടക്കാം എന്നതായിരുന്നു മനുഷ്യമതം. കാള വണ്ടികളും, മരത്തൊലികളും ജീവികളുടെ തോലുകളും കൊണ്ടുള്ള ഉടുപ്പുകളും അന്നത്തെ നമ്മുടെ ആഡംബരങ്ങളായിരുന്നു. അവിടുന്നിങ്ങോട്ട് നമ്മുടെ യാത്രയുടെ വേഗം കൂടി.

ഫ്യൂച്ചറിസ്റ്റ് സ്വപ്‌നലോകത്ത്

റിക്ഷകളും, മോട്ടോര്‍ കാറുകളും, കല്‍ക്കരി തീവണ്ടിയും വിമാനവും കടന്ന് നമ്മള്‍ ഇഫ്‌പോള്‍ അതിവേഗ സൂപ്പര്‍സോണിക് ജറ്റുകളുടെയും റോക്കറ്റുകളുടെയും യുഗത്തിലാണ്.
ചുറ്റുമുള്ളതിനെയൊക്കെ വെട്ടിമാറ്റി സര്‍വ്വവും വെളുപ്പിച്ച് നമ്മള്‍ മുന്നേറി. സമയം ഇല്ലായിരുന്നു നമുക്ക് ഒന്നിനും. നമ്മളെപ്പോലും സ്‌നേഹിക്കാന്‍ നമ്മള്‍ മറുന്നുപോയിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എ ഐ), ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്‌സ്(ഐ ഒ എസ്), ഡാറ്റാ സയന്‍സ് തുടങ്ങിയ നൂതന സങ്കേതങ്ങളുടെ ഫ്യൂച്ചറിസ്റ്റ് സ്വപ്‌നലോകത്താണ് നമ്മള്‍ ഇപ്പോള്‍.
എതിരാളികളെ കൊന്നൊടുക്കാന്‍ വന്‍ ആയുധ ശേഖരം നമ്മള്‍ കരുതിവെച്ചിരുന്നു. സ്വന്തം ജീവനുവേണ്ടി ഒന്നും കരുതിവെച്ചില്ലായിരുന്നു എന്ന സത്യം നമ്മള്‍ ഇപ്പോഴാണ് തിരിച്ചറിഞ്ഞത്.

കുഞ്ഞന്‍ കൊറോണ പഠിപ്പിക്കുന്നത്

ലോക മഹായുദ്ധങ്ങളും വരള്‍ച്ചയും മഹാപ്രളയങ്ങളും മഹാമാരികളും പലതവണ കടന്നുപോയിട്ടും നമ്മള്‍ പഠിക്കാത്ത പലതും ഈ കുഞ്ഞന്‍ കൊറോണ നമ്മളെ പഠിപ്പിക്കുന്നു, കുഞ്ഞനാണെങ്കിലും ഭീകരനാണ് അവന്‍, കടന്നു കയറാന്‍ ഇനി അന്റാര്‍ട്ടിക്ക മാത്രമേയുള്ളൂ.
ലോകത്തിന്റെ തന്നെ വേഗം കുറച്ച്, അല്‍പ്പം മനുഷ്യര്‍ സമം ഒരു മെച്ചപ്പെട്ട നവലോകം എന്നതാണ് കൊറോണ നല്‍കുന്ന പാഠം. തെളിഞ്ഞ ആകാശവും ജലാശയങ്ങളും റോഡിലും നാട്ടിലും ഇറങ്ങി വിഹാരം നടത്തുന്ന മാനും മയിലും വെരുകും ഒക്കെ അത് ശരി വെക്കുന്നു.

കുളിര്‍മ്മയുള്ള കേരളാ കാഴ്ചകള്‍

നമ്മുടെ നാട്ടില്‍ നിന്നും കണ്ണിന് കുളിര്‍മയുള്ള കാഴ്ചകളുണ്ട്. പരസ്പരം തല്ലു പിടിക്കുകയും ചെളിവാരിയെറിയുകയും ചെയ്യുമെങ്കിലും ഒരു പ്രശ്‌നം വരുമ്പോള്‍ കരളുറപ്പോടെ ഒന്നിച്ചു നില്‍ക്കുന്ന നമ്മുടെ നാട്. ഇല്ലാത്തവന് വെച്ചുവിളമ്പി, ഉള്ളവന്‍ കാണിക്കുന്ന മനുഷ്യ സ്‌നേഹത്തിന്റെ അതിരുകളില്ലാത്ത ആഘോഷം. സാന്ത്വനത്തിന്റെയും കരുതലിന്റെയും ഉദാത്ത മാതൃകകള്‍.
ലോക ഭൂപടത്തില്‍ ഒരു കൊച്ചു പുഴുവിനോളം മാത്രം ഉള്ള നമ്മുടെ കേരളം, ഏത് ദുഷ്‌കര സാഹചര്യത്തിലും പ്രത്യാശ കൈവിടാതെ പൊരുതി നില്‍ക്കാന്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. നമ്മുടെ ആത്മവിശ്വാസത്തെ തടഞ്ഞുനിര്‍ത്താന്‍ ആര്‍ക്കാണ് കഴിയുക ? നമ്മള്‍ നേരിട്ടില്ലേല്‍ പിന്നെ ആരാണ്?
പ്രബുദ്ധകേരളവും മലയാളികളും തന്നെയായിരിക്കും ഈ കൊറോണ കാലത്തെ വിജയകരമായി ആദ്യം അതിജീവിക്കുക എന്നതില്‍ തെല്ലും സംശയമില്ല. ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ക്ക് അപ്പുറത്തേക്കു നോക്കി ധൈര്യപൂര്‍വ്വം, പൂര്‍വ്വാധികം ശക്തിയോടെ ഭാവിയെ നേരിടുക. അതാണ് നമ്മുടെ ശീലം. നമ്മള്‍ അതിജീവിക്കും. തീര്‍ച്ച!. വായനയും വ്യായാമവും പ്രാര്‍ത്ഥനയും തമാശയുമൊക്കെയായി മനസ്സും ഹൃദയവും സുഗമമായി വിടുക.
മഹാമാരിയെ തുരത്താന്‍ സ്വന്തം വഴിയില്‍ വിയര്‍പ്പിന്റെ ഉപ്പ് പുരട്ടി, കൈ മെയ് മറന്നു, ഉയിര് തന്നെ കൊടുക്കാന്‍ മടിയില്ലാതെ മുന്‍നിരയില്‍ പൊരുതുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റുള്ള എല്ലാവര്‍ക്കും ഹൃദയാഭിവാദ്യങ്ങള്‍.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

പത്തനംതിട്ട സ്വദേശികളുടെ മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോവും

ബഹ്‌റൈനില്‍ ജുമുഅ നിസ്‌കാരം ആരംഭിക്കുന്നു; ഇമാമും 5 പേരും മാത്രം