in ,

സായി ശ്വേതയും അഞ്ജുവും താരങ്ങളാവുമ്പോള്‍ ആഹ്‌ളാദത്തിന്റെ നെറുകയില്‍ ബഷീര്‍

അശ്‌റഫ് തൂണേരി/ദോഹ:

കുഞ്ഞുങ്ങള്‍ക്ക് പൂച്ചയുടെ കഥയും പാട്ടും ചൊല്ലിക്കേള്‍പ്പിച്ച് രണ്ടു അധ്യാപികമാര്‍ ലോക മലയാളികളുടെ അഭിമാന താരങ്ങളായപ്പോള്‍ ആഹ്‌ളാദത്തിന്റെ നെറുകെയില്‍ ഒരു ഖത്തര്‍ പ്രവാസി.
സംസ്ഥാന സര്‍ക്കാരിന്റെ വിക്ടേഴ്‌സ് ചാനലിലൂടെ ഒന്നാം തരം കുട്ടികള്‍ക്ക് ക്ലാസ്സെടുക്കുക വഴി അധ്യാപികമാരായ സായി ശ്വേതയും അജ്ഞു കിരണും മാധ്യമങ്ങളിലൂടെ ചര്‍ച്ചയാവുമ്പോള്‍ ഏറെ അഭിമാനം കൊള്ളുകയാണ് ഖത്തറിലെ ടീ ടൈം മാനേജിംഗ് പാര്‍ട്ണര്‍ പി വി ബഷീര്‍. ഇവര്‍ തൊഴിലെടുക്കുന്ന മുതുവടത്തൂര്‍ വി വി എല്‍ പി സ്‌കൂളിന്റെ മാനേജരാണ് ബഷീര്‍. സാധാരണ മാനേജര്‍ എന്ന പദവിക്കപ്പുറം ഒരു എയിഡഡ് ലോവര്‍ പ്രൈമറി സ്‌കൂളിനെ അന്താരാഷ്ട്രാ നിലവാരത്തിലേക്കുയര്‍ത്തിയ മാനേജരാണദ്ദേഹം.

പി വി ബഷീര്‍


ഒന്നാം ക്ലാസ്സിലെ ഓണ്‍ലൈന്‍ അധ്യയനമാരംഭിച്ച ആദ്യ ദിനത്തിലെ ക്ലാസ്സില്‍ പൂച്ചയെ പരിചയപ്പെടുത്തിയ വീഡിയോ ദൃശ്യങ്ങള്‍ വൈറലായതോടെ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഏറ്റെടുത്ത സായി ശ്വേതയും കൊച്ചുപൂച്ചയുടെ പാട്ടു പാടി ശ്രദ്ധേയയായ അഞ്ജു കിരണും നാട്ടില്‍ ‘വി ഐ പി’ പരിവേഷത്തിലാണിപ്പോള്‍.
തങ്ങളുടെ സ്‌കൂളിന്റെ അഭിമാനമാണ് ഇരുവരുമെന്നും നല്ല പരിശ്രമങ്ങള്‍ നടത്തുന്ന അധ്യാപികമാരാണെന്നും പി വി ബഷീര്‍ ‘ചന്ദ്രിക’ യോട് പറഞ്ഞു. പഠിപ്പിക്കുന്നതില്‍ മാത്രമല്ല പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഇവര്‍ സജീവമാണ്. കേരളത്തിലെ കുഞ്ഞുങ്ങള്‍ ഇവരുടെ ക്ലാസ്സുകള്‍ ഏറ്റെടുത്തതില്‍ ആഹ്‌ളാദമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
മുതുവടത്തൂര്‍ വി വി എല്‍ പി സ്‌കൂളിലെ അധ്യാപികമാരുടെ ക്ലാസ്സുകള്‍ എല്ലാവരും ഏറ്റെടുക്കുമ്പോള്‍ ഏറെ സന്തോഷമുണ്ടെന്നും മികവു കാണിച്ച അധ്യാപികമാരേയും സ്‌കൂളിനെ ഉന്നത നിലവാരത്തിലേക്കെത്തിച്ച മാനേജര്‍ പി വി ബഷീറിനേയും അഭിനന്ദിക്കുന്നുവെന്നും ഈ പ്രദേശത്തുകാരനായ ഖത്തര്‍ കെ എം സി സി കോഴിക്കോട് ജില്ലാ ട്രഷര്‍ പി എ തലായി വ്യക്തമാക്കി.

ഓണ്‍ ലൈന്‍ ക്ലാസ്സ് കേട്ട് കുട്ടികള്‍ കഥ മെനയുന്നു

സായി ശ്വേത ടീച്ചറുടെ ഓണ്‍ലൈന്‍ ക്ലാസ്സിലെ വിവിധ ഭാവങ്ങള്‍

തങ്കുപൂച്ചേ, മിട്ടുപൂച്ചേ…. സ്‌നേഹത്തോടെ വിളിച്ചുനോക്കിയേ… എന്ന ക്ലാസ്സ് സായി ശ്വേതയെ താരമാക്കിയപ്പോള്‍, കൊച്ചുപൂച്ച കുഞ്ഞിനൊരു കൊച്ചമളി പറ്റീ…. എന്ന ആംഗ്യപ്പാട്ടാണ് അഞ്ജു കൃഷ്ണയെ പ്രശസ്തയാക്കിയത്. സോഷ്യല്‍ മീഡിയയിലെ ട്രോളിനും ഇവര്‍ വിധേയരായെങ്കിലും അതും ഇവര്‍ക്ക് പ്രശസ്തി കൂട്ടുകയാണുണ്ടായത്. തന്റെ വിക്ടേഴ്‌സ് ചാനലിലെ ഓണ്‍ ലൈന്‍ ക്ലാസ്സ് കേട്ട് പൂച്ചയെ കുറിച്ച് ചിന്തിക്കാത്ത തരത്തിലുള്ള കഥകള്‍ വരെ കുട്ടികള്‍ മെനെഞ്ഞെടുക്കുന്നവരായി മാറിയെന്ന് സായി ശ്വേത വ്യക്തമാക്കി. വീണ്ടും വീണ്ടും ആ കഥ കേള്‍ക്കാന്‍ തന്റെ സ്‌കൂളിലെ കുഞ്ഞുങ്ങളടക്കം താത്പര്യം കാണിച്ചുവെന്നും അവര്‍ വിശദീകരിച്ചു.

സ്‌കൂള്‍ വീണ്ടും വാര്‍ത്തകളിലിടം നേടുന്നു; അധ്യാപികമാരിലൂടെ

മുതുവടത്തൂര്‍ വി വി എല്‍ പി സ്‌കൂള്‍

പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്ത എയര്‍ക്കണ്ടീഷനോടു കൂടിയ ക്ലാസ്സ് മുറികള്‍, ആധുനിക സൗകര്യമുള്ള പാചകപ്പുര, ഡൈനിംഗ് ഹാള്‍, ലിഫ്റ്റ് സൗകര്യം, പൂന്തോട്ടം, ടൈല്‍ പാകിയ മുറ്റം തുടങ്ങിയവ സംവിധാനങ്ങള്‍ സ്‌കൂളിലൊരുക്കിയത് മാനേജര്‍ പി വി ബഷീറിന്റെ നേതൃത്വത്തിലാണ്. കേരളത്തില്‍ ഇത്രയും സംവിധാനമുള്ള എയിഡഡ് സ്‌കൂള്‍ അപൂര്‍വ്വമാണ്. വടകര താലൂക്കിലെ, പുറമേരി പഞ്ചായത്തിലെ മുതുവടത്തൂര്‍ എന്ന ഗ്രാമത്തിലെ സാധാരണക്കാരായ കുട്ടികളുടെ ഈ പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രം അടിസ്ഥാന സൗകര്യ മികവില്‍ ഇതിനകം ശ്രദ്ധേ നേടിയെങ്കില്‍ ഇപ്പോള്‍ രണ്ട് അധ്യാപികമാരിലൂടെ വീണ്ടും വാര്‍ത്തകളിലിടം നേടുകയാണ്.

അഭിനന്ദന പ്രവാഹം

സായി ശ്വേതയും ഭര്‍ത്താവ് ദിലീപും

സായി ശ്വേതക്കും അഞ്ജു കൃഷ്ണക്കും സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് അഭിനന്ദനങ്ങള്‍ ലഭിച്ചുവരികയാണിപ്പോള്‍. സ്‌കൂള്‍ മാനേജ്‌മെന്റും സ്റ്റാഫും പി ടി എ ഭാരവാഹികളും അംഗങ്ങളും നാട്ടുകാരും മന്ത്രിമാരുള്‍പ്പെടെ അഭിനന്ദനമറിയിച്ചിട്ടുണ്ട്. വിവിധ ചാനല്‍ ചര്‍ച്ചകളിലും പത്രമാധ്യമങ്ങളിലും ഇരുവരും ഇടം നേടുകയുമുണ്ടായി. അധ്യാപകരുടെ വാട്‌സാപ് കൂട്ടായ്മയില്‍ ഇവര്‍ അവതരിപ്പിച്ച പാഠങ്ങള്‍ ശ്രദ്ധയില്‍പെട്ടതോടെയാണ് എന്‍ സി ആര്‍ ടി ഇരുവര്‍ക്കും വിക്ടേഴ്‌സ് ചാനലില്‍ ഓണ്‍ലൈന്‍ ക്ലാസ്സെടുക്കാന്‍ അവസരം നല്‍കിയത്.

അഞ്ജു കിരണ്‍

നര്‍ത്തകിയും ടിക് ടോകിലെ താരവുമായ സായി ശ്വേതയുടെ ഭര്‍ത്താവ് പുറമേരി, കുനിങ്ങാട് സ്വദേശി ഫോട്ടോഗ്രാഫറായ ദിലീപ് ദിലു സഊദിയിലെ കോബാറില്‍ ജോലി നോക്കുന്നു. തമിഴ്‌നാട് പോണ്ടിച്ചേരി കേന്ദ്രീയ വിദ്യാലയത്തിലെ പ്രധാനഅധ്യാപകനാണ് അഞ്ജുവിന്റെ ഭര്‍ത്താവ് കിരണ്‍ജിത്ത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഇന്നത്തെ (2020 ജൂണ്‍ 3) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…

‘വന്ദേഭാരത്’ സര്‍വ്വീസ് ജൂണ്‍ 9 മുതല്‍ വീണ്ടും; കേരളത്തിലേക്ക് 15