in ,

ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ദോഹയില്‍; ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ഡോ. ടെഡ്രോസ് അദാനോം ഗബ്രിയേസസ് ദോഹയില്‍ അഫ്ഗാന്‍ പൗരന്‍മാരെ സന്ദര്‍ശിക്കാനെത്തിയപ്പോള്‍

ദോഹ: ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ) ഡയറക്ടര്‍ ജനറല്‍ ഡോ.ടെഡ്രോസ് അദാനോം ഗബ്രിയേസസ് ആരോഗ്യമന്ത്രി ഡോ.ഹനാന്‍ മുഹമ്മദ് അല്‍കുവാരിയുമായി ചര്‍ച്ച നടത്തി. ഔദ്യോഗിക സന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയതായിരുന്നു അദ്ദേഹം. ഖത്തറും ലോകാരോഗ്യ സംഘടനയും തമ്മിലുള്ള സഹകരണവും ആരോഗ്യമേഖലയില്‍ ബന്ധം ശക്തിപ്പെടുത്തുന്നതുള്‍പ്പടയുള്ള വിഷയങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. അഫ്ഗാന്‍ ജനതയെ സഹായിക്കുന്നതില്‍ ഖത്തറും ഡബ്ല്യുഎച്ച്ഒയും തമ്മിലുള്ള സഹകരണവും വിലയിരുത്തി.അഫ്ഗാനിസ്താനിലേക്ക് മെഡിക്കല്‍ സാമഗ്രികളും ഉത്പന്നങ്ങളും എത്തിക്കുന്നതില്‍ ലോകാരോഗ്യ സംഘടനയുമായി ഖത്തര്‍ സഹകരിച്ചുപ്രവര്‍ത്തിക്കുന്നുണ്ട്. ഖത്തറിന്റെ പിന്തുണയെയും സഹായത്തെയും ഡോ. ടെഡ്രോസ് പ്രശംസിച്ചു. അഫ്ഗാനിസ്താനിലെ നിലവിലെ സാഹചര്യങ്ങള്‍ നേരിട്ടുകണ്ടു മനസിലാക്കുന്നതിനായി തനിക്ക് കാബൂള്‍ സന്ദര്‍ശനത്തിനായി ഖത്തര്‍ ഒരുക്കിയ ക്രമീകരണങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. സ്വദേശത്തെയും വിദേശത്തെയും അഫ്ഗാന്‍ ജനതയെ സഹായിക്കുന്നതിന് ലോകാരോഗ്യ സംഘടന ഖത്തറുമായും മറ്റു പങ്കാളികളുമായും തുടര്‍ന്നും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഫ്ഗാന്‍ അഭയാര്‍ഥികളെ ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ സന്ദര്‍ശിച്ചു

ദോഹ: ഖത്തറില്‍ കഴിയുന്ന അഫ്ഗാന്‍ സ്വദേശികളെ ലോകാരോഗ്യ സംഘടനയുടെ(ഡബ്ല്യുഎച്ച്ഒ) ഡയറക്ടര്‍ ജനറല്‍ഡോ.ടെഡ്രോസ് അദാനോം ഗബ്രിയേസസ് സന്ദര്‍ശിച്ചു. കാബൂളില്‍നിന്നും ഒഴിപ്പിച്ച് ഖത്തറിലെത്തിച്ച അഫ്ഗാനികള്‍ ഉള്‍പ്പടെയുള്ളവര്‍ ദോഹയില്‍ താല്‍ക്കാലിക താമസസൗകര്യങ്ങളിലാണ് കഴിയുന്നത്. സന്ദര്‍ശനവേളയില്‍ ആരോഗ്യമന്ത്രി ഡോ.ഹനാന്‍ മുഹമ്മദ് അല്‍കുവാരിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഒട്ടേറെ അഫ്ഗാന്‍ പൗരന്‍മാര്‍ക്കാണ് ഖത്തര്‍ ഇടക്കാല താമസസൗകര്യമൊരുക്കിയിരിക്കുന്നത്. ഈ കോമ്പൗണ്ടിലെ സൗകര്യങ്ങളും ക്രമീകരണങ്ങളും അദ്ദേഹം മനസിലാക്കി. താമസകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം, നടപടിക്രമങ്ങള്‍, ലഭ്യമാക്കുന്ന സേവനങ്ങള്‍, പരിചരണം എന്നിവയെക്കുറിച്ചെല്ലാം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. വിദ്യാഭ്യാസ, കായിക, വിനോദ, ആരോഗ്യ പരിചരണ സൗകര്യങ്ങളും മനസിലാക്കി.

ഇവിടെ താമസിക്കുന്ന ചില കുടുംബങ്ങളുമായും കുട്ടികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഒഴിപ്പിച്ചവരുടെ കൂട്ടത്തിലുള്ള മാധ്യമപ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, കലാകാരന്‍മാര്‍, അവരുടെ കുട്ടികള്‍ എന്നിവരെയും സന്ദര്‍ശിച്ചു. 2022 ഫിഫ ലോകകപ്പ് മുന്‍നിര്‍ത്തി നിര്‍മിച്ച കെട്ടിട സൗകര്യത്തിലാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്. അവരെ കാണാനായതായും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതില്‍ ഖത്തറിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും ഡോ. ടെഡ്രോസ് ട്വീറ്റ് ചെയ്തു. അഫ്ഗാന്‍ പൗരന്‍മാര്‍ക്ക് ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും മറ്റു സഹായങ്ങളും ലഭ്യമാക്കിയ പ്രാദേശിക, രാജ്യാന്തര കമ്യൂണിറ്റികളെ അദ്ദേഹം അഭിനന്ദിച്ചു. താമസസൗകര്യങ്ങളില്‍ മികച്ച ആരോഗ്യ പരിചരണം ഉറപ്പാക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ നിയോഗിച്ചിട്ടുണ്ട്.പ്രതിരോധ കുത്തിവയ്പ്പ്, മാനസികാരോഗ്യ പിന്തുണ, ശിശുരോഗ പരിചരണം, പ്രസവപരിചരണം, നവജാതശിശു സേവനങ്ങള്‍, മറ്റ് അവശ്യ പരിചരണം എന്നിവയെല്ലാം ലഭ്യമാക്കുന്നുണ്ട്. ആരോഗ്യപ്രവര്‍ത്തകരുടെ മികച്ച പരിശ്രമങ്ങള്‍ക്ക് അഗാധമായ നന്ദിയുണ്ടെന്നും ഡോ. ടെഡ്രോസ് അദാനോം ഗബ്രിയേസസ് പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കോര്‍ണീഷില്‍ പനയുടെ ആകൃതിയില്‍ ലൈറ്റിങ് തൂണുകള്‍ സ്ഥാപിച്ചുതുടങ്ങി

അമീര്‍ കപ്പ് ഫൈനല്‍ അടുത്തമാസം 22ന്; ടിക്കറ്റ് വില്‍പ്പന തുടങ്ങി