
ദോഹ: സെപ്തംബര്‍ 17ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് കയറാനുണ്ടാവുക ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രം മാറ്റിമറിച്ച മഹാന്മാരുടെ വന്‍പട. ഒരു മനുഷ്യന്‍ പറന്നുയരുമ്പോള്‍ കഴിഞ്ഞ 30 വര്‍ഷമായി ഖത്തറില്‍ അദ്ദേഹം കൊട്ടിയാടിയ മഹാന്മാരും കൂടെ പറക്കും. ചരിത്രവും ദേശസ്‌നേഹവുമോര്‍മിപ്പിച്ച് തന്നോടൊപ്പം മൂന്നുപതിറ്റാണ്ടുകള്‍ ചേര്‍ത്തു നിര്‍ത്തിയ വിവിധ വേഷങ്ങള്‍ മമ്മൂഞ്ഞിക്കു മാത്രം സ്വന്തം. ഖത്തര്‍ മലയാളികള്‍ക്കും കന്നഡിഗര്‍ക്കും പ്രിയപ്പെട്ട ‘വേഷംകെട്ടലുകാരന്‍’ ഇനി സ്വന്തം നാട്ടില്‍ ചമയങ്ങളണിയും.
മമ്മൂഞ്ഞിയെന്ന കാസര്‍ക്കോടുകാരന്‍ മുപ്പത് വര്‍ഷത്തിലധികമായി ഖത്തറിലെ പ്രവാസി സമൂഹത്തില്‍ രാഷ്ട്രീയ, കലാ, സാംസ്‌കാരിക മേഖലകളിലെ സജീവസാന്നിധ്യമാണ്. ദോഹയിലെ സാംസ്‌കാരിക വേദികളില്‍ പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത അദ്ദേഹം ആരോഗ്യപരമായ കാരണങ്ങളെ തുടര്‍ന്നാണ് ഖത്തര്‍ നീതിന്യായ മന്ത്രാലയത്തിലെ ലാന്‍ഡ് റവന്യൂ റജിസ്‌ട്രേഷന്‍ വിഭാഗത്തിലെ ജോലി മതിയാക്കി ഈ മാസം 17ന് നാട്ടിലേക്ക് മടങ്ങുന്നത്.
വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെട്ട് പ്രവാസികളുടെ ഇഷ്ടം നേടിയെടുക്കാന്‍ പ്രഛന്ന വേഷ കലാകാരനായ മമ്മൂഞ്ഞിക്കായിട്ടുണ്ട്.

മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, സുഭാഷ് ചന്ദ്രബോസ് തുടങ്ങി അബ്ദുല്‍ കലാമും ടിപ്പുല്‍ സുല്‍ത്താനും അംബേദ്ക്കറും ഉള്‍പ്പെടെയുള്ള പ്രഗത്ഭരായ നേതാക്കളും ഭരണാധികാരികളും മാത്രമല്ല മാവേലിയായും ശ്രീകൃഷ്ണനുമെല്ലാം മമ്മൂഞ്ഞി ജീവിച്ചു. ഇന്ത്യയുടെയും കേരളത്തിന്റേയും കര്‍ണാടകയുടെ പ്രധാന ദിവസങ്ങളില്‍ ആ ദിനങ്ങളിലെ പ്രധാനപ്പെട്ടവരായി മമ്മൂഞ്ഞി ആളുകളുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. ഖത്തര്‍ ദേശീയ ദിനത്തിലും കായിക ദിനത്തിലും ഖത്തറിന്റെ സ്‌നേഹക്കൂട്ടുകളെ തന്റെ വേഷങ്ങളോടു ചേര്‍ത്തുവെച്ചു. വ്യത്യസ്ത സംഘടനകള്‍ ആവശ്യങ്ങളറിയിച്ചപ്പോള്‍ അവര്‍ക്കാവശ്യമുള്ള രൂപങ്ങളില്‍ വേദികളിലെത്തി- അങ്ങനെ മമ്മൂഞ്ഞി പകരക്കാനില്ലാത്ത വേഷമായാണ് ഖത്തറില്‍ കഴിഞ്ഞ കാലങ്ങളിലത്രയും ജീവിച്ചത്.
നൂറിലധികം വേഷങ്ങളിലാണ് മമ്മൂഞ്ഞി ഇതിനോടകം അണിഞ്ഞൊരുങ്ങിയത്. വിപുലമായ സൗഹൃദ സമ്പത്തുമായാണ് അദ്ദേഹത്തിന്റെ മടക്കം.
കാസര്‍കോഡ് പച്ചമ്പളം സ്വദേശിയാണ് മുണ്ടിതടുക്ക അബ്ദുല്ല മമ്മൂഞ്ഞി. നന്നേ ചെറുപ്പത്തില്‍ തുടങ്ങിയ പ്രഛന്ന വേഷത്തോടുള്ള ആവേശം ഈ 60-ാം വയസിലും ഒട്ടും കുറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. നാട്ടില്‍ ഭാര്യ സുലേഖയ്ക്കും മക്കള്‍ക്കുമൊപ്പം വിശ്രമ ജീവിതമാണ് ലക്ഷ്യം. കാസര്‍കോട്ടെ കലാ- സാംസ്‌കാരിക വേദികളില്‍ വ്യത്യസ്തമായി പ്രത്യക്ഷപ്പെടാനുള്ള ആഗ്രഹവും അദ്ദേഹം മറച്ചുവെക്കുന്നില്ല. 2022ല്‍ ഖത്തര്‍ ലോകകപ്പിന് ആതിഥ്യമേകുന്നതിന് സാക്ഷ്യം വഹിക്കണമെന്ന ആഗ്രഹവും അദ്ദേഹത്തിനുണ്ട്. ഇന്ത്യന്‍ കമ്മ്യൂണിറ്റി പരിപാടികളിലും നിറസാന്നിധ്യമായിരുന്ന മമ്മൂഞ്ഞിക്ക് വിവിധ കലാസാംസ്‌കാരിക സംഘടനകള്‍ യാത്രയയപ്പ് നല്‍കിവരികയാണ്. ഖത്തര്‍ ഇന്‍കാസിന്റെ പരിപാടികളിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഇന്‍കാസിന്റെ സ്നേഹോപഹാരം പ്രസിഡന്റ് സമീര്‍ ഏറാമല മമ്മൂഞ്ഞിക്ക് സമ്മാനിച്ചു.