in

ഒന്‍പതാമത് ശൈത്യകാല കാര്‍ഷിക ചന്തകളുടെ പ്രവര്‍ത്തനം ഇന്ന് മുതല്‍

ദോഹ: ഒന്‍പതാമത് ശൈത്യകാല കാര്‍ഷിക ചന്തകള്‍ ഇന്നു മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ചു ചന്തകളാണ് സജ്ജമാക്കിയിരിക്കുന്നത്. ആദ്യഘട്ടങ്ങളില്‍ വാരാന്ത്യങ്ങളില്‍ മാത്രമാണ് പ്രവര്‍ത്തനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 150 പ്രാദേശിക ഫാമുകള്‍ ഇത്തവണ കാര്‍ഷിക ചന്തകളില്‍ പങ്കെടുക്കും. ഈ ഫാമുകളില്‍നിന്നുള്ള പ്രാദേശിക പഴം പച്ചക്കറികളായിരിക്കും ചന്തകളില്‍ വിപണനത്തിനായി സജ്ജമാക്കുക. അല്‍ശഹാനിയ, അല്‍മസ്‌റുഅ, അല്‍ഖോര്‍ അല്‍ദഖീറ, അല്‍ വഖ്‌റ, ശമാല്‍, എന്നിവിടങ്ങളിലാണ് ശൈത്യകാല കാര്‍ഷിക ചന്തകള്‍ സജ്ജമാക്കുന്നത്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ ഏഴു മുതല്‍ വൈകുന്നേരം നാലുവരെയായിരിക്കും ചന്തകളുടെ പ്രവര്‍ത്തനം. കഴിഞ്ഞ സീസണില്‍ 16,000 ടണ്ണിലധികം പ്രാദേശിക പച്ചക്കറികളുടെ വിപണനം ശൈത്യകാല കാര്‍ഷിക ചന്തകളിലൂടെ നടന്നതായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ കാര്‍ഷിക സേവന, മാര്‍ഗനിര്‍ദേശ വിഭാഗം മേധാവി അഹമ്മദ് സലീം അല്‍യഫായി പറഞ്ഞു. പ്രാദേശികമായി ഉത്പാദിപ്പിച്ച ഫ്രഷ് പച്ചക്കറികള്‍ മികച്ച വിലക്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളരി, തക്കാളി, വഴുതനങ്ങ, വിവിധതരം ഇലക്കറികള്‍, മത്തങ്ങ, മധുര മത്തങ്ങ, തണ്ണിമത്തങ്ങ എന്നിവയെല്ലാം ചന്തകളിലുണ്ടാകും. പ്രാദേശിക ഫാമുകളില്‍ നിന്നുള്ള ഈത്തപ്പഴങ്ങളും തേനും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡിന്റെ വ്യാപനം തടയുന്നതിനായി ചന്തകളില്‍ പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ശുചിത്വം കര്‍ശനമായി ഉറപ്പാക്കും. ഇഹ്‌തെറാസ് ആപ്പിലെ ആരോഗ്യനില പരിശോധിച്ചായിരിക്കും പ്രവേശനം. കര്‍ഷകകാര്യ വകുപ്പ് കര്‍ഷകര്‍ക്ക് പച്ചക്കറികളുടെ വിപണനത്തിനായി ബോക്‌സുകളും ചന്തകളിലെ സ്റ്റാളുകളും സൗജന്യമായ ലഭ്യമാക്കിയിട്ടുണ്ട്. ഇടനിലക്കാരില്ലാതെ ഉപഭോക്താക്കള്‍ക്ക് ഉത്പന്നങ്ങള്‍ നേരിട്ടുവില്‍ക്കാന്‍ അവസരമൊരുക്കുകയാണ് വകുപ്പ് ചെയ്യുന്നതെന്നും അല്‍യഫായി പറഞ്ഞു. രാജ്യത്തെ ഉത്പാദനക്ഷമമായ ഫാമുകള്‍ക്കും ഹരിതഗൃഹങ്ങള്‍ക്കുമായി ഹൈഡ്രോപോണിക്- പച്ചക്കറി വിത്തുകള്‍, രാസവളങ്ങള്‍, കീടനാശിനി എന്നിവ സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്.
ഈ സീസണില്‍ ഉത്പാദനം ത്വരിതപ്പെടുത്താന്‍ ഇതിലൂടെ സാധിക്കും. പ്രാദേശിക ഉത്പന്നങ്ങളുടെ വിപണനത്തിനായുള്ള ഏറ്റവും അനുയോജ്യമായ കേന്ദ്രമായി ശൈത്യകാല ചന്തകള്‍ മാറിയിട്ടുണ്ട്. പ്രാദേശിക ഫാമുകളില്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് മന്ത്രാലയം നടത്തുന്ന ശ്രമങ്ങളും ഫലം കാണുന്നുണ്ട്. പങ്കെടുക്കുന്ന ഫാമുകളുടെ എണ്ണത്തിലെ വര്‍ധനവ്, മികച്ച ഗുണനിലവാരമുള്ള വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ എന്നിവ കണക്കിലെടുത്താല്‍ പുതിയ സീസണില്‍ വില്‍പ്പനയില്‍ കാര്യമായ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്.
ജൈവ ഫാമുകള്‍ ഉള്‍പ്പെടെ കൂടുതല്‍ ഫാമുകള്‍ പങ്കാളികളാകും. എട്ടു മാസത്തിലധികം ഇത്തവണ ചന്തകള്‍ പ്രവര്‍ത്തിക്കും. എന്നാല്‍ ഉത്പന്നങ്ങളുടെ സുലഭതയും കാലാവസ്ഥയും അനുസരിച്ച്് കൂടുതല്‍ ദിവസം പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്. ശമാലിലുള്‍പ്പടെ സജീവമായ വില്‍പ്പന ഇത്തവണയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ ഇടനിലക്കാരുടെ ഇടപെടലില്ലാതെ നേരിട്ട് ഉപഭോക്താക്കള്‍ക്ക് വില്‍പ്പന നടത്തുന്നതിനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.
ശൈത്യകാല മാസങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ഫ്രഷ് ഉത്പന്നങ്ങള്‍ മിതമായി ലഭിക്കും. കഴിഞ്ഞസീസണുകളില്‍ പ്രാദേശികമായി ഉത്പാദിപ്പിച്ച മുഴുവന്‍ പച്ചക്കറികളും വിറ്റുപോയിരുന്നു. വിവിധ ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനായി പ്രത്യേക പ്രദര്‍ശനമേളകളും ഈ കാര്‍ഷിക ചന്തകളിലുണ്ടാകും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ദര്‍ബ് അല്‍സായിയില്‍ ഇത്തവണ ദേശീയദിനാഘോഷ പരിപാടികളുണ്ടാകില്ല

കോവിഡ് വാക്‌സിന്‍: ജനങ്ങളുടെ മനോഭാവം മനസിലാക്കാന്‍ പഠനസര്‍വേ