
ദോഹ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള മൂന്ന് ശൈത്യകാല കാര്‍ഷിക ചന്തകളുടെ പ്രവര്‍ത്തനം പുനരാരംഭിച്ചു. ഈദുല്‍ഫിത്വര്‍ ആഘോഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസങ്ങളില്‍ ഇവ അടച്ചിട്ടിരിക്കുകയായിരുന്നു. അല്മസ്റുഅ, അല്‍ഖോര്‍ അല്‍ദഖീറ, അല്‍വഖ്റ, ശമാല്‍, ഷഹാനിയ എന്നിവിടങ്ങളിലാണ് ശൈത്യകാല കാര്‍ഷിക ചന്തകളുള്ളത്.
ഇതില്‍ അല്മസ്റുഅ, അല്‍വഖ്റ, അല്‍ഖോര്‍ ദഖീറ ചന്തകളുടെ പ്രവര്‍ത്തനം ഇന്നലെ മുതല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ ഉച്ചക്ക് പന്ത്രണ്ട് വരെ പ്രവര്‍ത്തിക്കുമെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ ശൈത്യകാല കാര്‍ഷിക ചന്തകളുടെ ജനറല്‍ സൂപ്പര്‍വൈസര്‍ അബ്ദുല്റഹ്മാന് അല്‍സുലൈത്തി പറഞ്ഞു. ഈ മൂന്നു ചന്തകളും ഈദിന്റെ ആദ്യ മൂന്നു ദിവസങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നില്ല. അല്‍ഷഹാനിയ, അല്‍ശമാല്‍ മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനം റമദാനുശേഷം അവസാനിപ്പിച്ചിട്ടുണ്ട്.
ഈ രണ്ടു മാര്‍ക്കറ്റുകളും ഇനി വര്‍ഷാവസാനം പുതിയ ശൈത്യകാല സീസണിലായിരിക്കും തുറക്കുക. രാജ്യത്തെ വിവിധ പ്രാദേശിക ഫാമുകളില്‍നിന്നായി കൂടുതല്‍ ഫ്രഷ് കാര്‍ഷികോത്പന്നങ്ങള്‍ മൂന്നു ചന്തകളിലുമെത്തിച്ചിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും പാലിച്ചാണ് വില്‍പ്പന.
ഫാം ഉടമകളും തൊഴിലാളികളും മാസ്ക്ക് ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് അല്‍സുലൈത്തി പറഞ്ഞു. സന്ദര്‍ശകരെയും വ്യാപാരികളെയും അണുബാധയില്‍ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികളെടുക്കും. നിലവില്‍ ചന്തകളില്‍ നല്ല അളവിലും ന്യായമായ വിലയിലും ഫ്രഷ് പച്ചക്കറികലും ഇലക്കറികളും ലഭ്യമാക്കിയിട്ടുണ്ട്.
വെള്ളരി, തക്കാളി, വിവിധതരം വഴുതനങ്ങ, ഇലക്കറികള്‍, എഗ്പ്ലാന്റ്സ്, കാപ്സികം, വെള്ള സവാള, കോളിഫ്ളവര്‍, ബീറ്റ്റൂട്ട്, സെലറി(ഒരിനം പച്ചക്കറി), പാര്‍സ്ലെ (ഭക്ഷ്യയോഗ്യമായ ഒരിനംഇല), പുതിനയില, കാബേജ്, ചീര, കൂണ്, ഉള്ളി, തണ്ണിമത്തന്, മത്തങ്ങ തുടങ്ങിയവയെല്ലാം ചന്തകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. പ്രാദേശിക ഫാമുകള്‍ വര്‍ഷം മുഴുവന്‍ ഉത്പാദിപ്പിക്കുന്നതാണ് ഈ ഉത്പന്നങ്ങള്‍. ഈ സീസണില്‍ പച്ചക്കറി ഉത്പാദനത്തില്‍ ശ്രദ്ധേയമായ വളര്‍ച്ചയുണ്ടായിട്ടുണ്ടെന്ന് അല്‍സുലൈത്തി പറഞ്ഞു.
ഖത്തറിന്റെ കാര്‍ഷിക സീസണുകളിലെ ഏറ്റവും ബൃഹത്തായതും ദൈര്‍ഘ്യമേറിയതുമാണ് ഇത്തവണ. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ഉത്പാദനത്തില്‍ 30ശതമാനത്തിലധികം വര്‍ധനവുണ്ടായിട്ടുണ്ട്. പ്രാദേശിക ഫാമുകളില്‍ പച്ചക്കറികളുടെ വിളവെടുപ്പ് തുടങ്ങിയ നവംബര്‍ ആദ്യത്തില്‍തന്നെ ശൈത്യകാല കാര്‍ഷിക ചന്തകളുടെ പ്രവര്‍ത്തനം തുടങ്ങിയിരുന്നു.
ഫാമുകളിലെ ഉത്പാദനം അവസാനിക്കുന്നതുവരെ നിലവിലെ മൂന്നു വിപണികളും പ്രവര്‍ത്തിക്കുമെന്ന് അല്‍സുലൈത്തി പറഞ്ഞു. അല്‍വഖ്റയില്‍ ഫിഷ് ഔട്ട്ലെറ്റ് പ്രവര്‍ത്തിക്കും. മൂന്നു മാര്‍ക്കറ്റുകളിലും ഫ്രൂട്ട് ഷോപ്പുകളുമുണ്ടാകും.