in

ഇന്ത്യയുടെ ബെയര്‍ഫൂട്ട് കോളേജ് സോളാര്‍ വൈദ്യുതീകരണ പദ്ധതിക്ക് വൈസ് പുരസ്‌കാരം

ബെയര്‍ഫൂട്ട് കോളേജ് സോളാര്‍ വൈദ്യുതീകരണ പദ്ധതിയുടെ ഗുണഭോക്താക്കള്‍

ദോഹ: ഖത്തര്‍ ഫൗണ്ടേഷന്റെ വേള്‍ഡ് ഇന്നൊവേറ്റീവ് സമ്മിറ്റ് ഫോര്‍ എജ്യുക്കേഷന്‍ (വൈസ്) ഉച്ചകോടിയോടനുബന്ധിച്ച് നല്‍കുന്ന വിദ്യാഭ്യാസ പുരസ്‌കാരത്തിന് ബെയര്‍ഫൂട്ട് കോളേജ് സോളാര്‍ വൈദ്യുതീകരണ പദ്ധതി അര്‍ഹമായി.
ഇതുള്‍പ്പടെ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ പതിനഞ്ച് പദ്ധതികളില്‍ ആറെണ്ണത്തിനാണ് പുരസ്‌കാരം. മറ്റൊരു ഇന്ത്യന്‍ പദ്ധതിയായ പ്രഥാം ബുക്ക്‌സിന്റെ സ്റ്റോറിവീവര്‍(കഥാ നെയ്ത്തുകാര്‍) ചുരുക്കപ്പട്ടികയില്‍ ഇടംനേടിയിരുന്നുവെങ്കിലും അന്തിമ ഫലപ്രഖ്യാപനത്തില്‍ പുറത്തായി. തിങ്ക് ഈക്വല്‍, ജസ്റ്റീസ് ഡിഫന്റേഴ്‌സ് പദ്ധതി, പേരന്റിങ് ദി ഫ്യൂച്ചര്‍(പിടിഎഫ്), സ്റ്റാവിഷ ഇന്‍സ്ട്രക്ഷണല്‍ ലീഡര്‍ഷിപ്പ് ഇന്‍സ്റ്റിറ്റ്യൂട്ട്, എജ്യൂക്കേഷന്‍ ഫോര്‍ ഷെയറിങ്(ഇ4എസ്) എന്നിവയാണ് പുരസ്‌കാരത്തിന് അര്‍ഹമായ മറ്റു പദ്ധതികള്‍.
ഒക്ടോബര്‍ 28നു നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. ഓരോ പദ്ധതിക്കും 20,000 ഡോളര്‍ വീതം ലഭിക്കും. ബെയര്‍ഫൂട്ട് കോളേജ് നടപ്പാക്കുന്ന സോളാര്‍ വൈദ്യുതീകരണ പദ്ധതിയുടെ ആസ്ഥാനം രാജസ്ഥാനിലെ തിലോണിയ ഗ്രാമമാണ്. വിദ്യാഭ്യാസത്തെ സമ്പന്നമാക്കുന്നതിനൊപ്പം സോളാര്‍ വൈദ്യുതീകരണത്തിലൂടെ തൊഴില്‍ശാക്തീകരണവും ലക്ഷ്യമിടുന്നതാണ് പദ്ധതി. നിലവില്‍ വികസ്വര രാജ്യങ്ങളിലാണ് പദ്ധതി കേന്ദ്രീകരിക്കുന്നത്. 22ലക്ഷത്തിലധികം പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. സൗരോര്‍ജത്തിന്റെ വെളിച്ചത്തില്‍ തിലോണിയ ഗ്രാമത്തില്‍ സ്ത്രീസമൂഹത്തെ ശാക്തികരിക്കുന്നതില്‍ കോളേജ് നിര്‍ണായക പങ്ക് വഹിച്ചിച്ചിട്ടുണ്ട്. 1972ല്‍ സഞ്ജിത് ബങ്കര്‍ റായിയെന്ന സാമൂഹ്യപ്രവര്‍ത്തകനാണ് ബെയര്‍ഫൂട്ട് കമ്യൂണിറ്റി കോളേജിന് തുടക്കംകുറിച്ചത്. കോളേജ് ഈ പ്രദേശത്തിന്റെ മുഖച്ഛായ മാറ്റി. ജീവിതശുചിത്വവും അധ്വാനവും മഴവെള്ളസംഭരണവും മാലിന്യനിര്‍മാര്‍ജനവുമെല്ലാം ജനങ്ങളെ പഠിപ്പിച്ചു. തൊഴില്‍സമ്പാദന മാര്‍ഗങ്ങള്‍ വിപുലീകരിച്ചു.
ദരിദ്രകുടുംബങ്ങളില്‍ നിന്നായിരുന്നു പഠിതാക്കള്‍. സോളാര്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനാണ് പഠിപ്പിച്ചത്. പഠനം കഴിഞ്ഞിറങ്ങിയ സ്ത്രീകള്‍ പമ്പു നിര്‍മാണം, മേസ്തിരിപ്പണി ഉള്‍പ്പടെ വിവിധ തൊഴിലുകളിലേക്കിറങ്ങി. ദാരിദ്ര്യത്തിന്റെയും കൊടുംപട്ടിണിയുടെയും ഭൂതകാലത്തുനിന്നും രാജസ്ഥാനിലെ ഈ വിദൂരഗ്രാമം നടന്നുകയറിയത് സ്വയംപര്യാപ്തതയിലേക്ക്. സൗരോര്‍ജത്തിന്റെ വെളിച്ചത്തില്‍ ഒരു പ്രദേശത്തെ സ്ത്രീ സമൂഹത്തെ നിവര്‍ന്നുനില്‍ക്കാന്‍ പഠിപ്പിച്ചത് ഈ സ്ഥാപനമാണ്. അക്ഷരാഭ്യാസമില്ലാത്ത നിരവധിപേരാണ് സോളാര്‍ എന്‍ജിനിയര്‍മാരായി മാറി ജീവിതത്തിലെ വെല്ലുവിളികള്‍ നടന്നുകയറിയത്. വൈദ്യുതിയില്ലാതെ ഇരുട്ടിലായിരുന്ന വീടുകള്‍ ഇന്ന് ഇവിടത്തെ ഗ്രാമങ്ങളില്‍ അന്യം. അക്ഷരാഭ്യാസമില്ലാത്ത വീട്ടമ്മമാര്‍ നിര്‍മിച്ച സോളാര്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റിയയക്കുന്ന ഗ്രാമങ്ങള്‍ പിറന്നു. രാജ്യമെമ്പാടുമുള്ള തദ്ദേശസ്ഥാപനങ്ങളില്‍നിന്നു നിരവധിപേര്‍ ഈ മാതൃക പഠിക്കാനെത്തി. ഇന്ത്യയില്‍ നിന്നുള്ള താരാ അക്ഷര്‍ പദ്ധതിക്ക് നേരത്തെ വൈസ് പുരസ്‌കാരം ലഭിച്ചിരുന്നു. വൈസ് പുരസ്‌ക്കാരം 2012ല്‍ ഇന്ത്യക്കാരനായ മാധവ് ചവാനും ലഭിച്ചിരുന്നു. 2009 മുതലാണ് ഖത്തര്‍ ഫൗണ്ടേഷന്റെ കീഴില്‍ വൈസ് ഉച്ചകോടിക്ക് തുടക്കമിട്ടത്. ആഗോള വിദ്യാഭ്യാസ വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന നൂതന പദ്ധതികളെ എല്ലാ വര്‍ഷവും വൈസ് അവാര്‍ഡ് അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്നത്തെ (2020 ഒക്ടോബര്‍ 15) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…

കത്താറയില്‍ മൂന്നാമത് രാജ്യാന്തര കരകൗശല ഉത്പന്ന പ്രദര്‍ശനം തുടങ്ങി